തിരുവനന്തപുരം: മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവര്‍ണര്‍ വിളിപ്പിച്ചതെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിരുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 167 (B ) പ്രകാരം സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവര്‍ണര്‍ വിശദീകരണം തേടിയാല്‍ അതിന് മറുപടി പറയാനുള്ള ബാധ്യത മുഖ്യന്ത്രിക്കുണ്ടെന്ന് വി.മുരളീധരന്‍ ചൂണ്ടിക്കാട്ടി.

റൂള്‍സ് ഓഫ് ബിസിനസ് 34 (2 ) പ്രകാരം കേന്ദ്ര- സംസ്ഥാന അധികാര പരിധിയില്‍ വരുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ വന്നാല്‍ പൊതുവേദിയില്‍ പറയും മുമ്പ്, ഗവര്‍ണറെ അറിയിക്കാന്‍ ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. സിപിഎമ്മിന്റെ ഭരണഘടന സംരക്ഷണവാദത്തിന്റെ കാപട്യം ഒരിക്കല്‍കൂടി പുറത്തുവരുകയാണെന്നും മുന്‍കേന്ദ്രമന്ത്രി പ്രതികരിച്ചു.

സംസ്ഥാന മുഖ്യമന്ത്രി രാജ്യദ്രോഹക്കുറ്റത്തിലടക്കം ആരോപണം ഉയര്‍ന്ന ഒരു എഡിജിപിയെ കസേര മാറ്റി ഇരുത്തി സംരക്ഷിക്കുകയാണ് ചെയ്തത്. നിയമസഭയില്‍ വി.ഡി.സതീശന്റെ ഒത്തുകളി തുടരുകയാണെന്നും വി.മുരളീധരന്‍ ആരോപിച്ചു.

നാടിന്റെ താത്പര്യങ്ങളും ചോദ്യങ്ങളും ചര്‍ച്ച ചെയ്യേണ്ടതിന് പകരം പ്രതിപക്ഷ നേതാവിനെ അവഹേളിച്ചെന്നും പറഞ്ഞ് ഓടിയൊളിക്കുകയാണ് വി.ഡി.സതീശനും കൂട്ടുകാരുമെന്ന് വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.