- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനത്തിൽ വീണ്ടും യൂക്കാലി; മന്ത്രി ശശീന്ദ്രന്റെ തീരുമാനം വിവാദത്തിൽ
കൊല്ലം: വനനയപ്രകാരം അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങൾ പൂർണമായി ഒഴിവാക്കണമെന്നിരിക്കെ കേരള വനംവികസന കോർപ്പറേഷന്റെ പുതിയ നീക്കം വിവാദത്തിൽ. കാട്ടിനുള്ളിൽ യൂക്കാലി നടാൻ പണം ചെലവഴിക്കുന്ന കെ.എഫ്.ഡി.സി. അധിനിവേശ സസ്യങ്ങൾ നശിപ്പിക്കാനും വൻതുക ചെലവിട്ടുവെന്നാണ് റിപ്പോർട്ട്. കാട്ടിനുള്ളിൽ യൂക്കാലി നടുന്നതിന് അനുമതി നൽകിയ തീരുമാനത്തിൽ എതിർപ്പുമായി സിപിഐ രംഗത്തു വന്നിട്ടുണ്ട്. വനംവകുപ്പിന്റെ ഇരട്ടത്താപ്പുകളാണ് ഇതിലെല്ലാം നിറയുന്നത്. വീണ്ടും യൂക്കാലിത്തോട്ടങ്ങളുണ്ടാക്കാൻ വനംവകുപ്പ് അനുമതി നൽകിയത് ഇടതു നയത്തിന് വിരുദ്ധമാണെന്നാണ് സിപിഐയുടെ നിലപാട്. ഇക്കാര്യം ഇടതു മുന്നണിയോഗത്തെ അറിയിക്കുകയും ചെയ്യും.
വനനയം നിലവിൽ വരുന്നതിനു മുൻപു തന്നെ കേന്ദ്രസർക്കാർ അംഗീകരിച്ച, വനംവികസന കോർപ്പറേഷന്റെ വർക്കിങ് പ്ലാൻ പ്രകാരമാണ് യൂക്കാലി നടാൻ അനുമതി. ഇത് മറ്റാർക്കും ബാധകമല്ല. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ നിലനിൽപ്പിനുവേണ്ടി ഒറ്റത്തവണത്തേക്ക് മാത്രമായാണ് അനുമതി നൽകിയത്. കേരള വനംവികസന കോർപ്പറേഷന്റെ ഈ നീക്കം പരിസ്ഥിതി വിരുദ്ധമാണെന്നാണ് പൊതുവേ ഉയരുന്ന നിലപാട്. കേരള വനം വികസന കോർപറേഷന്റെ (കെഎഫ്ഡിസി) തോട്ടങ്ങളിൽ ഒരു വർഷത്തേക്ക് യൂക്കാലി മരങ്ങൾ നടാനാണ് സംസ്ഥാന വനം വകുപ്പിന്റെ അനുമതി.
മാനേജ്‌മെന്റ് പ്ലാൻ കാലാവധിയിൽ ശേഷിക്കുന്ന ഒരു വർഷം (2024-25) മാത്രമാണ് ഇവ നടാൻ അനുമതി നൽകിയത്. ജലം കൂടുതൽ വലിച്ചെടുക്കുന്നവയും പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്നവയുമാണെന്ന വിലയിരുത്തലിനെ തുടർന്ന് യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ൽ സംസ്ഥാന വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. 2021 ൽ സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വന്നപ്പോൾ യൂക്കാലി ഉൾപ്പെടെയുള്ള മരങ്ങൾ നീക്കം ചെയ്ത് പകരം മാവ്, പ്ലാവ്, കാട്ടുനെല്ലി, വാക, കാട്ടുപുളി തുടങ്ങിയവ നടാനായിരുന്നു നിർദ്ദേശം. ഇതിനു വിരുദ്ധമായിട്ടാണ് തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നടാൻ വനംവകുപ്പ് പച്ചക്കൊടി കാട്ടിയത്.
കേരളം മുഴുവൻ വെള്ളമില്ലാതെ വലയുമ്പോൾ വേണ്ടത്ര ചർച്ചകൂടാതെ എടുക്കേണ്ട തീരുമാനമല്ല ഇതെന്ന് സിപിഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. യൂക്കാലിയും അക്കേഷ്യയും ഭൂഗർഭജലം ഊറ്റിക്കുടിക്കും. ഇപ്പോൾത്തന്നെ കാട്ടിൽ വെള്ളമില്ല. അതുകൊണ്ടാണ് മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുന്നത്. ജലമാണ് ഇപ്പോഴത്തെ ഏറ്റവുംവലിയ വികസനപ്രശ്‌നമെന്നിരിക്കെ ജലലഭ്യത കുറയ്ക്കുന്ന ഒരു തീരുമാനവും ചർച്ചകൂടാതെയും വീണ്ടുവിചാരമില്ലാതെയും എടുക്കരുതെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. വനൂമിയിൽ യൂക്കാലി നടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നതാണ് മറ്റ് പരിസ്ഥിതി സംഘടനകളുടേയും നിലപാട്.
