- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവേർ ആക്രമണം ജിഹാദിന്റെ ഏറ്റവും ഉയർന്നതലം; കമ്യൂണിസ്റ്റായാൽ മക്കൾക്ക് സ്വത്തവകാശം പോലുമില്ലെന്നും ഫത്വ; ഹറാമും ഹലാലും തീരുമാനിക്കുന്നതിന്റെ അവസാനവാക്ക്; പല വിദേശരാജ്യങ്ങളും പെടുത്തിയത് കരിമ്പട്ടികയിൽ; അവസാനം പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്തതിന്റെ പേരിലും വിവാദം; ഡോ യൂസുഫുൽ ഖറദാവി ഓർമ്മയാവുമ്പോൾ
സാക്കിർ നായിക്ക് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഇസ്ലാമിക പണ്ഡിതൻ. മുസ്ലിം ലോകത്തിൽ ഹറാമും ഹലാലും തീരുമാനിക്കുന്നതിലെ അവസാനവാക്ക്. ഗ്രന്ഥകാരനും വാഗ്മിയും. 96ാം വയസ്സിൽ അന്തരിച്ച ഇസ്ലാമിക്പണ്ഡിതൻ യൂസുഫുൽ ഖറദാവിക്ക് വിശേഷണങ്ങൾ ഏറെയാണ്. ജമാഅത്തെ ഇസ്ലാമിയുമായി ഏറെ ബന്ധം പുലർത്തിയ അദ്ദേഹം രണ്ടുതവണ കേരളം സന്ദർശിച്ചിരുന്നു. അദ്ദേഹത്തിന്റെ 'വിധി വിലക്കുകൾ' എന്ന പുസ്തകം ഇസ്ലാമിക ലോകത്തെ വിവിധ പ്രശ്നങ്ങളുടെ അവസാന വാക്കായിരുന്നു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഖത്തറിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഏപിലിൽ അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആഗോള ഇസ്ലാമിക പണ്ഡിതസഭ സ്ഥാപക ചെയർമാനായിരുന്നു. 1926 സെപ്റ്റംബർ 9ന് ഈജിപ്തിലായിരുന്നു ജനനം. ഒമ്പതാം വയസ്സിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി. അൽ അസ്ഹർ സർവകലാശാലയിൽ ഉപരിപഠനം നടത്തി. ഈജിപ്ത് മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അൽ അസ്ഹർ സർവകലാശാലയിൽ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും പ്രവർത്തിച്ചു.
1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കി. 1968ൽ അദ്ദേഹത്തിന് ഖത്തർ പൗരത്വം നൽകി ആദരിച്ചു. പിന്നീട് ഖത്തർ ആസ്ഥാനമായിട്ടായിരുന്നു പ്രവർത്തനം. ഖത്തർ സെക്കൻഡറി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി പ്രവർത്തിച്ചു. 1973ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽകി. 1977ൽ ഖത്തർ യൂനിവേഴ്സിറ്റിയിൽ ശരീഅഃ ആൻഡ് ഇസ്ലാമിക് സ്റ്റഡീസ് കോളേജ് ആരംഭിച്ചു. 120ലേറെ ഗ്രന്ഥങ്ങൾ രചിച്ചു. കിങ് ഫൈസൽ ഇന്റർനാഷണൽ അവാർഡ് അടക്കം നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
തീവ്രവാദബന്ധം വിവാദത്തിൽ
ഇങ്ങനെ ഒക്കെ ആണെങ്കിലും തീവ്രവാദ പ്രവർത്തനത്തിൻെ പേരിൽ ഏറെ വിമർശിക്കപ്പെട്ട വ്യക്തിത്വം കൂടിയാണ് അദ്ദേഹം. കൗമാര പ്രായത്തിൽ തന്നെ ഈജിപ്തിലെ ഹസനുൽ ബന്നാ തുടങ്ങിയ ഇസ്ലാമിക തീവ്രാദ പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡിൽ ആകൃഷ്ടനായ അദ്ദേഹത്തെ നിരവധി തവണ ഈജിപ്ത് ഭരണകൂടം തടവിലിട്ടിട്ടുണ്ട്. ഇന്നും ലോകത്തിലെ മുപ്പതിലേറെ ഇസ്ലാമിക തീവ്രവാദ സംഘടനകൾക്ക് ഫണ്് നൽകുന്നത് ബ്രദർഹുഡാണെന്നാണ് ആരോപണം.
1949, '54, '56 കാലങ്ങളിലും ഖർദാവി ജയിൽവാസമനുഷ്ഠിച്ചു. തന്റെ വെള്ളിയാഴ്ച പ്രഭാഷണങ്ങൾ ആശയപ്രചരണത്തിനുള്ള വേദിയായി അദ്ദേഹം ഉപയോഗപ്പെടുത്തുന്നു. പക്ഷേ അതിൽ മിക്ക ആശയങ്ങളും തീവ്രവാദ പരമായിരുന്നു. ചാവേർ ആക്രമണം ജിഹാദിന്റെ ഏറ്റവും ഉയർന്നതലമാണെന്നായിരുന്നു അദ്ദേഹത്തിന്റെ ഫത്വ. ഇതോടെ ബ്രിട്ടനും അമേരിക്കയും അദ്ദേഹത്തിന് വിസാനിരോധമേർപ്പെടുത്തിയിട്ടുണ്ട്. 2008 ഫെബ്രുവരി ഏഴിന് അദ്ദേഹത്തിന്റെ വിസാ അപേക്ഷ ബ്രിട്ടൻ നിരസിക്കുകയുണ്ടായി. ചികിത്സാർഥമാണ് അദ്ദേഹം സന്ദർശനാനുമതി തേടിയത്.
