തിരുവനന്തപുരം: 2016 മുതലുള്ള രണ്ട് നിയമസഭാ തെരഞ്ഞെടുപ്പും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും, ചെങ്ങന്നൂർ- പാല ഉൾപ്പെടെയുള്ള നിരവധി ഉപതെരഞ്ഞെടുപ്പിലും അഭിപ്രായ സർവേ നടത്തി കൃത്യമായി ഫലം പ്രവചിച്ച മറുനാടൻ മലയാളി, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും ജനഹിതം അറിയാൻ എത്തുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നുണ്ടായ, ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണം മൂർധന്യത്തിൽ എത്തിനിൽക്കെയാണ്, മറുനാടൻ മലയാളിയും, പാലാ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും, സംയുക്തമായി അഭിപ്രായ സർവേ നടത്തുന്നത്. ഓഗസ്റ്റ് 24, 45, 26 തീയതികളിലായി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും മറുനാടൻ ടീം നേരിട്ട് എത്തിയാണ് റാൻഡം സർവേ നടത്തിയത്. സർവേയുടെ ഫലം സെപ്റ്റമ്പർ ഒന്നിന് രാവിലെ 11 മണിമുതൽ മറുനാടൻ ടിവിയിലും, മറുനാടൻ മലയാളി പോർട്ടലിലുമായി സംപ്രേഷണം ചെയ്യും.

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ഉമ്മൻ ചാണ്ടിയുടെ മകൻ, ചാണ്ടി ഉമ്മൻ മത്സരിക്കുമ്പോൾ, ഇടതു സ്ഥാനാർത്ഥിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന യുവ നേതാവ് ജെയ്ക്ക് സി തോമസാണ് കളത്തിലുള്ളത്. എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിൽ നിന്ന് ലിജിൻ ലാലും മത്സരിക്കുന്നു. വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണർക്കാട്, പുതുപ്പള്ളി, മീനടം, അയർക്കുന്നം എന്നിങ്ങനെ എട്ട് പഞ്ചായത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. ഇതിൽ മീനടവും അയർക്കുന്നവും മാത്രമാണ് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകൾ. ബാക്കി ആറും എൽഡിഎഫ് ഭരണമാണ്. 2016 തെരഞ്ഞെടുപ്പ് വേളയിൽ വാകത്താനത്തു മാത്രമായിരുന്നു എൽഡിഎഫ് ഭരണം. എല്ലാ കാലവും യുഡിഎഫിനൊപ്പം സഞ്ചരിച്ചിരുന്ന പഞ്ചായത്തുകൾ പലതും കഴിഞ്ഞ തവണ അട്ടിമറിയിലൂടെ എൽഡിഎഫ് നേടുകയായിരുന്നു. സഭാ തർക്കം, കേരളാ കോൺഗ്രസിന്റെ മുന്നണി മാറ്റം എന്നിവയൊക്കെ മണ്ഡലത്തെ ബാധിച്ചിരുന്നു. ഇത്തവണയും അത് എൽഡിഎഫിന് ഗുണമാവുമോ അതോ, ഉമ്മൻ ചാണ്ടി വികാരം എല്ലാറ്റിനെയും മാറികടക്കുമോ എന്ന വിവിധ വശങ്ങൾ സർവേ പരിശോധിക്കുന്നു.

