- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുരിതം വിതച്ച് കനത്ത മഴ; കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കോട്ടയത്ത് താറാവ് കര്‍ഷകന്‍ മുങ്ങിമരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപ്പെട്ടതിനെത്തടര്‍ന്ന് അടുത്ത അഞ്ചുദിവസം വ്യാപകമായി ഇടി, മിന്നല്‍, കാറ്റ് എന്നിവയോടുകൂടിയ മിതമായ ഇടത്തരം മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇന്ന് രണ്ട് പേര്‍ മരിച്ചു. മഞ്ചേരിയിലെ പാറമടയില്‍ കാണാതായ അതിഥി തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഒഡീഷ സ്വദേശി ഡിസ്‌ക് മാന്റിഗയാണ് മരിച്ചത്. കോട്ടയം മാളിയേക്കടവില്‍ താറാവ് കര്‍ഷകന്‍ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദന്‍ (65) ആണ് മരിച്ചത്.
താറാവുകളെ പാടത്തിറക്കി, വള്ളത്തിലൂടെ പോകവേയാണ് അപകടം. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് വള്ളത്തില്‍ നിന്നും വെള്ളത്തിലേക്ക് വീണതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
താറാവുകളെ പാടത്തിറക്കിയതിന് ശേഷം വളളത്തിലാണ് കര്‍ഷകര്‍ കൊണ്ടുപോകാറുള്ളത്. ഇങ്ങനെ കൊണ്ടുപോകുന്ന സമയത്താണ് സദാനന്ദന്‍ വെള്ളത്തിലേക്ക് വീണത്. ഏതെങ്കിലും രീതിയിലുള്ള ആരോഗ്യപരമായ പ്രശ്‌നങ്ങളാണോ കാരണം എന്ന് വ്യക്തതയില്ല. ഇവിടം ആഴമുള്ള പ്രദേശമല്ല. മൃതദേഹം ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കര്‍ഷകന്റെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
ഇടുക്കി ജില്ലയിലെ മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയിട്ടുണ്ട്. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഇവിടെ ബ്ലു അലര്‍ട്ട് പ്രഖ്യാപിച്ചു. ഷട്ടറുകള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ബ്ലു അലര്‍ട്ട് നല്‍കിയത്. മഴ തുടര്‍ന്നാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടി വരും. മേഖലയില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. അതിനിടെ കുവൈത്ത് -കണ്ണൂര്‍ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടു. വിമാനത്താവളം നില്‍ക്കുന്ന മട്ടന്നൂരില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് കുവൈത്ത് -കണ്ണൂര്‍ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ച് വിട്ടത്.