ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ നിയമിച്ചത് അല്‍ഖായിദയുടെ അഭിഭാഷകനെ! ഇപ്പോള്‍ അമേരിക്കയിലും യൂറോപ്പിലുമുള്ള തീവ്ര വലതുപക്ഷം, ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനിക്കെതിരെ ഉയര്‍ത്തുന്ന അതി ഗുരുതരമായ ആരോപണമാണിത്. റംസി ഖാസിം എന്ന അഭിഭാഷകനെ ന്യൂയോര്‍ക്കിന്റെ ചീഫ് കൗണ്‍സലായി ചൊവ്വാഴ്ച നിയമിച്ച ഉത്തരവാണ് വിവാദമായിരിക്കുന്നത്. മംദാനിയുടെ ഖുര്‍ആനില്‍ തൊട്ടുള്ള സത്യപ്രതിജ്ഞയും ഇവര്‍ വിവാദമാക്കിയിരുന്നു.

പക്ഷേ സത്യത്തില്‍ അല്‍ഖായിദയുടെ അഭിഭാഷകന്‍ എന്ന് റംസി ഖാസിമിനെ വിളിക്കുന്നത് തെറ്റാണ്. അല്‍ഖായിദക്ക് അത്തരത്തില്‍ ഒരു അഭിഭാഷകനില്ല. പക്ഷേ പലപ്പോഴും ഒരു ക്രമിനല്‍ വക്കീല്‍ എന്ന നിലയില്‍ തീവ്രവാദ ബന്ധമുള്ള പലര്‍ക്കും വേണ്ടി റംസി ഖാസിം കേസ് വാദിച്ചിട്ടുണ്ട്. അതാണ് വിവാദമാകുന്നതും വാര്‍ത്തയാവുന്നതും.

ലാദന്‍ അനുയായിയുടെ വക്കാലത്ത്

യൂണിവേഴ്സിറ്റി ഓഫ് ന്യൂയോര്‍ക്കില്‍ പ്രൊഫസറായി ജോലിനോക്കുന്ന, റംസി ഖാസിം പ്രഗല്‍ഭനായ ഒരു അഭിഭാഷകന്‍ തന്നെയാണ്. അമേരിക്കയിലെ ന്യൂനപക്ഷ സമൂഹത്തിനുവേണ്ടിയാണ്, താന്‍ നിലകൊള്ളുന്നത് എന്ന് ഇദ്ദേഹം പരസ്യമായി പറഞ്ഞിട്ടുണ്ട്. ക്ലിയര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, ക്രിയേറ്റിങ്ങ് ലോ എന്‍ഫോഴ്സ്മെന്റ് അക്കൗണ്ടബിലിറ്റി ആന്‍ഡ് റെസ്പോണ്‍സിബിലിറ്റി, എന്ന ഒരു നിയമ ക്ലിനിക് അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. ഇമ്മിഗ്രന്റ് നിയമങ്ങള്‍, ഫെഡറല്‍ സുരക്ഷാ നിയമങ്ങള്‍ എന്നിവയില്‍ പെട്ടുപോയ മുസ്ലീങ്ങളെ സഹായിക്കയാണ് ഇത് പ്രധാനമായും ചെയ്യുന്നത്. നേരത്തെ ബൈഡന്‍ ഭരണകൂടത്തില്‍ (20222024) സീനിയര്‍ പോളിസി ഉപദേഷ്ടാവായും റംസി ഖാസിം ജോലിനോക്കിയിട്ടുണ്ട്.

പക്ഷേ ഗ്വാണ്ടനാമോ ബേ എന്നറിയപ്പെടുന്ന കേസിലെ പ്രതികള്‍ക്കുവേണ്ടി വാദിച്ചതാണ് അദ്ദേഹത്തെ വിവാദ പുരുഷനാക്കിയത്. 2014-ല്‍ യെമന്‍ തീരത്ത് നടന്ന ഫ്രഞ്ച് എണ്ണ ടാങ്കര്‍ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ, അഹമ്മദ് അല്‍ ദര്‍ബിയുടെ വക്കാലത്ത് എടുത്തതാണ് വിവാദമായത്. ഈ ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ യുഎസ് സൈനിക കമ്മീഷന് മുമ്പാകെ അഹമ്മദ് അ ദര്‍ബിക്ക് വേണ്ടി ഹാജരായത് ഖാസിമായിരുന്നു. അല്‍ഖായിദ സ്ഥാപകന്‍ ഒസാമ ബിന്‍ ലാദനുമായി അടുത്ത ബന്ധമുള്ളയാളാണ് അല്‍ ദര്‍ബിയെന്ന് പിന്നീട് വാര്‍ത്തകള്‍ വന്നു. 2017- ല്‍ അല്‍-ദര്‍ബി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2018 ല്‍ ട്രംപ് ഭരണകൂടം ദര്‍ബിയെ സൗദി അറേബ്യന്‍ ജയിലിലേക്ക് മാറ്റി.