2004 ലാണ് ഖറദാവി അവസാനമായി ബ്രിട്ടൻ സന്ദർശിച്ചത്. അന്തർദേശീയ മുസ്ലിം പണ്ഡിതസഭയുടെ രൂപവത്കരണയോഗത്തിൽ പങ്കെടുക്കാനായിരുന്നു പ്രസ്തുത യാത്ര. അന്നത് ബ്രിട്ടനിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരുന്നു. ഫലസ്തീനിലെ ചാവേറാക്രമണത്തെ പിന്തുണക്കുന്നതിനാൽ വിസയനുവദിക്കരുതെന്ന് തീവ്രവലതുപക്ഷകക്ഷികൾ അന്ന് ടോണിബ്ലയർ സർക്കാറിനോടാവശ്യപ്പെട്ടിരുന്നു. ലണ്ടൻ മേയർ കെൻ ലിവിങ്സ്റ്റൺ ഈ സമയത്ത് അദ്ദേഹവുമായി വേദി പങ്കിടുകയും അദ്ദേഹത്തെ ന്യായീകരിക്കുകയുമാണ് ചെയ്തത്.
സമകാലിക അറബ് ലോകത്ത് ഇസ്രയേൽ വിരുദ്ധ വികാരം വളർത്തുന്നതിൽ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. അന്തർദേശീയ മുസ്ലിം പണ്ഡിതസഭയുടെ അധ്യക്ഷനായ ഖറദാവി നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ പരന്നുകിടക്കുന്ന നിരവധി ശിഷ്യന്മാർ അദ്ദേഹത്തിനുണ്ട്. പക്ഷേ തീവ്രവാദവും അവിടെയൊക്കെ പരന്നിട്ടുമുണ്ട്. അതിന്റെ പേരിൽ ഒരു ഘട്ടത്തിൽ സൗദിക്കുപോലും അദ്ദേഹത്തെ കരിമ്പട്ടികയിൽ പെടുത്തേണ്ടിവന്നു.
ജിഹാദ് ആന്ത്യന്തിക ലക്ഷ്യം
ഒരു മുസ്ലീമിന്റെ ആത്യന്തിക ലക്ഷ്യം ജിഹാദ് ആണെന്ന് യാതൊരു സംശയവുമില്ലാതെ പറഞ്ഞ ആളാണ് അദ്ദേഹം. മതം വിട്ടവനെ കൊല്ലണം എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ ഒരു പ്രസംഗം നേരത്തെ വിവാദം ആയിരുന്നു. അങ്ങനെ ചെയ്തുകൊണ്ടാണ് ഇസ്ലാം ഇത്രയും കാലം അതിജീവിച്ചത് എന്നായിരുന്നു ഖറദാവിയുടെ വാദം. മതം വിട്ടാലും കമ്യൂണിസ്റ്റായാലുമൊക്കെ മക്കൾക്ക് സ്വത്തവകാശം പോലുമില്ലെന്നതും അദ്ദേഹത്തിന്റെ വിവാദ ഫത്വയാണ്. ഖറദാവിയുടെ പുസ്തകങ്ങൾ നോക്കിയാണ് പലപ്പോഴും ഇസ്ലാമിക ലോകം ഹലാലും ഹറാവും വേർതിരിച്ചത്.
ഈജിപ്റ്റിലെ ഹുസ്നി മുബാറക്ക് ഭരണകൂടം കഴിഞ്ഞ 30 വർഷമായി യൂസുഫുൽ ഖറദാവിക്ക് പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ മുർസി അധികാരമേറ്റതോടെ 2011 ഫെബ്രുവരി 18 ന് വെള്ളിയാഴ്ച ജുമുഅ പ്രഭാഷണം നടത്തി അദ്ദേഹ ജന്മനാട്ടിൽ എത്തി. എന്നാൽ മുർസി സ്ഥാനഭ്രഷ്ടൻ ആയതോടെ ഖറദാവിക്ക് വിലക്കും വന്നു.
