കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തിൽ സോണ്ടയ്ക്ക് കരാർ ലഭിക്കാൻ വേണ്ടി നടത്തിയ കള്ളക്കളികൾ പുറത്തേക്ക്. സോണ്ടയേക്കാൾ കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിയെയും അവഗണിച്ചാണ് കരാർ നൽകിയത്. ബയോമൈനിങ് നടത്താൻ 4 വർഷം മുൻപ് ടെൻഡർ വിളിച്ചപ്പോളാണ് ഇത്തരമൊരു സംഭവം നടന്നത്. ഈറോഡ് കേന്ദ്രമായ കമ്പനി ആവശ്യപ്പെട്ടതു സോണ്ട ഇൻഫ്രാടെക്കിനു കരാർ നൽകിയ തുകയുടെ പകുതി മാത്രമായിരുന്നു. 2019 ൽ ഈറോഡ് കേന്ദ്രമായ 'നെപ്റ്റിയൂൺ ഓട്ടമേഷൻ' ക്വോട്ട് ചെയ്തത് ക്യുബിക് മീറ്ററിന് 597 രൂപയാണ്. എന്നാൽ 2021 ൽ സോണ്ടയ്ക്കു കരാർ നൽകിയത് അതിന്റെ ഇരട്ടി തുകയ്ക്ക് ക്യുബിക് മീറ്ററിന് 1155 രൂപ. ഇതിൽ നിന്നു തന്നെ സോണ്ടയ്ക്ക് വേണ്ടി നടത്തിയ കള്ളക്കളിൽ വ്യക്തമാണ്.

2019 ഓഗസ്റ്റ് 14നു വിളിച്ച ആദ്യ ടെൻഡറിൽ ആരും പങ്കെടുത്തില്ല. ഒക്ടോബർ 26നു റീടെൻഡർ വിളിച്ചപ്പോൾ നെപ്റ്റിയൂൺ മാത്രമാണു വന്നത്. ബ്രഹ്മപുരത്ത് 2.63 ലക്ഷം ഘനമീറ്റർ മാലിന്യമുണ്ടെന്നായിരുന്നു അന്നത്തെ കണക്ക്. അതിന് മൊത്തം ചെലവ് 15.71 കോടി രൂപയാണ് കണക്കാക്കിയത്. തുടർന്ന് നെപ്റ്റിയൂണിനു കരാർ നൽകുന്ന കാര്യം 2020 ലെ ആദ്യ 3 മാസങ്ങളിൽ ചേർന്ന കോർപറേഷന്റെ 6 കൗൺസിൽ യോഗങ്ങൾ ചർച്ച ചെയ്തു. എന്നാൽ, തുക കൂടുതലാണെന്നും ക്രമക്കേടുണ്ടെന്നും ആരോപിച്ച് എൽഡിഎഫ് എതിർത്തതോടെ തീരുമാനമെടുത്തില്ല.

ഇതിനിടെ 2020 മാർച്ച് അഞ്ചിനു ദുരന്ത നിവാരണ നിയമം ഉപയോഗിച്ചു സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുത്തു. കോർപറേഷനോടു ടെൻഡർ റദ്ദാക്കാനും സംസ്ഥാന വ്യവസായ വികസന കോർപറേഷനോടു (കെഎസ്‌ഐഡിസി) പുതിയ ടെൻഡർ വിളിക്കാനും നിർദേശിച്ചു. കെഎസ്‌ഐഡിസി വിളിച്ച ടെൻഡർ വഴിയാണു വിവാദ കമ്പനിയായ സോണ്ടയുടെ വരവ്. അവരുടെ പരിശോധനയിൽ മാലിന്യത്തിന്റെ അളവ് 4.75 ലക്ഷം ഘന മീറ്ററായി. ഒരു ഘനമീറ്ററിന്റെ ചെലവ് 1155 രൂപയായി. മൊത്തം ചെലവ് 54.90 കോടി രൂപയും.