വനനയപ്രകാരം അക്കേഷ്യ, മാഞ്ചിയം, യൂക്കാലി തോട്ടങ്ങൾ പൂർണമായി ഒഴിവാക്കണമെന്നിരിക്കെ കെ.എഫ്.ഡി.സി. ഇത്തരം തോട്ടങ്ങൾ ഇപ്പോഴും പരിപാലിക്കുന്നതും ഇരട്ടത്താപ്പാണ്. മരം വെട്ടിയ ഭാഗത്തുണ്ടാകുന്ന കുറ്റിച്ചുവട് കിളിർപ്പുകളാണ് പരിപാലിക്കുന്നത്. മുറിച്ച മരങ്ങളുടെ ചുവട്ടിൽ വളരുന്ന കിളിർപ്പുകളിൽ രണ്ടെണ്ണം നിലനിർത്തുകയും ബാക്കി മുറിച്ചുകളയുകയുമാണ് (ഇടവെട്ട്) രീതി. ഇടുക്കി മീശപ്പുലിമലയിലെ 10 ഹെക്ടർ വനഭൂമിയിലെ യൂക്കാലി വെട്ടിനശിപ്പിച്ച് വരയാടുകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പദ്ധതിക്കായി യു.എൻ.ഫണ്ടും കോർപ്പറേഷൻ കൈപ്പറ്റിയെന്നതും വിചിത്രമാണ്.
യൂക്കാലി, അക്കേഷ്യ മരങ്ങൾ മുറിച്ചുമാറ്റുകയും യു.എൻ.സഹായത്തോടെയുള്ള പദ്ധതിയുടെ ബോർഡ് മീശപ്പുലിമലയിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അതായത് യൂക്കാലിയുടെ ദോഷം വനം വകുപ്പിനും അറിയാം. കോർപ്പറേഷന്റെ കൈവശമുള്ള 500 ഹെക്ടറിലേറെ സ്ഥലത്തെ അധിനിവേശസസ്യങ്ങൾ മൂടോടെ നശിപ്പിച്ച് സ്വാഭാവിക വനം വച്ചുപിടിപ്പിക്കണമെന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർദേശവും വനംവകുപ്പ് പരിഗണിക്കുന്നുണ്ട്.
യൂക്കാലി, അക്കേഷ്യ തുടങ്ങിയ വിദേശമരങ്ങളുടെയും തേക്കിന്റെയും തോട്ടങ്ങൾ പുനരാരംഭിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നടപടിയെ എതിർക്കുമെന്നും വയനാട് പ്രകൃതിസംരക്ഷണസമിതിയും പ്രതികരിച്ചിട്ടുണ്ട്. കേരളത്തിലെ പരിസ്ഥിതിയെ നൂറുകൊല്ലം പിറകോട്ടുകൊണ്ടുപോകുന്ന തീരുമാനമാണിതെന്നും സമിതി ആരോപിച്ചു. യൂക്കാലി നട്ടതിനെത്തുടർന്ന് വയനാട്ടിൽ വരൾച്ചയും ജലക്ഷാമവും കൂടാതെ രൂക്ഷമായ വന്യജീവിപ്രശ്‌നവുമാണ് ഉണ്ടാക്കിയത്. നൂറുകണക്കിന് ഏക്കർ നെൽവയലും കാട്ടിനുള്ളിലെ ചതുപ്പുകളും കബനീനദിയുടെ കൈവഴികളും വറ്റിവരണ്ടുപോയിട്ടുണ്ടെന്നും അവർ പറയുന്നു.
സ്വാഭാവിക വന പുനഃസ്ഥാപന നയം നിലവിൽ വരുന്നതിനു മുൻപാണ് യൂക്കാലി മരങ്ങൾ നടാൻ കേന്ദ്രാനുമതി ലഭിച്ചതെന്നും ഒരു വർഷത്തേക്കു മാത്രമാണ് അനുവാദം നൽകിയിരിക്കുന്നതെന്നും വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ഈ അനുമതി റദ്ദാക്കുന്ന വിഷയം വനം വകുപ്പിന്റെ പരിഗണനയിൽ ഇല്ലെന്നും വിഷയം ചർച്ച ചെയ്യുമെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. തീരുമാനം സ്വാഭാവിക വന പുനഃസ്ഥാപന നയത്തിനു വിരുദ്ധമാണെന്ന് വനം വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയെങ്കിലും അതു പരിഗണിച്ചില്ലെന്നും പരാതിയുണ്ട്. കുറച്ച് സ്ഥലത്തു മാത്രമാണ് യൂക്കാലി നടുന്നതെന്നു കെഎഫ്ഡിസി എംഡി ജോർജി പി.മാത്തച്ചൻ പറഞ്ഞു.
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായതിനാൽ നിലനിൽപിനെ ബാധിക്കുന്ന വിഷയമാണെന്നും അനുമതി നൽകണണെന്നുള്ള കെഎഫ്ഡിസി എംഡിയുടെ നിരന്തര അഭ്യർത്ഥനയെ തുടർന്നാണ് അനുമതി നൽകിയതെന്നു വനം അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഈ മാസം 7ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. തോട്ടങ്ങളിൽ യൂക്കാലി മരങ്ങൾ നടുന്നതിന് അനുമതി തേടി കെഎഫ്ഡിസി എംഡി 2022 നവംബർ, 2023 ജനുവരി മാസങ്ങളിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.
ഇതു പരിശോധിച്ച ശേഷം ഫെബ്രുവരി 24 നാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. കെഎഫ്ഡിസിയുടെ കീഴിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ ജില്ലകളിലെ തോട്ടങ്ങളിലായി 250 ഹെക്ടർ സ്ഥലമുണ്ട്. ഇതിൽ 50 ഹെക്ടർ പ്രദേശത്താണ് യൂക്കാലി തൈകൾ നടാൻ തീരുമാനം. ഫെബ്രുവരിയിൽ ഇതിനായി കേന്ദ്രാനുമതി ലഭിച്ചെങ്കിലും സംസ്ഥാന വനം വകുപ്പിന്റെ അനുമതി വൈകിയതിനെ തുടർന്ന്, നടാനായി സൂക്ഷിച്ചിരുന്ന യൂക്കാലി തൈകളിൽ പലതും നശിച്ചു.