- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പെരിയാറിലെ മത്സ്യക്കുരുതി: ഓഫിസിലേക്കു ചീഞ്ഞ മീന് എറിഞ്ഞ് സമരക്കാര്
കൊച്ചി: പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് പുഴയും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയതോടെ കടുത്ത പ്രതിഷേധം ഉയർത്തി മത്സ്യകർഷകരും നാട്ടുകാരും. ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫിസ് ഉപരോധിച്ചു. സമരം ചെയ്തവരും പൊലീസും തമ്മിൽ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി. സമരക്കാർ ഓഫിസിലേക്കു ചീഞ്ഞ മീൻ എറിഞ്ഞു. പെരിയാർ സംഭവത്തിൽ ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ വാദം.
ഇനി മനുഷ്യരായിരിക്കും ചാകാൻ പോകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം മാത്രമല്ല, ഇനി ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയണം എന്നാണ് അവരുടെ ആവശ്യം. ടി.ജെ. വിനോദ് എംഎൽഎയും ഡിസിസി സെക്രട്ടറി മുഹമ്മദ് ഷിയാസും ഉൾപ്പെടെയുള്ളവർ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുമായി ചർച്ച നടത്തുന്നുണ്ട്. മത്സ്യക്കർഷകരും കോൺഗ്രസ് പ്രവർത്തകരും സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് പ്രവർത്തകരും പരിസ്ഥിതി പ്രവർത്തകരുമാണ് പ്രതിഷേധിക്കുന്നത്.
മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതിന്റെ കാരണം ഓരുവെള്ളം കയറി ഓക്‌സിജന്റെ അളവ് കുറഞ്ഞതാകാം എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിലപാട്. അതേസമയം, ഫാക്ടറികളിൽ നിന്നുള്ള രാസമാലിന്യങ്ങളാണ് ഇത്തവണത്തെ ദുരന്തത്തിന് കാരണമെന്ന് കർഷകർ ആരോപിക്കുന്നു. പെരിയാറിൽ കൂടുകൾ ഒരുക്കി ഇതിൽ മത്സ്യകൃഷി നടത്തിയവരാണ് ഈ ദുരന്തം നേരിട്ടത്. മീനുകൾ കൂട്ടത്തോടെ ചത്തു പൊങ്ങിയതോടെ പെരിയാർ വലിയ തോതിൽ മലിനമായി. ഈ മത്സ്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കണം എന്നും കർഷകർ ആവശ്യപ്പെടുന്നു.
കോടികളുടെ നാശനഷ്ടമാണ് തങ്ങൾക്കുണ്ടായതെന്ന് മത്സ്യക്കർഷകർ ഒരേ ശബ്ദത്തിൽ പറയുന്നു. സർക്കാർ സ്ഥാനപനങ്ങളുടെ അനാസ്ഥയാണ് ഈ ദുരന്തത്തിന് പിന്നിലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഇത്രയധികം നഷ്ടം ഇതുവരെ മത്സ്യക്കർഷകർക്കുണ്ടായിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതിനെത്തുടർന്നാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. വിഷയത്തിൽ അടിയന്തര സഹായം വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സംഭവത്തേക്കുറിച്ച് വിശദമായി പരിശോധിക്കാൻ സബ് കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരമായി കമ്മറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സമരം അവസാനിപ്പിക്കാൻ നാല് കാര്യങ്ങളാണ് സമരക്കാർ മുന്നോട്ടുവെക്കുന്നത്. കർഷകരുടെ നഷ്ടം കണക്കാക്കി സാമ്പത്തിക സഹായം നൽകണം, ഉൾനാടൻ കർഷകർക്ക് വരുന്ന ആറ് മാസത്തേക്ക് സഹായം ഒരുക്കണം, മാലിന്യം ഒഴുക്കിയ കമ്പനികൾക്കെതിരേ തക്കതായ നടപടി സ്വീകരിക്കണം, മാലിന്യമൊഴുക്കിയതിനെതിരേ നടപടികളൊന്നും സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരേയും നടപടി വേണം തുടങ്ങിയ ആവശ്യമാണ് സമരക്കാർ മുന്നോട്ട് വെക്കുന്നത്.
വെള്ളത്തിൽ വിഷാംശം കലർന്നതിനെത്തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി മാറിയിരുന്നു. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.
അഞ്ചുലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം രൂപവരെ മുതൽമുടക്കിയാണ് കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ചത്തുപൊങ്ങിയത്. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.
പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന് നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്. പരിസരവാസികളും മത്സ്യത്തൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു.
ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന് രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണമെന്നും മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും നാട്ടുകാർ ആരോപിച്ചു.
പുഴകളിലും കായലുകളിലും വ്യവസായ മാലിന്യം ഒഴുക്കിവിട്ട് ജലവും മത്സ്യസമ്പത്തും മലിനമാക്കുന്ന വ്യവസായ സ്ഥാപനങ്ങൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐ.ടി.യു.) ആവശ്യപ്പെട്ടു. പെരിയാറിനു സമീപമുള്ള വ്യവസായ സ്ഥാപനങ്ങൾ മാലിന്യം തള്ളിയിട്ടും ഇതു തടയേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവാദിത്വത്തിൽനിന്നു പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ജില്ല ഭരണകൂടം ഇടപെടണമെന്നും ജില്ലാ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, സെക്രട്ടറി ടി.കെ. ഭാസുരദേവി എന്നിവർ ആവശ്യപ്പെട്ടു.
പെരിയാറിൽ മത്സ്യങ്ങൾ ചത്തു പൊങ്ങിയ സംഭവത്തിൽ അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷ് മലിനീകരണ നിയന്ത്രണ ബോർഡിന് ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതു കൂടാതെ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഫോർട്ട് കൊച്ചി സബ് കലക്ടറുടെ നേതൃത്വത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ്, ഇറിഗേഷൻ, വ്യവസായ വകുപ്പ്, ആരോഗ്യ വകുപ്പ്, വാട്ടർ അഥോറിറ്റി, ഫിഷറീസ് എന്നീ വകുപ്പ് പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി ഒരാഴ്ചക്കകം ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും
മഴമൂലം പാതാളം റെഗുലേറ്റർ ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറന്നതിനാൽ ഉപ്പുവെള്ളവുമായി ചേർന്ന് ജലത്തിൽ ഓക്‌സിജന്റെ അളവ് പെട്ടെന്ന് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങൾ ചത്തുപൊങ്ങാനിടയായത് എന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഇപ്പോഴും പറയുന്നത്. എന്നാൽ പ്രദേശം ഒരു വ്യവസായ മേഖലയായതിനാൽ പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിവിട്ടതിന്റെ ഫലമായാണോ ഇത് സംഭവിച്ചതെന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് കുറ്റക്കാരായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതടക്കമുള്ള നടപടികൾ അടിയന്തരമായി സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാൻ മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എഞ്ചിനീയർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിരുന്നു.
സംഭവസ്ഥലത്തെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകൾ മലിനീകരണ നിയന്ത്രണ ബോർഡ് ശേഖരിച്ചിട്ടുണ്ട്. അത് കുഫോസ് സെൻട്രൽ ലാബിലേക്ക് പരിശോധനക്കായി നൽകി. ഒരാഴ്ചക്കുള്ളിൽ ഇതിന്റെ പരിശോധനാ ഫലം ലഭിക്കുമെന്നറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ. മത്സ്യസമ്പത്തിന്റെ നാശനഷ്ടം കണക്കാക്കി ഫിഷറീസ് ഡയറക്ടർക്ക് 3 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർക്കും കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.