- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഗോത്രത്തലവന്മാര്ക്ക് മെഷീന് ഗണ്ണും ലാന്‍ഡ് റോവറും വേണം; 38 ലക്ഷത്തില്‍ തര്‍ക്കം; നിമിഷ പ്രിയയയുടെ മോചനത്തില്‍ പുതിയ പ്രതിസന്ധി
കൊച്ചി: യെമനിൽ തടങ്കലിലുള്ള നിമിഷപ്രിയയുടെ മോചനത്തിൽ പുതിയ പ്രതിസന്ധി. പ്രീ നെഗോസിയേഷൻ പണപ്പിരിവുമായി ബന്ധപ്പെട്ട് തർക്കമുയർന്നതിനാൽ നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചിട്ടില്ല. ബ്ലഡ് മണി ചർച്ചകൾക്കായി പ്രീ നെഗോസിയേഷന് 40,000 അമേരിക്കൻ ഡോളർ (38 ലക്ഷം ഇന്ത്യൻ രൂപ) വേണമെന്നാണു യമനിൽനിന്ന് സാമുവൽ ജെറോമും അവിടത്തെ അഭിഭാഷകനും ആക്ഷൻ കൗൺസിൽ അംഗങ്ങളായ ദീപ ജോസഫും ബാബു ജോണും ആവശ്യപ്പെടുന്നത്. ഇതാണ് പ്രതിസന്ധിയാകുന്നത്.
38 ലക്ഷത്തിലധികം വരുന്ന തുക സാമുവലും അഭിഭാഷകനും ചേർന്നു തുടങ്ങുന്ന അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നായിരുന്നു ആദ്യ ആവശ്യം. 38 ലക്ഷം പ്രീ നെഗോസിയേഷനു നൽകിയാൽ നിമിഷയുടെ മോചനം ഉറപ്പാകുമോ എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. ഇതോടെ പണപ്പിരിവ് പ്രതിസന്ധിയിലായി. നിമിഷ പ്രിയയെ മോചിപ്പിക്കാൻ ശ്രമം തുടരുമ്പോഴും വ്യക്തതയില്ലാത്ത പണപ്പിരിവുമായി സഹകരിക്കില്ലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അറിയിച്ചു. ച്രാരിറ്റിയുടെ മറവിൽ നടക്കുന്ന തട്ടിപ്പുകളിൽ നിമിഷക്കേസ് അടയാളപ്പെടരുതെന്ന് ആഗ്രഹമുള്ളതിനാലാണു തീരുമാനമെന്ന് അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ വിശദീകരിച്ചുവെന്ന് മംഗളം റിപ്പോർട്ട് ചെയ്യുന്നു.
ആക്ഷൻ കൗൺസിൽ അക്കൗണ്ട് മാറ്റിനിർത്തി ചിലർ സ്വന്തം അക്കൗണ്ട് വഴി പണം പിരിക്കുന്നതിനെയാണ് എതിർക്കുന്നത്. ഇക്കാര്യം പൊതുസമൂഹം മുമ്പാകെ വ്യക്തമാക്കാൻ കഴിഞ്ഞ 15 നു ചേർന്ന യോഗം തീരുമാനിച്ചതായും സുഭാഷ് ചന്ദ്രൻ പറയുന്നു. നഷ്ടപരിഹാരം സ്വീകരിക്കാമെന്ന് ഇരയുടെ കുടുംബം വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നെഗോസിയേഷൻ പണം എന്തിനെന്നാണ് ഉയർത്തുന്ന ചോദ്യം.. ചർച്ചകൾക്കു പോകുമ്പോൾ ഗോത്രത്തലവന്മാർക്കു മെഷീൻ ഗണ്ണും ലാൻഡ് റോവറുമൊക്കെ സംഘടിപ്പിക്കാൻ പണം വേണം എന്നാണു മറുപടി. ഒപ്പം മാസങ്ങളോളം കുടിൽകെട്ടി കാവ കുടിക്കാനാണെന്നും യെമനിലുള്ളവർ പറയുന്നത്രേ.
എന്നാൽ നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാൻ ഇതു കൂടി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. നിമിഷപ്രിയയുടെ മോചനത്തിനായി വ്യാജ അക്കൗണ്ടിലേക്ക് പണം സ്വരൂപിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന (ഡി.എം.സി.) കൂട്ടായ്മയാണ് ഇതിനു പിന്നിലെന്ന് സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു. ഇവർ പണം ആവശ്യപ്പെടുന്ന അഭ്യർത്ഥന വിവിധ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത് മുന്നിൽക്കണ്ട് അനധികൃത പണപ്പിരിവ് നടത്തുന്നതിൽനിന്ന് സംഘടനകളും വ്യക്തികളും പിന്മാറണമെന്നു ആക്ഷൻ കൗൺസിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. അല്ലാത്ത പക്ഷം നിയമനടപടി ഉൾപ്പെടെ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ഇതാണ് ആക്ഷൻ കൗൺസിലിന്റെ ഔദ്യോഗിക അക്കൗണ്ട് വിവരങ്ങളും പങ്കുവച്ചു. ഈ അക്കൗണ്ടിലേക്കല്ലാതെ അയക്കുന്ന സംഭവനകൾ സംബന്ധിച്ച പരാതികൾക്ക് സംഘടന ഉത്തരവാദിയല്ലെന്നും വ്യക്തമാക്കി. നെന്മാറ എംഎൽഎ. കെ. ബാബു, കൗൺസിലിലെ മുതിർന്ന അംഗം മൂസ, കൗൺസിൽ ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട് എന്നിവരുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജോയിന്റ് ബാങ്ക് അക്കൗണ്ടാണ് ആരംഭിച്ചിരിക്കുന്നത്. ഇത്തരം തർക്കങ്ങൾക്ക് കാരണം പ്രീ നഗോസിയേഷൻ തുകയെ കുറിച്ചുള്ള തർക്കമാണ്.