2025-ല്‍, കൊളംബിയ യൂണിവേഴ്സിറ്റി ആക്രണവാദിയായ മുഹമ്മദ് ഖലീല്‍ എന്നിവരെ യു. എസ്. ഇമ്മിഗ്രേഷന്‍ ഏജന്‍സി തടവിലാക്കിയപ്പോഴും റംസി ഖാസി വക്കാലത്ത് എടുത്തിരുന്നു. ഇതെല്ലാം വലതുപക്ഷം ഇന്ന് കുത്തിപ്പൊക്കുയാണ്. സെപ്്റ്റമ്പര്‍ 11ന്റെ ഭീകരാക്രമണത്തില്‍ പിടിയിലായവരോടുള്ള അനുഭാവം പ്രകടിപ്പിച്ചും റംസി ഖാസിം രംഗത്തെത്തിയെന്നും വിവാദമുണ്ട്. കുറ്റവാളികളെ ആക്രമണത്തിന് പ്രേരിപ്പിച്ചത് ഏതെങ്കിലും 'സ്വതസിദ്ധമായ തിന്മ'യല്ല, മറിച്ച് അമേരിക്കയോടുള്ള നീരസമാണെന്ന് ഖാസിമിന്റെ വാദം. 2025-ല്‍, ഇദ്ദേഹം ഹമാസ് അനുകൂല പരിപാടി സംഘടിപ്പിച്ചതും വിവാദമായിരുന്നു. അതായത് അല്‍ഖായിദയുമായി നേരിട്ട് ബന്ധമില്ലെങ്കിലും, പരോക്ഷമായ തീവ്രവാദ പ്രവര്‍ത്തനം തന്നെയാണ് ഇയാള്‍ നടത്തുന്നതെന്ന് വിമര്‍ശനമുണ്ട്. എന്നാല്‍ ഭരണകൂടം വേട്ടയാടുന്ന നിരപരാധികളായ മുസ്ലീങ്ങള്‍ക്ക് ഒപ്പമാണ് താന്‍ എന്നാണ്, റംസി ഖാസിം പറയുന്നത്.

വിവാദങ്ങള്‍ വിലകൊടുക്കാതെ മംദാനി

എന്നാല്‍ ന്യൂയോര്‍ക്ക് മേയര്‍ മംദാനിയാവട്ടെ ഈ വിവാദങ്ങള്‍ക്കൊന്നും തരിമ്പും വിലകൊടുക്കുന്നില്ല. എല്ലാം കുപ്രചാരണം എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതികരിക്കുന്നത്. ലോകത്തിന്റെ തലസ്ഥാനം എന്ന് പറയാവുന്ന ഈ നഗരത്തിന്റെ മേയറായി, ഒരു ഇന്ത്യന്‍ വംശജന്‍ തിരഞ്ഞെുടക്കപ്പെട്ടപ്പോഴുള്ള ആഹ്ലാദം ഇപ്പോള്‍ പലപ്പോഴും ആശങ്കയായി മാറുന്നുണ്ട്.

34-കാരനായ മംദാനി ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യന്‍, ഇന്ത്യന്‍ വംശജനായ മേയറുമാണ്. ട്രംപിന്റെ കടുത്ത എതിരാളിയായ മംദാനി, അദ്ദേഹത്തെ വെല്ലുവിളിച്ചാണ് ഡെമോക്രാറ്റുകളുടെ പരമ്പരാഗത ശക്തികേന്ദ്രം നിലനിര്‍ത്തിയത്. ഇന്ത്യന്‍ സംവിധായിക മീര നയ്യാറുടെയും, ഇന്ത്യയില്‍ വേരുകളുള്ള ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി. കടുത്ത ഫലസ്തീന്‍ അനുകുലിയും ഇസ്രയേല്‍ വിരുദ്ധനുമാണ്. രാഷ്ട്രീയപരമായി ഇന്ത്യക്കൊപ്പമല്ല അദ്ദേഹം നില്‍ക്കുന്നതും.

കൃത്യമായ ഇസ്ലാമോ- ലെഫ്റ്റ് രാഷ്ട്രീയമാണ് മംദാനിയുടേത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടുപിടിക്കുക, ജാതി- മത സംഘടനകളുടെ ഫണ്ട് കൈപ്പറ്റുക, എന്നിവയൊക്കെ സാധാരണ ഇത്തരം കാര്യങ്ങളൊക്കെ ഇന്ത്യ പോലുള്ള രാജ്യങ്ങളിലാണ് നടക്കാറുള്ളത്. പക്ഷേ ഏറെ പുരോഗമിച്ചുവെന്ന് പറയുന്ന അമേരിക്കയിലും അതുതന്നെയാണ് നടന്നത്. മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നല്‍കിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയില്‍ നിന്നാണെന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തന്നെയാണ്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (സിഎഐആര്‍) ആണ് മംദാനിക്ക് ഫണ്ട് നല്‍കിയ പ്രധാന സംഘടനയെന്നാണ് മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ ഫലസ്തീന്‍-അമേരിക്കന്‍ ആക്ടിവിസ്റ്റ് ലിന്‍ഡ സര്‍സൂര്‍ വെളിപ്പെടുത്തിയത്. ഇത് വന്‍ വിവാദമായിരുന്നു.