2020 ആദ്യം കോർപറേഷൻ യുഡിഎഫ് ഭരിക്കുമ്പോൾ 15.71 കോടി രൂപയുടെ കരാറിനെ എതിർത്ത എൽഡിഎഫ്, അധികാരം കിട്ടിയതോടെ നിലപാട് മാറ്റി. 2021 സെപ്റ്റംബറിൽ 55 കോടി രൂപയുടെ കരാർ സോണ്ടയുമായി ഒപ്പുവച്ചു. പഴയ ടെൻഡർ ബയോമൈനിങ്ങിനു വേണ്ടിയല്ല, ബയോ ക്യാപ്പിങ്ങിനു (മാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചു നീക്കാതെ കുഴിയെടുത്തു മൂടുന്ന പ്രക്രിയ) വേണ്ടിയായിരുന്നെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, അത് ബയോമൈനിങ് തന്നെയായിരുന്നുവെന്ന് 2020 മാർച്ച് മൂന്നിലെ കോർപറേഷൻ കൗൺസിൽ അജൻഡയിൽ വ്യക്തമാണ്.

അതേസമയം ബ്രഹ്മപുരത്ത് വിവാദമായ സോൺട ഇൻഫോടെക് 10 വർഷം മുൻപാണ് സ്ഥാപിതമായത്. കേന്ദ്ര കമ്പനി കോർപ്പറേറ്റ് മന്ത്രാലയത്തിന് കൈമാറിയ രേഖകൾ പ്രകാരം സോൺടയുടെ പ്രധാന ലക്ഷ്യം റിയൽ എസ്റ്റേറ്റും ഫ്‌ളാറ്റ് നിർമ്മാണവും അടിസ്ഥാന സൗകര്യ വികസനവും അടക്കം നിർമ്മാണ മേഖല കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഒരു കമ്പിനി രൂപീകരിക്കുമ്പോൾ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തെ അറിയിക്കുകയും അവരിൽ നിന്നും അനുമതി വാങ്ങുകയും ചെയ്യാറുണ്ട്.

അതിനായി കമ്പിനി 10 വർഷം മുൻപ് കേന്ദ്ര സർക്കാരിന് നല്കിയ ഓബ്ജക്ടീവാണ് റിയൽ എസ്റ്റേറ്റും ഫ്‌ളാറ്റു നിർമ്മാണവും അടക്കം അടിസ്ഥാന സൗകര്യ പദ്ധതികൾ, അപ്പാർട്ടുമെന്റുകൾ, വില്ലകൾ, പാർപ്പിട സമുച്ചയങ്ങൾ, വാണിജ്യ സമുച്ചയങ്ങൾ, റിസോർട്ടുകൾ, ഇൻഫർമേഷൻ ടെക്‌നോളജി പാർക്കുകൾ, അമ്യൂസ്‌മെന്റ് പാർക്കുകൾ, വ്യവസായ പാർക്കുകൾ എന്നിവ സ്ഥാപിക്കുക . റോഡുകൾ, ഹൈവേകൾ, റെയിൽവേ, എയർവേകൾ, ജലപാതകൾ, തുറമുഖങ്ങൾ, ഗതാഗത സംവിധാനങ്ങൾ, പാലങ്ങൾ, ശുചിത്വം, ആരോഗ്യം, വിനോദസഞ്ചാരം എന്നിവയുടെ സജ്ജീകരണം, വികസനം, പാട്ടത്തിനെടുക്കൽ, നിർമ്മാണം, പ്രവർത്തനം, അറ്റകുറ്റപ്പണികൾ, നവീകരണം, വിദ്യാഭ്യാസം, ഭക്ഷണം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ, വ്യാവസായിക, വാണിജ്യ കെട്ടിടങ്ങൾ, ഫാക്ടറികൾ, കടകൾ, ഓഫീസുകൾ, ഹോട്ടലുകൾ, , റിസർവോയറുകൾ, ടൂറിസ്റ്റ് റിസോർട്ട് കേന്ദ്രങ്ങൾ, അതിഥി മന്ദിരങ്ങൾ, വിശ്രമ മന്ദിരങ്ങൾ, വാട്ടർ ഷെഡുകൾ എന്നിവ സ്ഥാപിക്കുക.

എന്നാൽ 2016 ഓക്ടോബറിൽ രാജ്കുമാർ ചെല്ലപ്പൻപിള്ള കമ്പിനിയുടെ മേജർ ഷെയറുകൾ കൈക്കലാക്കി എം ഡി ആയി എത്തുന്നു. ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ് അഞ്ചു മാസം കഴിഞ്ഞായിരുന്നു ഈ നിർണായക നീക്കം. വെറും അഞ്ചു ലക്ഷം രൂപ വരുമാനവും 91,92276 രൂപ നഷ്ടത്തിലും പ്രവർത്തിക്കുന്ന കമ്പിനിയിൽ വൈക്കം വിശ്വന്റെ മരുമകൻ എത്തിയത് ദൈവ ദൂതനെ പോലെ ആയിരുന്നു. രാജ്കുമാർ ചെല്ലപ്പൻപിള്ള എം ഡി യായി രണ്ടു മാസം കഴിയുന്നതിന് മുൻപ്്് തന്നെ കമ്പിനിയുടെ മെയിൻ ഒബ്‌ജെക്ടീവ് മാറ്റി.

