തിരുവനന്തപുരം: കേരളത്തിലെ വനങ്ങളിലെ വെള്ളം ഊറ്റിയെടുക്കാനുള്ള മോഹം നടക്കില്ല. വന്യമൃഗ ശല്യം നാട്ടിൽ രൂക്ഷമാക്കാൻ ഇടയുള്ള വനം വികസന കോർപ്പറേഷന്റെ മോഹം കേന്ദ്ര നയത്തിൽ തട്ടി തകരാൻ സാധ്യത ഏറെ. വിഷയത്തിൽ ഇടതു മുന്നണിയിലെ പ്രബലരായ സിപിഐയും വനം വകുപ്പിന് എതിരാണ്. ഇതോടെ കാട്ടിൽ വീണ്ടും യൂക്കാലിമരങ്ങൾ നടാനുള്ള നീക്കം നടക്കാതെ പോയേക്കും.

കാട്ടിൽ വീണ്ടും യൂക്കാലി നടാൻ അനുമതിനൽകിയത് കേന്ദ്ര വനംമന്ത്രാലയത്തിന്റെ വിലക്ക് മറികടന്ന് ആണെന്നാണ് വസ്തുത. വനം മന്ത്രി എകെ ശശീന്ദ്രൻ പോലും ഇത് അറിഞ്ഞിരുന്നില്ല. യൂക്കാലി നടുന്നതിനായി കോർപ്പറേഷൻ നൽകിയ അപേക്ഷ കേന്ദ്ര വനം മന്ത്രാലയം തള്ളിയിരുന്നു. കേരളത്തിലെ വനം കൺസൾട്ടേറ്റീവ് കമ്മിറ്റിയും ഈ അപേക്ഷ നിരസിച്ചു. എന്നിട്ടും കേർപ്പറേഷൻ മാനേജിങ് ഡയറക്ടറുടെ അപേക്ഷ സ്വീകരിച്ച് സർക്കാർ അനുമതി നൽകിയത്. അനുമതി നിഷേധിച്ചത് മന്ത്രിയോ മന്ത്രി ഓഫീസിൽ ഉള്ളവരോ അറിഞ്ഞില്ലെന്നാണ് സൂചന.

'വനഭൂമിയിലെ അക്കേഷ്യ, യൂക്കാലി, ഗ്രാന്റിസ് തുടങ്ങിയവ പിഴുതുമാറ്റി കാട്ടുമരങ്ങൾ നടും' -2021-ലെ സിപിഎം. പ്രകടനപത്രികയുടെ അനുബന്ധം എട്ടാം അധ്യായത്തിൽ 728-ാമത്തെ പ്രഖ്യാപനമാണിത്. ഇതുൾപ്പെടെ സിപിഐ ചർച്ചയാക്കും. യൂക്കാലി നടലുമായി ബന്ധപ്പെട്ട് വലിയ പരാതികൾ ഉയർന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ സംസ്ഥാന സർക്കാരിൽ സമ്മർദ്ദവും ഏറെയാണ്. വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും പരിശോധന നടത്തുന്നുണ്ട്. ഭരണഘടനയുടെ കൺകറന്റ് പട്ടികയിലാണ് വനം.

അതിനാൽ കേന്ദ്രം നിഷേധിച്ചത് സംസ്ഥാന വനംവകുപ്പിന് അനുവദിക്കാനാവില്ല. ഉത്തരവ് പിൻവലിക്കേണ്ടിവരും. ഇതുസംബന്ധിച്ച് വനംവകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകും. ഇതനുസരിച്ച് പിൻവലിക്കാനോ മരവിപ്പിക്കാനോ ആണ് സാധ്യതയെന്നാണ് റിപ്പോർട്ട്. വനം വികസന കോർപ്പറേഷന്റെ 2020-21 മുതൽ 2024-25 വരെയുള്ള മാനേജ്മെന്റ് പ്ലാനിൽ യുക്കാലിമരങ്ങൾ നടുന്നത് ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പിന്നീട് കച്ചവട താൽപ്പര്യം വച്ച് പുതിയ ആവശ്യവുമായി കോർപ്പറേഷൻ എത്തുകയായിരുന്നു.

ഇതിൽ മാറ്റംവരുത്തി യൂക്കാലിമരം നടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വനംവികസന കോർപ്പറേഷൻ നൽകിയ അപേക്ഷ 2023 ഫെബ്രുവരി 24-ന് കേന്ദ്ര വനംമന്ത്രാലയത്തിന്റെ ബെംഗളൂരു മേഖലാ ഓഫീസ് തള്ളിയിരുന്നു. പകരം നിലവിലുള്ള യൂക്കാലിമരങ്ങൾ മുറിക്കുന്നത് പ്ലാനിൽ ഉൾപ്പെടുത്താൻ അനുമതിനൽകി. എന്നാൽ മുറിക്കലിനെ നടാനുള്ള അനുമതിയാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഏതായാലും ഇത് കേന്ദ്ര സർക്കാർ നിർദ്ദേശത്തിന് വിരുദ്ധമാണ്.

കെഎഫ്ഡിസി തോട്ടങ്ങളിൽ യൂക്കാലിമരങ്ങൾ നടാൻ അനുമതി നൽകിയതിൽ വനം വകുപ്പിലെ ഉദ്യോഗസ്ഥരിൽനിന്നുതന്നെ പ്രതിഷേധമുയരുന്നു. യൂക്കാലിയും അക്കേഷ്യയും നടുന്നതു വിലക്കി 2017 ൽ വനം വകുപ്പ് ഉത്തരവിട്ടിരുന്നു. അതിനുശേഷം ഇവ പിഴുതുമാറ്റി. മൂന്നാർ വട്ടവടയിൽ 5000 ഏക്കറിലെ യൂക്കാലിമരങ്ങളാണു മുറിച്ചുമാറ്റിയത്. അധിനിവേശ സസ്യങ്ങൾ ഒഴിവാക്കിയാൽ മനുഷ്യവന്യജീവി സംഘർഷം കുറയ്ക്കാനാകുമെന്ന് കേരള ഫോറസ്റ്റ് പ്രാെട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ റിപ്പോർട്ട് നൽകിയതു കഴിഞ്ഞദിവസമാണ്.