- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഞാനൊരു കുഴിയിലാണ്, നിങ്ങള്‍ ഈ കുഴിയിലേക്ക് ഇറങ്ങരുത്': മോഹന്‍ലാലിനോട് ഞാന്‍ പറഞ്ഞു; ആവശ്യമെങ്കില്‍ താന്‍ ഭരത്ചന്ദ്രനാകുമെന്നും സുരേഷ് ഗോപി
തിരുവനന്തപുരം: 'അമ്മ'യില്‍ ചെന്നപ്പോള്‍ എല്ലാവര്ക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്ഷന് പ്രചരണകാലത്ത് എവിടെപ്പോയെന്ന് പലരും കുറ്റം പറയുന്നുണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. താനാണ് താരങ്ങളെ വിലക്കിയതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു സ്വീകരണ ചടങ്ങിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
ജനങ്ങള്‍ക്ക് ഭരത്ചന്ദ്രനെ ആണ് ആവശ്യമെങ്കില്‍ താന്‍ ഭരത്ചന്ദ്രനായി പെരുമാറുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ. ജീവിതത്തില്‍ പല വിഷയങ്ങളുണ്ടായപ്പോഴും കേസുകള്‍ ഉണ്ടായപ്പോഴും മോഹന്‍ലാല്‍ തന്നെ വിളിച്ചിട്ടുണ്ട്.. 'സുരേഷ് ഞാനെന്താണ് ചെയ്യേണ്ടത്'. "ഒന്നും ചെയ്യേണ്ടതില്ല, നിങ്ങള്‍ നിങ്ങളെ തന്നെ സംരക്ഷിച്ചുകൊള്ളുക. ഞാനൊരു കുഴിയിലാണ്. ഞാന്‍ ഈ കുഴിയില്‍ നിന്നു കയറിവരും. പക്ഷേ നിങ്ങള്‍ക്കതിനായെന്ന് വരില്ല, ഈ കുഴിയിലേക്ക് ഇറങ്ങരുത്." ഇതാണ് താന്‍ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
"എനിക്ക് ഇപ്പോള്‍ ഭയങ്കരമായി ഉണ്ടായിരിക്കുന്നത് വ്യക്തിത്വനഷ്ടം ആണ്. ആശയക്കുഴപ്പമല്ല, എന്റെ ഉത്തരവാദിത്തവും സാമൂഹികമായ കടമകളുമൊക്കെ എനിക്കറിയാം എന്നാലും എന്റെ വ്യക്തിത്വത്തിന് ഇപ്പോള്‍ ഒരു മാറ്റം വന്നിരിക്കുകയാണ്. ഒരു തിരഞ്ഞെടുപ്പിലൂടെ വിജയിച്ച് ഏറ്റെടുത്ത ഉത്തരവാദിത്തത്തിന് വേണ്ടി ചില ക്രമീകരണങ്ങള്‍ ആവശ്യമാണ്. അതുപോലെ തന്നെ നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കുന്ന ഒരു ജനപ്രതിനിധി എന്ന നിലയില്‍ ഞാന്‍ പലപ്പോഴും അച്ചടക്കത്തോടെ നില്‍ക്കേണ്ടി വരുന്നു എന്നത് എന്റെ ഹൃദയത്തില്‍ അടിച്ചേല്‍പ്പിച്ച ഒരു കാര്യമാണ്. അതിന്റെ പേരില്‍ എന്റെ സ്വത്വം ചോദ്യം ചെയ്യപ്പെടുന്നു എന്ന ഒരവസ്ഥയുണ്ടെങ്കില്‍ ഞാനതില്‍ നിന്ന് രക്ഷ നേടാനായി കാത്തിരിക്കുന്നു എന്ന കാര്യവുമാണ് ഞാന്‍ ആത്മാര്‍ഥമായി മോഹന്‍ലാലിനോടും രഞ്ജിത്തിനോടും ഫോണില്‍ കൂടി പറഞ്ഞത്. എന്റെ അച്ചടക്കവും നിഷ്ഠകളും മുന്‍ശുണ്ഠിയും എന്റെ നേതാക്കള്‍ക്കെല്ലാം അറിയാം. മോദിജി എന്നോട് ഇത് സൂചിപ്പിച്ചപ്പോഴും ഞാന്‍ പറഞ്ഞത്, അസാധ്യമാണ്. കാരണം ഞാന്‍ ഇതാണ്, ഇങ്ങനെയല്ലാതെ എനിക്ക് ജീവിക്കാന്‍ സാധിക്കില്ല.