പ്രത്യേക ജനറൽ ബോഡി വിളിച്ചാണ് തീരുമാനം എടുത്ത് കോർപ്പറേറ്റ് മന്ത്രാലയത്തെ അറിയിച്ചത്. അതായത് റിയൽ എസ്റ്റേറ്റ് രംഗത്ത് നിന്ന കമ്പനി ഒറ്റയടിക്ക് ഖരമാലിന്യ നിർമ്മാർജ്ജന ദൗത്യത്തിലേക്ക് മാറുന്നു. 2016 ഡിസംബർ 28ന് എടുത്ത് തീരുമാനം പ്രകാരം ആധുനിക മാലിന്യ ശേഖരണ സംവിധാനം സ്ഥാപിക്കൽ, മാലിന്യത്തിൽ നിന്ന് ഊർജ പ്ലാന്റുകൾ സ്ഥാപിക്കൽ, മാലിന്യ ശേഖരണവും ഗതാഗതവും, മതിയായതും ആധുനികവുമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാലിന്യത്തിന്റെയും മലിനജലത്തിന്റെയും ശേഖരണം, ഗതാഗതം, നിർമ്മാർജനം, ശാസ്ത്രീയ സംസ്‌കരണം എന്നിവയുമായി ബന്ധപ്പെട്ടോ അല്ലെങ്കിൽ അനുസൃതമായോ മറ്റ് എല്ലാ പ്രവർത്തനങ്ങളും എന്ന രീതിയിൽ കമ്പനിയുടെ പ്രധാന ഒബ്ജടീവ് മാറ്റുന്നു.

കേരളം മാലിന്യ സംസ്‌ക്കരണ രംഗത്ത് പ്രതിസന്ധിയിൽപ്പെട്ട്് നിൽക്കുകയും കേരളത്തിലെ നഗരസഭകളിൽ യഥേഷ്ടം കടന്നു ചെല്ലാൻ കഴിയുന്ന സാഹചര്യം ഉറപ്പിക്കുകയും ചെയ്തിട്ടായിരുന്നു ഇങ്ങനെയൊരു മാറ്റം. ഇതോടെ കമ്പിനിയുടെ ശനിദശയും മാറി തുടങ്ങി. കമ്പനി ആഗ്രഹിക്കുന്ന തരത്തിൽ കാര്യങ്ങൾ നീക്കാൻ രാഷ്ട്രീയ പിന്തും കൂടി വന്നതോടെ വെച്ചടി വെച്ചടി കയറ്റമായി. 2019-20 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം വരുമാനം 44,16,75842 രൂപയായി ഉയർന്നു. ലാഭം 5,45,32,793 കോടിയായി. 2020-21 ആയപ്പോഴേയ്ക്കും വരുമാനം 32,99,90363 കോടിയായി. 2022-23 വർഷത്തെ കണക്കുകൾ സോൺട ഇതുവരെ സമർപ്പിച്ചിട്ടില്ല.

2016 ഒക്ടോബറിൽ സോൺട ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ എം.ഡിയായ ശേഷം രാജ്കുമാർ ചെല്ലപ്പൻപിള്ള. 2017 ഒക്ടോബറിൽ മറ്റൊരു കമ്പനിയുടെ കൂടി ഡയറക്ടർ ബോർഡിൽ കടന്നു കൂടി. സോൺട്ട എൻവയോൺമെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. പിന്നീട് 2019 ഫെബ്രുവരിയിൽ എഡ്ജവാഴ്‌സിറ്റി ലേണിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്നു. അതേ വർഷം തന്നെ ജൂലൈയിൽ വേസ്റ്റ് മാനേജ് മെന്റ് കരാർ ലക്ഷ്യം വെച്ച് വീണ്ടും കമ്പനി രൂപീകരിക്കുന്നു. മലബാർ വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്നു കമ്പനിയുടെ പേര്. 2020 മേയിലും ഇതേ ഉദ്ദേശത്തിൽ വേണാട് വേസ്റ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുന്നു.