തിരുവനന്തപുരം: തദ്ദേശവാര്‍ഡ് വിഭജനത്തിനായി കമ്മീഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു വാര്‍ഡ് വീതം കൂടും. ഇതിനുള്ള ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഓണ്‍ലൈനായി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് നീക്കം.

ഈ ഓര്‍ഡിനന്‍സ് ഉടന്‍ രാജ്ഭവനിലേക്ക് അയക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിലെടുക്കുന്ന തീരുമാനം നിര്‍ണ്ണായകമാകും. പരാതി ഉയരുന്ന ഓര്‍ഡിനന്‍സുകളില്‍ അതിവേഗ തീരുമാനം രാജ്ഭവന്‍ എടുക്കാറില്ല. അതുകൊണ്ടു കൂടിയാണ് ഈ ഓര്‍ഡിനന്‍സില്‍ രാജ് ഭവന്റെ തീരുമാനം എന്താകുമെന്ന ചര്‍ച്ച ഉയരുന്നത്. ഈ വിഷയത്തിലും പരാതി ഗവര്‍ണ്ണറെ പ്രതിപക്ഷം അറിയിക്കാന്‍ സാധ്യതയുണ്ട്.

ഓരോ തദ്ദേശ സ്ഥാപനത്തിലും ജനസംഖ്യാനുപാതികമായി ഒരു വാര്‍ഡ് വീതം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വാര്‍ഡ് പുനര്‍ നിര്‍ണയ ഓര്‍ഡിനന്‍സിനാണ് മന്ത്രിസഭ അനുമതി നല്‍കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 1000 പേര്‍ക്ക് ഒരു വാര്‍ഡ് എന്നാണ് കണക്ക്. എന്നാല്‍, ജനസംഖ്യ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വാര്‍ഡ് പുനര്‍ നിര്‍ണയം കൊണ്ടുവരുന്നത്. ചെറിയ ഗ്രാമപഞ്ചായത്തുകളില്‍ ചുരുങ്ങിയത് 13 വാര്‍ഡും വലിയ പഞ്ചായത്തുകളില്‍ പരമാവധി 23 വാര്‍ഡുമാണ് അനുവദിച്ചിട്ടുള്ളത്. പുനര്‍നിര്‍ണയം വരുന്നതോടെ ഇത് 14 മുതല്‍ 24 വരെയാകും.

സംസ്ഥാനത്തെ 1200 തദ്ദേശ സ്ഥാപനങ്ങളിലായി 21,865 ജനപ്രതിനിധികളാണുള്ളത്. വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയായശേഷം 2025 ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 1200 ജനപ്രതിനിധികള്‍ അധികമായി വരും. സംസ്ഥാനത്തെ 941 ഗ്രാമപ്പഞ്ചായത്തുകളില്‍ നിലവില്‍ 15,962 വാര്‍ഡുകള്‍ ഉണ്ട്. പുനര്‍വിഭജനത്തിലൂടെ 941 വാര്‍ഡുകള്‍ കൂടും. 87 മുനിസിപ്പാലിറ്റികളില്‍ മട്ടന്നൂര്‍ ഒഴികെയുള്ളവയിലായി 3078 വാര്‍ഡും 6 കോര്‍പറേഷനുകളില്‍ 414 വാര്‍ഡുമുണ്ട്.

ഇവയിലും ഓരോ വാര്‍ഡ് വീതം കൂടും. മട്ടന്നൂരിലെ വാര്‍ഡ് വിഭജനം നേരത്തേ നടന്നിരുന്നു. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 വാര്‍ഡും 14 ജില്ലാ പഞ്ചായത്തുകളില്‍ 331 ഡിവിഷനുകളുമാണുള്ളത്.