'കമ്മിഷണര്‍' ചെയ്യുന്നത് വരെ ജീവിതത്തില്‍ 'പോടാ' എന്നൊരു വാക്ക് പോലും ഉപയോഗിച്ചിട്ടില്ല. എന്റെ അമ്മ ഇപ്പോഴും പറയും എന്തൊരു നല്ല പൊന്നുമോന് ആയിരുന്നു ഇവനെന്ന്. എന്നെ തല്ലാന്‍ ആളെ അയച്ചിട്ടുള്ള ആളാണ് സുരേഷ്കുമാര്‍, അതും ചെയ്യാത്ത തെറ്റിന്. എന്റെ തല്ലു കൊള്ളാന്‍ പറ്റില്ല എന്ന് പറഞ്ഞവരുടെ തല്ലല്ല, അവരോടൊപ്പം സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നാണ് ഞാന്‍ പറഞ്ഞത്. അത് ഇനിയും അങ്ങനെ തന്നെ. അത് മാത്രമാണ് അന്ന് നടന്നത്. അത് പറഞ്ഞതിന് അന്ന് റഹ്മാനെ പൊക്കിക്കൊണ്ട് നടക്കുന്ന സുരേഷ് കുമാര്‍ "ആഹാ അവന് അങ്ങനെ പറഞ്ഞോ, അവന് നായര്‍ ആണെന്നൊന്നും ഞാന്‍ നോക്കില്ല, ഇവിടെ വാടാ, അടി അവനെ" എന്ന് പറഞ്ഞ മഹാന് ആണ് ഇന്ന് കേരളത്തില്‍ മുഴുവന്‍ എന്റെ ഇരട്ട സഹോദരനായി അറിയപ്പെടുന്ന ഈ സുരേഷ് കുമാര്‍.
അന്നു റൂമിനകത്ത് പേടിച്ചിരുന്നു ഫോണ്‍ എടുത്ത് ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് പറഞ്ഞ ഇടത്തു നിന്ന് കമ്മിഷണറിലൂടെ ഞാന്‍ പരിണമിച്ചു വന്നെങ്കില്‍ ഇന്ന് സുരേഷ് കുമാര്‍ എന്നെ തല്ലാന്‍ ആളുകളെ വിട്ടാല്‍ ആ ആളുകളെയും ഞാന്‍ തല്ലി ഓടിക്കും, സുരേഷ് കുമാറിന്റെ നെഞ്ചും ഞാന്‍ ഇടിച്ചു തകര്‍ക്കും. അതിലേക്ക് എന്നെ വളര്‍ത്തിയത് രണ്‍ജി പണിക്കരുടെ പേനയും ഷാജിയുടെ കയ്യിലിരിപ്പുമാണ്. രാഷ്ട്രീയത്തില്‍ വന്നതിനു ശേഷം നിങ്ങള്‍ കാണുന്ന സുരേഷ് ഗോപി അല്ല, യഥാര്‍ഥ ആള് എന്ന ആരോപണം വരുന്നുണ്ട്. എതിര് രാഷ്ട്രീയക്കാര്‍ക്ക് എന്നെ ചെറുതാക്കുന്നത് അവരുടെ ആവശ്യമാണ്. ഞാന്‍ എന്ത് അല്ല എന്നത് വലുതാക്കി കാണിച്ച് എന്നെ മോശക്കാരനാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്നെ ജയിപ്പിച്ച് എനിക്കൊപ്പം നിന്ന ജനതയാണ് എന്റെ ദൈവം. അവര്‍ക്ക് രാഷ്ട്രീയമേയില്ല.
