കൊച്ചി: സിപിഎം നേതാവും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് വിജയം. കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ഹർജിയിൽ ഹൈക്കോടതി അനുകൂലമായി വിധി പറഞ്ഞു. കെ സുധാകരനെതിരെ ചുമത്തിയിരുന്ന ഗൂഢാലോചനാ കുറ്റം തള്ളുകയാണ് ഹൈക്കോടതി ചെയ്തത്. സുധാകരനെ പ്രതിചേർക്കാൻ തെളിവുകൾ ഇല്ലെന്നാ ഹൈക്കോടതി വ്യക്തമാക്കി.

ഈ കേസിൽ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് തന്നെയും കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടു സുധാകരൻ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയെ സമീപിച്ചത്. സുധാകരനെതിരെ ഗൂഢാലോചനയ്ക്കു തെളിവുകളുണ്ടെന്നു ചൂണ്ടിക്കാട്ടി ഹർജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടർന്നാണ് കെപിസിസി അധ്യക്ഷൻ ഹൈക്കോടതിയെ സമീപിച്ചത്.

1995 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവം. ചണ്ഡിഗഢിൽനിന്ന് സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങവെ ട്രെയിനിൽ വെച്ച് ജയരാജനു നേരെ അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. ജയരാജനെ കൊല്ലാൻ മറ്റ് പ്രതികൾക്കൊപ്പം ഗൂഢാലോചന നടത്തിയെന്നും കൃത്യം നടത്താൻ ഏൽപ്പിച്ചത് സുധാകരനാണെന്നുമാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നത്.

ജലന്തറിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത് നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ചാണ് ഇ പി ജയരാജന് വെടിയേറ്റത്. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ കുടുംബസമേതം രാജധാനി എക്സ്‌പ്രസ്സിലായിരുന്നു നാട്ടിലേക്ക് തിരിച്ചത്. എ.സി. കോച്ചിൽ വാഷ്‌ബേസിനു സമീപം നിൽക്കുമ്പോഴാണ് ജയരാജന് വെടിയേറ്റത്. ട്രെയിനിൽ കൊള്ളക്കാരെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കേരളീയരായിരുന്ന വിക്രം ചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

അന്ന് കണ്ണൂർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോൺഗ്രസ്സ് നേതാവായിരുന്ന കെ.സുധാകരനും സിപിഎം. ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജനും തമ്മിൽ വാക്പോര് നടക്കുന്ന കാലമായിരുന്നു. അണികൾ തമ്മിൽ കയ്യാങ്കളിയും പതിവായിരുന്നു. സംഭവം ആന്ധ്രയിലാണ് നടന്നതെന്നതിനാൽ ആന്ധ്രയിലെ കോൺഗ്രസ്സ് നേതൃത്വവും വിവാദങ്ങളിൽ വലിച്ചിഴക്കപ്പെട്ടു. പ്രതിപ്പട്ടികയിൽ കെ. സുധാകരനും പരേതനായ എം. വി രാഘവനും ഉൾപ്പെട്ടിരുന്നു. ഇവർ ഗൂഢാലോചന നടത്തിയാണ് ജയരാജനു നേരെ അക്രമമുണ്ടായതെന്നാണ് സിപിഎം ആരോപണം. തുടർന്ന് കേസിൽ നിന്നും സുധാകരനും എം.വി രാഘവനും ഒഴിവാക്കപ്പെട്ടു. പ്രതിയായ ദിനേശൻ ശിക്ഷിക്കപ്പെടുകയും ചെയ്തു.

ആന്ധ്രയിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഇടപെടലിലാണ് സുധാകരനും രാഘവനും രക്ഷപ്പെട്ടതെന്നാണ് സിപിഎം വിശ്വസിക്കുന്നത്. അക്കാലത്ത് കെ.സുധാകരനേയും എം.വി രാഘവനേയും ജില്ലയിലെങ്ങും ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി സിപിഎം പ്രചാരണം അഴിച്ചുവിട്ടിരുന്നു. വെടിയേറ്റ സംഭവത്തെ തുടർന്ന് ഇ.പി. ജയരാജൻ മാസങ്ങളോളം വീട്ടിൽ വിശ്രമജീവിതം നയിക്കേണ്ടി വന്നു. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നൽകി പകരം എം.വി ഗോവിന്ദൻ മാസ്റ്ററെ നിയമിക്കുകയും ചെയ്തിരുന്നു.

ഇടയ്ക്കിടെ ജയരാജന്റെ കഴുത്തിലെ വെടിയുണ്ട കേരളത്തിൽ ചർച്ചയായിരുന്നു. ഇ.പി.ജയരാജൻ എന്ന വ്യക്തി അടുത്ത കാലം വരേയും ജനപ്രിയ നേതാവായി ഉയർന്നതിന് പിന്നിലും ഈ വെടിവെപ്പ് സംഭവം കാരണമായിട്ടുണ്ട്. എന്നാൽ തലയിൽ വെടിയുണ്ടയുമായി ജീവിക്കുകയാണ് ഇ.പി. ജയരാജനെന്ന സിപിഎമ്മിന്റെ വാദം. ഈ വാദത്തെ പരിഹസിച്ച് കെ സുധാകരൻ തന്നെ രംഗത്തുവന്നിരുന്നു.