പുതുപ്പള്ളിയിൽ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനുശേഷം ഉമ്മൻ ചാണ്ടിയില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 1970ൽ 26ാം വയസ്സിൽ ഇടതുചേരിയിൽനിന്ന് ഉമ്മൻ ചാണ്ടി മണ്ഡലം പിടിച്ചെടുത്തത് മുതൽ മറ്റൊരാൾക്ക് ഇവിടെ വിജയിക്കാനായിട്ടില്ല. പുതുപ്പള്ളിക്കാർ ഏതെങ്കിലും ഒരു മുന്നണിയെ അല്ല, ഉമ്മൻ ചാണ്ടിയെ വിജയിപ്പിക്കുകയായിരുന്നുവെന്ന് പറയാം. 1957ലും 60ലും പി സി ചെറിയാനിലൂടെ പുതുപ്പള്ളി നിലനിർത്തിയ കോൺഗ്രസിനെ 65ലും 67ലും നടന്ന തെരഞ്ഞെടുപ്പിൽ മണ്ഡലം കൈവിട്ടു. സിപിഎമ്മിലെ ഇഎം ജോർജായിരുന്നു എതിരാളി. 70ൽ ഹാട്രിക്കിന് ശ്രമിച്ച ജോർജിനെ നേരിടാൻ കോൺഗ്രസ് കളത്തിലിറക്കിയ ഉമ്മൻ ചാണ്ടിക്ക് 2021 വരെയും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

1970ലെ കന്നിയങ്കത്തിലെ ഭൂരിപക്ഷം 7,288 വോട്ടായിരുന്നെങ്കിൽ, 2016ൽ എസ്എഫ്ഐ നേതാവ് ജെയ്ക് സി തോമസിനോട് ഏറ്റുമുട്ടിയപ്പോൾ ഭൂരിപക്ഷം 27,092 ആയിരുന്നു. അഴിമതി ആരോപണങ്ങളും സോളാർ വിവാദവും പുതുപ്പള്ളിയിലെ ജനകീയ നേതാവിനെ ഒട്ടും ബാധിച്ചിട്ടില്ല. പക്ഷേ കഴിഞ്ഞ തവണ ഭൂരിപക്ഷം പക്ഷേ 9,044 ലേക്കു താഴ്ന്നു. 2011 മുതൽ ബിജെപിയുടെ വോട്ടുശതമാനത്തിൽ വർധനയുണ്ട്. 2006ൽ 3.05 ശതമാനത്തിൽനിന്ന് 2011ൽ 5.71 ശതമാനവും, 2016ൽ 11.93 ശതമാനമായും ഉയർന്നു. എന്നാൽ, 2021ൽ 8.87 ശതമാനമായി താഴ്ന്നിരുന്നു.

സർവേ നടത്തിയത് എങ്ങനെ?

മലയാളത്തിലെ മറ്റൊരു മാധ്യമത്തിനുമില്ലാത്ത കൃത്യതയാണ് മറുനാടൻ സർവേയെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പിലും മറുനാടന്റെ പ്രവചനം ശരിയായിരുന്നു. വിദേശ മാധ്യമങ്ങളും, ഇന്ത്യയിലെ പ്രമുഖ ദേശീയ മാധ്യമങ്ങളും അവലംബിക്കുന്ന അതേ രീതിയായ ഡബിൾ ബ്ലൈൻഡ് റാൻഡം സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡു തന്നെയാണ് മറുനാടൻ ടീമും അവലംബിക്കുന്നത്. പ്രമുഖരായ തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധരും ടീമിന്റെ ഭാഗമാവുന്നുണ്ട്. ഒരു പ്രത്യേക ലക്ഷ്യത്തിനല്ലാതെ, റാൻഡമായി ആളുകൂടുന്ന സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. ജാതി മതഭേദമന്യേ- പ്രായ, ലിംഗഭേദമില്ലാതെ ജനം ഇടപെടുന്ന ഇത്തരം സ്ഥലങ്ങളിൽനിന്ന് ഉയരുന്ന അഭിപ്രായ പ്രകടനം ഒരു സമൂഹത്തിന്റെ പരിഛേദം ആവമെന്നതാണ് തെരഞ്ഞെടുപ്പ് വിശകലന ശാസ്ത്രം.