എന്നെ വിശ്വസിച്ച് ഇറങ്ങി വന്ന്, എനിക്ക് അഞ്ചു മക്കളെ സമ്മാനിച്ച ഭാര്യയെ ചോദ്യചിഹ്നമാക്കി മറ്റുന്ന തരത്തില്‍ ഒരു വക്ര ഭരണ രാഷ്ട്രീയനീക്കം ഉണ്ടായി. അന്നാണ് ലോകമെമ്പാടുമുള്ള സ്ത്രീപക്ഷത്തു നിന്ന് ഇത്രയും ശക്തമായി എന്റെ പിന്നില്‍ അണിനിരന്നത്. ഭരത്ചന്ദ്രന്റെ ഒരു ശുണ്ഠി എന്റെ രക്തത്തില്‍ അല്ല, ഹൃദയത്തിലുണ്ട്. ആ ഭരത്ചന്ദ്രനെ ആണ് ജനതയ്ക്ക് ആവശ്യം എങ്കില്‍ ഞാന്‍ ഭരത്ചന്ദ്രന് ആയി ജീവിക്കും, ഭരത്ചന്ദ്രനായി പെരുമാറും, ഭരത്ചന്ദ്രന് ആയി എന്റെ ഉത്തരവാദിത്തം നിര്‍വഹിക്കും, ഭരത്ചന്ദ്രനായി തന്നെ മരിക്കും എന്ന് വാക്കുനല്‍കുകയാണ്. എന്റെ ഹൃദയത്തില്‍ നിന്നുണ്ടാകുന്ന വികാരം അടിച്ചമര്‍ത്തിയിട്ടില്ല മറച്ചുവച്ചിട്ടില്ല. ഇഷ്ടമില്ലാത്ത എന്തുകാര്യവും ഞാന്‍ തുറന്നുപറഞ്ഞിട്ടുണ്ട്.
എന്റെ ജീവിതത്തില്‍ പല വിഷയങ്ങളുണ്ടായപ്പോഴും കേസുകള്‍ ഉണ്ടായപ്പോഴും മോഹന്‍ലാല്‍ എന്ന മനുഷ്യന് വിളിക്കും. 'സുരേഷ് ഞാനെന്താണ് ചെയ്യേണ്ടത്'. "ഒന്നും ചെയ്യേണ്ടതില്ല, നിങ്ങള്‍ നിങ്ങളെ തന്നെ സംരക്ഷിച്ചുകൊള്ളുക. ഞാനൊരു കുഴിയിലാണ്. ഞാന്‍ ഈ കുഴിയില്‍ നിന്നു കയറിവരും. പക്ഷേ നിങ്ങള്‍ക്കതിനായെന്ന് വരില്ല, ഈ കുഴിയിലേക്ക് ഇറങ്ങരുത്."ഇതാണ് ഞാന്‍ അദ്ദേഹത്തോട് മറുപടിയായി പറഞ്ഞത്.
ഇപ്പോള്‍ പലരും കുറ്റം പറയുന്നുണ്ട്, 'അമ്മ'യില്‍ ചെന്നപ്പോള്‍ എല്ലാവര്ക്കും എന്തൊരു സ്നേഹം, ഇവരൊക്കെ ഇലക്ഷന് പ്രചരണകാലത്ത് എവിടെപ്പോയെന്ന്. ഞാനാണ് അവരെ വിലക്കിയത്. ഈ പരിഹാസം ഏറ്റുവാങ്ങാന്‍ അവരൊരു പാപവും ചെയ്തിട്ടില്ല. എന്നിട്ടും അവര്‍ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആ അഭിപ്രായപ്രകടനങ്ങള്‍ക്ക് അവരുടെ സിനിമാ ജീവിതം തകര്‍ത്തു കളയുന്നൊരു സംവിധാനം മലയാള സിനിമയിലുണ്ടെങ്കില്‍ അതിന്റെ ഒടുക്കം തുടങ്ങിക്കഴിഞ്ഞു. ജീവത്യാഗം ചെയ്യേണ്ടി വന്നാലും ശരി തന്നെ അത് ഒടുക്കിയിരിക്കും.ഇതൊന്നും ഒരു മന്ത്രിയായി ഞാന്‍ സംസാരിക്കുന്നതല്ല. സിനിമയില്‍ നിന്ന് ഒരുപാട് ചവിട്ടും കുത്തും ഏറ്റുവാങ്ങിയ ആളാണ് ഞാന്‍. ഒരച്ഛനായും മകനായും ഞാന്‍ ആ വേദന നിങ്ങള്‍ക്കു മുന്നില്‍ പറയും."