- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തങ്ങളുടെ പണി ഡി വൈ എഫ് ഐക്കാരെ ഏൽപ്പിച്ച് പത്തനംതിട്ടയിലെ പൊലീസ്; റാന്നിയിൽ യൂത്ത് കോൺഗ്രസുകാരെ തല്ലിച്ചതച്ചത് രക്ഷാപ്രവർത്തക സംഘം; ഇളമണ്ണൂരിൽ എത്തിയപ്പോൾ കളി മാറി: കരിങ്കൊടിയും കുറുവടിയുമായി വന്ന യുവമോർച്ചക്കാരെ കണ്ട് ഡിഫിക്കാർ കണ്ടം വഴി ഓടിയ കഥ
പത്തനംതിട്ട: നവകേരള സദസ് ഇന്നലെ നടന്ന ജില്ലയിൽ ശരിക്കും പൊലീസിന്റെ പണിക്ക് വേണ്ടി ഇറക്കിയത് ഡിവൈഎഫ്ഐ സ്‌ക്വാഡുകളെ. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വരുന്നതിന് മുന്നിൽ മൂന്നും നാലും കാറുകളിലും ജീപ്പുകളിലുമായി ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകരെ പറഞ്ഞു വിടുകയാണ് പൊലീസ് ചെയ്തത്. ഒരു ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലാണ് ഗുണ്ടായിസത്തിന് വഴിയൊരുക്കിയത്.
വഴിയിൽ തടയാൻ നിൽക്കുന്നവർ ആരായാലും അവരെ ആദ്യം ഡിവൈഎഫ് ഐ സ്‌ക്വാഡ് കൈകാര്യം ചെയ്യണം. പിന്നാലെ വരുന്ന പൊലീസ് അടി കൊള്ളുന്നവരെ ജീപ്പിലാക്കി സ്റ്റേഷനിലേക്ക് മാറ്റും. റാന്നിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇങ്ങനെ കൈകാര്യം ചെയ്തു സ്റ്റേഷനിലേക്ക് മാറ്റി. എന്നാൽ, അടൂർ ഇളമണ്ണൂരിൽ കരിങ്കൊടിയുമായി ചാടി വീണ യുവമോർച്ച പ്രവർത്തകർക്ക് നേരെ രക്ഷാപ്രവർത്തനത്തിന് വന്ന ഡിവൈഎഫ്ഐയും പൊലീസും കണ്ടം വഴി ഓടി.
പൊലീസിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും കണക്കൂ കൂട്ടലുകൾ പാടേ തെറ്റിച്ചു കൊണ്ടാണ് യുവമോർച്ച ജില്ലാ അധ്യക്ഷൻ നിതിൻ ശിവയുടെ നേതൃത്വത്തിൽ കരിങ്കൊടി പ്രയോഗത്തിന് ഇറങ്ങിയത്. കോന്നിയിൽ നിന്ന് യോഗം കഴിഞ്ഞ് അടൂരിലേക്ക് വരുന്ന വഴി ഇളമണ്ണൂരിൽ വച്ചാണ് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. യൂത്ത് കോൺഗ്രസുകാരെപ്പോലെ റോഡിന്റെ വശങ്ങളിൽ നിന്നായിരുന്നില്ല, മധ്യത്തിലേക്ക് ഇറങ്ങി നിന്നാണ് കരിങ്കൊടി വീശി മുദ്രാവാക്യം മുഴക്കിയത്. കരിങ്കൊടി പ്രയോഗക്കാരെ പൊലീസിന്റെ നിർദ്ദേശാനുസരണം നേരിടാൻ വന്ന ഡിവൈ്എഫ്ഐ സംഘം സഞ്ചരിച്ചിരുന്ന കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു. ഇതോടെ ഭയന്നു പോയ ഇവർ കാറിൽ നിന്ന് പുറത്തിറങ്ങാതെ ഓടിച്ച് രക്ഷപ്പെടുകയായിരുന്നു.