നിങ്ങളുടെ വോട്ട് ആർക്ക് എന്ന സുപ്രധാന ചോദ്യത്തിനൊപ്പം, ആ ഉത്തരത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണെന്നും സർവേ വിശദമായി പരിശോധിച്ചു. ഉമ്മൻ ചാണ്ടിയുടെ മരണത്തിന്റെ ഭാഗമായി വന്ന സഹതാപ തരംഗം, മത-സാമുദായിക ഘടകങ്ങൾ, സ്ഥാനാർത്ഥിയുടെ മികവ്, പിണറായി സർക്കാറിന്റെ പ്രകടനം, പ്രതിപക്ഷത്തിന്റെ പ്രകടനം, മണ്ഡല വികസനം, തുടങ്ങിയ വിവിധ വിഷയങ്ങളിൽ പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് സർവേ ടീം വോട്ടർമാരുടെ സർവേയ്ക്ക് തയ്യാറെടുത്തത്.

പുതുപ്പള്ളി മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലായി മൂവായിരത്തോളം ആളുകളിൽ നിന്ന് വിവരം എടുത്താണ് സർവേ നടത്തിയത്. ഇതിനു പുറമേ സാമൂഹ്യ മാധ്യമങ്ങൾ കേന്ദ്രീകരിച്ചും വിവരങ്ങൾ എടുത്തിട്ടുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകൻ എം റിജുവാണ് സർവേ വിശകലനം ചെയ്യുന്നത്. മറുനാടൻ ചീഫ് റിപ്പോർട്ടർ ആർ പിയൂഷിന്റെ നേതൃത്വത്തിലുള്ള ടീം വിവരങ്ങൾ ശേഖരിച്ചു. ബസ് സ്റ്റാൻഡുകളിലും, റെയിൽവേ സ്റ്റേഷനിലും, ചന്തകളിലും, പാർക്കുകളിലും, ബീച്ചിലും, നഗരചത്വരങ്ങളിലും, ഷോപ്പിങ്ങ് മാളുകളിലുമൊക്കെയായി വിവിധ വിഭാഗത്തിൽ പെടുന്ന ജനങ്ങളെ നേരിട്ട് കണ്ടാണ് സർവേ പൂർത്തീകരിച്ചത്. സ്ത്രീകളുടെയും വയോധികരുടെ അഭിപ്രായം അറിയാൻ വീടുകളിൽ നേരിട്ട് ചെന്നും സർവേ നടത്തിയിട്ടുണ്ട്. അതുപോലെ തെരഞ്ഞെടുക്കപ്പെട്ട കോളജുകളിലും സർവേ നടന്നു.

ഏറ്റവും പ്രധാനം ഇത് ഒരു സ്വതന്ത്രമായ അഭിപ്രായ സർവേയാണെന്നാണ്. മറുനാടൻ മലയാളിയുടെ രാഷ്ട്രീയ നിലപാടുമായി ഈ സർവേക്ക് യാതൊരു ബന്ധവുമില്ല. മാത്രമല്ല ഏത് സർവേകളും പ്രതിഫലിപ്പിക്കുന്നത് ആ സമയത്ത് തെരഞ്ഞെടുപ്പ് നടന്നാലുള്ള രാഷ്ട്രീയ കാലാവസ്ഥയാണ്. ഇത് വളരെ പെട്ടന്ന് മാറി മറിയാം. അഭിപ്രായ സർവേകളിൽ പത്തു ശതമാനം വരെ മനുഷ്യസഹജമായ തെറ്റുകളും ( ഹ്യൂമൻ എറർ) വരാം. ഇന്ത്യയിലും കേരളത്തിലും വിദേശ രാഷ്ട്രങ്ങളിലുമൊക്കെ എക്സിറ്റ്‌പോളുകൾ പോലും പല തവണ മാറിമറഞ്ഞ സംഭവങ്ങൾ നേരത്തെ ഉണ്ടായിട്ടുണ്ട്. അതായത് ഏത് സർവേയിലെയും പോലെ മറുനാടനും അടിസ്ഥാനപരമായ ചില രാഷ്ട്രീയ സൂചകങ്ങളാണ് മുന്നോട്ട് വെക്കുന്നത്. ഇത് ഒരു അന്തിമ വിധിയല്ലെന്നും വായനക്കാരെ അറിയിക്കയാണ്.