ഹമാസുമായുള്ള ബന്ധത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സംഘടനയാണ്, സിഎഎസ്ആര്‍. മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ ലിന്‍ഡ സര്‍സൂര്‍ താനും സിഎഐആറുമാണ് മംദാനിയുടെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്ന് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാലയളവില്‍ ലഭിച്ച ഏകദേശം 30 ലക്ഷം ഡോളര്‍ സംഭാവനയില്‍ നിന്ന് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യായ യൂണിറ്റി ആന്‍ഡ് ജസ്റ്റിസ്, ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള മംദാനി അനുകൂല പിഎസിയായ ലോവര്‍ കോസ്റ്റ്സിന് 1,20,000 ഡോളര്‍ (ഏകദേശം 25 കോടി രൂപ) നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഹമാസ് ധനസഹായം നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ സിഎഐആര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളും പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന ഒരു സംഘടനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായാണ് മംദാനിയുടെ മേലുയര്‍ന്നിട്ടുള്ള ആരോപണം. ഇത് വലിയ വിവാദമായിരുന്നു.

നേരത്തെയും മംദാനിയുടെ ജിഹാദി ബന്ധം വിവാദമായിരുന്നു. 93- ലെ ബോംബാക്രമണത്തിലെ ആരോപിതനായ ഇമാം സിറാജ് വഹാജിനൊപ്പമുള്ള ചിത്രം മംദാനി പങ്ക് വച്ചത് മാസങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വഹാജിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, പ്രതികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ പോയിട്ടുണ്ടെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു . ആക്രമണവുമായി വഹാജ് തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും അക്രമികളായ തീവ്രവാദികളെ അദ്ദേഹം പ്രതിരോധിച്ചു. എഫ്ബിഐയെയും സിഐഎയെയും 'യഥാര്‍ത്ഥ തീവ്രവാദികള്‍'' എന്ന് മുദ്രകുത്തി. 1993-ലെ ബോംബാക്രമണ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്ന് ശിക്ഷിക്കപ്പെട്ട 'അന്ധനായ ഷെയ്ഖ്'' എന്നറിയപ്പെടുന്ന തീവ്രവാദ നേതാവ് ഷെയ്ഖ് ഒമര്‍ അബ്ദുല്‍-റഹ്‌മാനുമായി വഹാജിന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ മുസ്ലീങ്ങള്‍ ഒന്നിച്ചാല്‍ 'നിങ്ങള്‍ ബുഷിനോ ക്ലിന്റനോ വോട്ട് ചെയ്യേണ്ടതില്ല'' എന്നും അവര്‍ക്ക് അവരുടെ 'സ്വന്തം അമീറിനെ തിരഞ്ഞെടുത്ത് അദ്ദേഹത്തോട് കൂറ് പുലര്‍ത്താമെന്നും'' വഹാജ് പറഞ്ഞിരുന്നു. അതായത് ശരിക്കും മതപരമായ ആശയങ്ങളാണ് അയാള്‍ പുലര്‍ത്തുന്നത്. മംദാനിയും പിന്തുടരുന്നത് പച്ചയായ മതമാണെന്ന് നേരത്തെ വിമര്‍ശനം വന്നിട്ടുണ്ട്. ഇസ്ലാമിക സംഘടനകളാണ് അയാള്‍ക്ക് പിന്നില്‍ അണിനിരന്നത്്. നേരത്തെ ശരിയ്യ ഫോര്‍ ന്യൂയോര്‍ക്ക് എന്ന് പ്രശ്നം ഉയര്‍ന്നപ്പോള്‍ മംദാനി ഒന്നും മിണ്ടിയിരുന്നുമില്ല. അതുപോലെ ഫലസ്തീനികള്‍ ഒപ്പം നില്‍ക്കുകയും, നെതന്യാഹുവിനെ ഈ രാജ്യത്തേക്ക് കയറ്റാന്‍ അനുവദിക്കില്ല എന്ന നിലപാട് എടുക്കുകയും ചെയ്തയാളാണ് മംദാനി. ഇപ്പോള്‍ ഖുര്‍ആനില്‍ തൊട്ടുള്ള സത്യപ്രതിജ്ഞയുമെല്ലാം വഴി മതത്തെ രാഷ്ട്രീയത്തിലേക്ക് കടത്തുകയാണ് മംദാനി ചെയ്യുന്നതെന്ന് വ്യാപക വിമര്‍ശനമുണ്ട്.