വ്യക്തമായ പദ്ധതിയോടെയാണ് യുവമോർച്ച നിരത്തിലിറങ്ങിയത്. ആദ്യം കരിങ്കൊടി കാണിക്കാൻ ഉദ്ദേശിച്ച സ്ഥലം ചോർന്ന് രഹസ്യാന്വേഷണ വിഭാഗം അവിടെ രക്ഷാപ്രവർത്തകരെ ഇറക്കിയിരുന്നു. ഇതേ തുടർന്നാണ് ഇളമണ്ണൂരിലേക്ക് മാറ്റിയത്. കരിങ്കൊടി കാണിക്കുന്നവരെ മർദിക്കാൻ വരുന്ന രക്ഷാപ്രവർത്തകർക്കും ഗൺമാന്മാർക്കും തിരിച്ചടി കൊടുക്കാൻ വേണ്ടി വലിയ സംഘം പ്രവർത്തകർ മാറി പലയിടത്തായി നിലയുറപ്പിച്ചിരുന്നു.
പട്ടിക കഷണവും കുറുവടിയും ഇവർ മാറ്റിയിടുകയും ചെയ്തു. ഇവർക്ക് നേരെ കാറുമായി പാഞ്ഞടുത്ത ആദ്യ രക്ഷാപ്രവർത്തക സംഘത്തിന് തന്നെ കാര്യം പിടികിട്ടി. ഇതോടെ യുവമോർച്ച പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് രക്ഷാപ്രവർത്തകർക്കും ഗൺമാന്മാർക്കും കടന്നു പോകേണ്ടി വന്നു. കാറിലിരുന്ന് ലാത്തി ഉയർത്തിക്കാട്ടിയ ഗൺമാന്മാർക്ക് നേരെ കുറുവടി പൊക്കിക്കാട്ടിയാണ് പ്രവർത്തകർ പ്രതികരിച്ചത്. ഇതേ റൂട്ടിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഏഴംകുളത്ത് വച്ച് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.
റാന്നിക്ക് സമീപം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ രക്ഷാപ്രവർത്തകർ പൊലീസ് ഒത്താശയോടെ തല്ലിച്ചതച്ചു. രക്ഷാപ്രവർത്തനത്തിന് വന്നവർ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്നും പരാതി ഉയരുന്നുണ്ട്. പത്തനംതിട്ടയിൽ നിന്ന് റാന്നിയിലേക്ക് വന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എത്തുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. കമ്പിൽ കറുത്ത തുണിചുറ്റി ബസിനു നേരെ വലിച്ചെറിയാനായി ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ മണിക്കൂറുകളോളമായി പുനലൂർ- മൂവാറ്റുപുഴ പാതയിൽ ഉതിമൂടിന് സമീപം കാത്തു നിൽക്കുകയായിരുന്നു.
വഴിയിലെ പ്രതിഷേധം നിരീക്ഷിച്ച് കാറിൽ വന്ന എസ്.എഫ്.ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ ഇവരെ തിരിച്ചറിയുകയും തുടർന്ന് സംഘർഷം ആരംഭിക്കുകയുമായിരുന്നു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് എം.ജി കണ്ണനെ ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും ചെയ്തു. 20 മിനുറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥ തുടർന്നു. ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് വണ്ടിയിൽ കയറ്റി പത്തനംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആക്രമണം നടത്തിയ സിപിഎം, എസ്.എഫ്.ഐ, ഡിവൈഎഫ്ഐ പ്രവർത്തകരിൽ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. പൊലീസിന്റെ ഒത്താശയോടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ക്രമസമാധാന പാലനത്തിന് ഇറങ്ങിയതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ആറന്മുള മണ്ഡലത്തിലെ യോഗം നടക്കുന്നതിനിടെ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡനും സംഘവുമാണ് കറുത്തബലുണുകളിൽ ഹൈഡ്രജൻ നിറച്ച് ഇവിടേക്ക് പറത്തി വിട്ടത്.
യൂത്ത് കോൺഗ്രസിന്റെ പതാകയും കരിങ്കൊടിയും ബലൂണിൽ കെട്ടിയാണ് സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് പറത്തി വിട്ടത്. മുഖ്യമന്ത്രി സഞ്ചരിച്ച ബസിനു നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തു ജാമ്യത്തിൽ വിട്ടു. നവകേരള സദസിന്റമണ്ഡലം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ചിരുന്ന ബസിനു നേരെയാണ് ഇന്നലെ വൈകിട്ട് ഈട്ടിമൂട്ടിൽപടിയിൽ വച്ച് 11 അംഗ സംഘം കരിങ്കൊടിയുമായി കുറുകെ ചാടിയത് .
പിന്നാലെയെത്തിയ പൊലീസ് ഇവരെ പിടികൂടി സ്റ്റേഷനിലെത്തിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്തംഗം ഫൈസലിനെയും കരുതൽ തടങ്കൽ കസ്റ്റഡിയിലെടുത്തിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്