ഏറെക്കാലം ഈജിപ്തിൽ മതകാര്യ വകുപ്പ് ഉദ്യോഗസ്ഥനായും അസ്ഹറിലെ സാംസ്‌കാരിക വകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായും സേവനമനുഷ്ഠിച്ചു. 1961ൽ ഖത്തറിൽ സ്ഥിരതാമസമാക്കിയ ശേഷം ഖത്തർ സെക്കന്ററി റിലീജ്യസ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവിയായി. 1973ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് സ്റ്റ്ഡീസ് ഫാക്കൽറ്റിക്ക് രൂപം നൽ കുകയും അതിന്റെ ഡീൻ ആയി പ്രവർത്തിക്കുകയും ചെയ്തു. 1977ൽ ഖത്തർ യൂണിവേഴ്സിറ്റിയിൽ ശരീഅ: ആൻഡ് ഇസ്ലാമിക് സ്റ്റ്ഡീസ് കോളജ് ആരംഭിക്കുകയും 1989-90 വരെ അതിന്റെ ഡീൻ ആയി തുടരുകയും ചെയ്തു. യൂണിവേഴ്സിറ്റിയിലെ പ്രവാചകചര്യ ഗവേഷണ കേന്ദ്രത്തിന്റെ തലവനായി ഇന്നും തുടരുന്നു. 1990-91ൽ അൽജീരിയൻ യൂണിവേഴ്സിറ്റികളിൽ നേതൃസ്ഥനങ്ങൾ വഹിച്ചു. 1961ൽ ദോഹയിലെത്തിയതുമുതൽ ദോഹ ഉമർ ബിൻ ഖത്താബ് പള്ളിയിൽ ജുമുഅ ഖുതുബ നിർവഹിക്കുന്നു.
ഖത്തർ ടെലിവിഷൻ ചാനൽ തൽസമയ സംപ്രേഷണം നടത്തുന്ന ഖറദാവിയുടെ പരിപാടിക്ക് അറബ് ലോകത്ത് ഏറെ ശ്രോതാക്കൾ ഉണ്ടായിരുന്നു. സമകാലിക ഇസ്ലാമിക സമൂഹത്തിന്റെ പ്രശ്നങ്ങളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ മുസ്ലിം ലോകത്തിന്റെ തന്നെ നിലപാടെന്ന നിലയ്ക്കാണ് വിലയിരുത്തപ്പെടാറുള്ളത്. അൽജസീറ ചാനലിൽ അവതരിപ്പിക്കുന്ന 'ശരീഅത്തും ജീവിതവും' എന്ന പരിപാടി അറബ് ലോകത്തെ ഏറ്റവും പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടികളിലൊന്നായിരുന്നു. ഇതിൽ ഓരോരൊ നിസ്സാര കാര്യങ്ങൾപോലും ജനം ഹലാലാണോ ഹാറാമാണോ എന്ന് അറിയാൻ ചോദിക്കുമായിരുന്നു.
പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ വിവാദം
മരിക്കുന്നതിന് തൊട്ടുതലേന്നത്തെ ദിവസവും കേരളത്തിലെ മാധ്യമങ്ങളിൽ ഡോ യൂസുഫുൽ ഖറദാവി ഉണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ടാണ് ആ വിവാദം ഉണ്ടായത്. ലോകത്തിലെ എറ്റവും വലിയ തീവ്രവാദ സംഘടകളിൽ ഒന്നായ മുസ്ലിം ബ്രദർഹുഡുമായി പോപ്പുലർ ഫ്രണ്ടിന് അടുത്ത ബന്ധമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
ലോക ഇസ്ലാമിക ഖിലാഫത്ത് തിരിച്ചുകൊണ്ടുവരാൻ ഉള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാകുമെന്ന് പോപ്പുലർ ഫ്രണ്ട് മുസ്ലിം ബ്രദർഹുഡ് നേതാക്കൾക്ക് ഉറപ്പു നൽകി എന്നാണ് കണ്ടെത്തൽ. മുസ്ലിം ബ്രദർഹുഡ് നേതാക്കന്മാരായ മുഹമ്മദ് മഹ്ദി, യൂസഫ് അൽ ഖറാദവി എന്നിവരുമായി പോപ്പുലർ ഫ്രണ്ട് സമ്പർക്കം പുലർത്തിയതിന്റെ രേഖകൾ എൻഐഎയ്ക്ക് ലഭിച്ചുവെന്നാണ് റിപ്പബ്ലിക്ക് ടീവി അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുസ്ലിം ബ്രദർഹുഡിന്റെ പ്രാദേശിക വിഭാഗങ്ങളായ, തുർക്കി ആസ്ഥാനമായി പ്രവർത്തികുന്ന എൻജിഒകളുമായും പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും എൻഐഎ പറയുന്നു.
അതേസമയം പോപ്പുലർ ഫ്രണ്ടിനേക്കാൾ ഖറദാവിക്ക് ബന്ധമുണ്ടായിരുന്നത് ജമാഅത്തെ ഇസ്ലാമിയുമായി അയിട്ടായിരുന്നു. അദ്ദേഹത്തെ കേരളത്തിൽ കൊണ്ടുവന്നതും ജമാഅത്തെ ഇസ്ലാമിയാണ്. ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക് പബ്ലിഷിങ് ഹൗസ് (ഐ.പി.എച്ച്)കോഴിക്കോട് ഖറദാവിയുടെ അനേകം പുസ്തകങ്ങൾ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയിൽ പലതും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന ഉള്ളടക്കം ഉണ്ടെന്നും ആക്ഷേപം ഉണ്ട്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