തലശേരി: മദ്യപിച്ച് സ്വയം ബോധം നഷ്ടപ്പെട്ടു റോഡേതാണെന്ന് തിരിച്ചറിയാതെ റെയിൽവെ ട്രാക്കിലൂടെ കാറോടിച്ച യുവാവിനെ പൊലിസ് അറസ്റ്റു ചെയ്തു. കണ്ണൂർ സിറ്റി പൊലിസാണ് റെയിൽവെ സുരക്ഷാപ്രകാരം യുവാവിനെ അറസ്റ്റു ചെയ്തത്. അഞ്ചരക്കണ്ടി കുഴിമ്പിലോട് മെട്ട സ്വദേശിയായ ജയകൃഷ്ണനാണ് (49) അറസ്റ്റിലായത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ജൂലൈ 19 ന് രാത്രി പതിനൊന്നരയ്ക്കാണ് സംഭവം. നല്ലമഴ പെയ്യുന്ന സമയത്ത് കണ്ണൂർ സിറ്റിഭാഗത്തു നിന്നും കാറിൽ വരികയായിരുന്ന ജയകൃഷ്ണൻ താഴെചൊവ്വ തെഴുക്കിൽ പീടിക റെയിൽവെ ഗേറ്റിലെത്തിയപ്പോൾ റോഡാണെന്ന് കരുതി റെയിൽവെ ട്രാക്കിലേക്ക് തെന്നിമാറി വണ്ടി ഓടിക്കുകയായിരുന്നു. ഇതുകണ്ട റെയിൽവെഗേറ്റ് മാൻ കാർ നിർത്തുന്നതിനായി ആവശ്യപ്പെട്ടു ഉറക്കെ വിളിച്ചു കൊണ്ടു പിന്നാലെ ഓടിയെങ്കിലും കാർ മുൻപോട്ടു തന്നെപായുകയായിരുന്നു.

15 മീറ്റർ യാത്ര ചെയ്ത ശേഷം കാർ ട്രാക്കിൽ കുടുങ്ങുകയായിരുന്നു. ആളുകൾ കൂടിയതോടെ വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ യാത്രക്കാരൻ ശ്രമിക്കുകയും എന്നാൽ വണ്ടി അനങ്ങാതെ ട്രാക്കിൽ തന്നെ നിൽക്കുകയായിരുന്നു. ഈ സമയം ട്രെയിൻ കടന്നു പോകേണ്ടതിനാൽ പരിഭ്രാന്തിയുടെ നിമിഷങ്ങളാണുണ്ടായത്. റെയിൽവെ ഗേറ്റ്മാൻ വിവരമറിയിച്ചതിനെ തുടർന്ന് കണ്ണൂർ സിറ്റിപൊലിസും സ്ഥലത്തെത്തി. കാർ തുറന്ന് ജയകൃഷ്ണനെ പുറത്തുകൊണ്ടുവരാൻ കഴിയാത്തതിനെ തുടർന്ന് റെയിൽ വേ ഗേറ്റ് കീപ്പറും യാത്രക്കാരും പൊലിസും ചേർന്ന് വാഹനം ട്രാക്കിന് പുറത്തേക്ക് തള്ളി മാറ്റുകയായിരുന്നു. ഇതിനു ശേഷമാണ് ജയകൃഷ്ണനെ പുറത്തിറക്കിയത്.

കാർ ഡോർ ലോക്കായതിനാൽ ഇയാൾ വാഹനത്തിന്റെ അകത്തു കുടുങ്ങി പോവുകയായിരുന്നു. മദ്യത്തിന്റെ ലഹരിയിൽ വലിയ അപകടമുണ്ടാകേണ്ടിയിരുന്ന സംഭവത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്.ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിട്ടുണ്ട്. റെയിൽവെ പാലക്കാട് ഡിവിഷൻ അധികൃതർ സംഭവത്തെകുറിച്ചു അന്വേഷണമാരംഭിച്ചിട്ടുണ്ട്. വൻസുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

കണ്ണൂർ നഗരത്തിൽ നിന്നും ജില്ലാ ആശുപത്രി വഴി സിറ്റി മരക്കാർ കണ്ടി റോഡാണ് സ്പിന്നിങ് മില്ലിന് സമീപത്തുകൂടി താഴെ ചൊവ്വയിൽ വന്നുചേരുന്നത്. നൂറുകണക്കിന് വാഹനങ്ങൾ സാധാരണയായി ഇതിലൂടെ കടന്നുപോകുന്നതിനാൽ വൻഗതാഗതകുരുക്കും അനുഭവപ്പെടാറുണ്ട്. മദ്യപിച്ചുള്ള ഡ്രൈവിങായതിനാൽ പൊലിസ് പരിശോധനയിൽ നിന്നും രക്ഷപ്പെടുന്നതിനാണ് ഇയാൾ ഇതുവഴി വന്നതെന്നാണ് പൊലിസ് നൽകുന്ന പ്രാഥമിക വിവരം. തലനാരിഴയ്ക്കാണ് വൻദുരന്തമൊഴിവായതെന്ന് പ്രദേശവാസികളും ദൃക്സാക്ഷികളും പറഞ്ഞു. നേരത്തെ നിരവധി അപകടങ്ങൾ നടന്ന സ്ഥലങ്ങളിലൊന്നാണ് താഴെ ചൊവ്വ തെഴുക്കിൽ പീടിക റെയിൽവെഗേറ്റ്. നിരവധി പേർ ട്രെയിൻതട്ടി ഇവിടെ നിന്നും മരിച്ചിട്ടുണ്ട്.