ശ്രീനഗർ: ജമ്മു കശ്മീരിൽ നിർമ്മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കത്തിന്റെ  നിർമ്മാണ പുരോഗതി വിലയിരുത്തി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ഗവർണർ മനോജ് സിൻഹയും ഗഡ്കരിക്കൊപ്പമുണ്ടായിരുന്നു. നിർമ്മാണപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനു വേണ്ടിയായിരുന്ന സന്ദർശനം. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ടണലാണ് ജമ്മുകശ്മീരിൽ നിർമ്മിക്കുന്നത്. 6,800 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

സോന്മാർഗിൽ നിർമ്മിക്കുന്ന തുരങ്കം ലഡാക്കിലേക്ക് എല്ലാ കാലാവസ്ഥയിലും ഗതാഗതം സാധ്യമാക്കും. ചരിത്രപരമെന്ന് തുരങ്കത്തെ വിശേഷിപ്പിച്ച ഗഡ്കരി, കശ്മീർ മുതൽ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന സ്വപ്നപദ്ധതിയുടെ ഭാഗമാണ് സോജില തുരങ്കമെന്നും പറഞ്ഞു. മഞ്ഞുവീഴ്ച മൂലം ശ്രീനഗർ-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്ന പതിവ് സോജില തുരങ്കം യാഥാർഥ്യമാകുന്നതോടെ ഇല്ലാതാകും.

 

സോജില തുരങ്കം നിർമ്മിക്കുന്നതോടെ സംസ്ഥാനത്തെ വിനോദ സഞ്ചാരമേഖലയ്ക്ക് കൂടുതൽ ഉത്തേജനം ലഭിക്കുകയും തൊഴിലവസരങ്ങൾ വർദ്ധിക്കുമെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. കൂടാതെ, കശ്മീരും കന്യാകുമാരിയും തമ്മിലുള്ള റോഡ് കണ്ക്ടിവിറ്റി കൈവരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

13.14 കിലോമീറ്റർ നീളമുള്ള ടണലിന്റെയും റോഡിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. സോജില ടണൽ യാഥാർത്ഥ്യമാക്കുന്നത്തോടെ ശ്രീനഗർ-കാർഗിൽ ലേ എന്നിവിടങ്ങളിലേക്കുള്ള യാത്ര മൂന്ന് മണിക്കൂറിൽ നിന്ന് 20 മിനിറ്റായി കുറയും. ജമ്മുകശ്മീരിൽ 25,000 കോടി രൂപ മുതൽ മുടക്കിൽ 19 തുരങ്കങ്ങൾ കൂടി നിർമ്മിക്കുമെന്ന് ഗഡ്കരി പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും നീളമേറിയ സോജില തുരങ്കത്തിന് 4,900 കോടി രൂപയാണ് നിർമ്മാണച്ചെലവ്. 2026 ൽ തുരങ്കനിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ശിശിരകാലത്ത് കനത്ത മഞ്ഞുവീഴ്ച മൂലം ശ്രീനഗർ-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം നിരോധിക്കുന്നത് പതിവാണ്. ഇതുമൂലം സാധാരണ ജനങ്ങളുടെ ഗതാഗതവും സൈനികനീക്കങ്ങളും തടസ്സപ്പെടാറുണ്ട്. സോജില തുരങ്കത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകും.

നിലവിൽ മൂന്ന് മണിക്കൂർ യാത്രാസമയം വേണ്ടിവരുന്ന സ്ഥാനത്ത് തുരങ്കനിർമ്മാണം പൂർത്തിയാകുന്നതോടെ ഇരുപത് മിനിറ്റായി യാത്രാസമയം ചുരുങ്ങുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. സമുദ്ര നിരപ്പിൽനിന്ന് 11,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തുരങ്കത്തിൽ രണ്ട് വരി പാതയാണുള്ളത്.

സോജില തുരങ്കനിർമ്മാണത്തിന് 12,000 കോടി രൂപയാണ് ആദ്യം നിർമ്മാണച്ചെലവ് വകയിരുത്തിയതെന്നും പിന്നീട് അന്താരാഷ്ട്ര തലത്തിലുൾപ്പെടെയുള്ള വിദഗ്ധരുമായി ഒരു കൊല്ലത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് നിർമ്മാണച്ചെലവ് 5000 കോടി രൂപയ്ക്ക് താഴെയെത്തിക്കാൻ സാധിച്ചതെന്നും ഗഡ്കരി പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് പ്രതീക്ഷിച്ച ചെലവിനേക്കാൾ 5000 കോടി രൂപയിലധികം ലാഭിക്കാൻ സാധിച്ചതെന്നും നിർമ്മാണം പൂർത്തിയാക്കുന്നതിനായി തൊഴിലാളികൾ മൈനസ് 26 ഡിഗ്രി സെൽഷ്യസിലാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തുരങ്കനിർമ്മാണം പൂർത്തിയാകുന്നതോടെ ടൂറിസവികസനം സാധ്യമാകുമെന്നും തൊഴിലവസരങ്ങൾ വർധിക്കുമെന്നും ഗഡ്കരി പറഞ്ഞു. സ്വിറ്റ്സർലൻഡിലേതുപോലെ റിസോർട്ടുകൾ, സാഹസിക കായിക വിനോദങ്ങൾക്കുള്ള കേന്ദ്രങ്ങൾ എന്നിവ ജമ്മു കശ്മീരിൽ അവതരിപ്പിക്കണമെന്ന് ഗവർണറോടും സംസ്ഥാനസർക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗഡ്കരി അറിയിച്ചു. കാർഗിൽ യുദ്ധസമയത്ത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി വിഭാവനം ചെയ്ത സുഗമമായ ഒരു സഞ്ചാരപാതയാണ് ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

25,000 കോടി രൂപ മുതൽമുടക്കിൽ ജമ്മു കശ്മീരിലുടനീളം 19 ഓളം തുരങ്കങ്ങളാണ് നിർമ്മിക്കുന്നത്. സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്ന നഷ്റി, ബനിഹാൽ മേഖലയിലാണ് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. കൂടാതെ, ഗഗൻഗിറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന സെഡ്-മോർഹ് തുരങ്കം ഇക്കൊല്ലം ഒക്ടോബറിൽ തുറക്കുമെന്നും ഗഡ്കരി അറിയിച്ചു.

ജമ്മുകശ്മീരിലെ പ്രധാന മേഖലകളായ ശ്രീനഗർ, ദ്രാസ്,കാർഗിൽ, ലേ എന്നീ പ്രദേശങ്ങളെയാണ് സോജില ടണൽ ബന്ധിപ്പിക്കുന്നത്. തുരങ്കത്തിനുള്ളിൽ എമർജൻസി ലൈറ്റിങ്, വെന്റിലേഷൻ സിസ്റ്റം, ടണൽ റേഡിയോ സിസ്റ്റം,സിസിടിവി തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. 2024-ൽ ടണൽ സൈനിക നീക്കങ്ങൾക്കായി തുറന്ന് നൽകാനുള്ള ശ്രമങ്ങളിലാണ് കേന്ദ്രസർക്കാർ. 2018-ൽ മെയ് മാസത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സോജില ടണലിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. 2026-ഓടെ ടണൽ നിർമ്മാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു.