ലണ്ടന്‍: ലണ്ടനിലെ വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭയ്ക്ക് എതിരെയുള്ള കേസ് അന്ത്യഘട്ടത്തോട് അടുക്കുകയാണ് വ്യാഴാഴ്ച വിചാരണ അവസാനിക്കുമ്പോള്‍ കത്തോലിക്ക സഭ പറയുന്നത് വര്‍ഷങ്ങളായി നടക്കുന്ന തട്ടിപ്പിന് സഭ ഇരയാവുകയായിരുന്നു എന്നാണ്. അവരുടെ ലണ്ടനിലെ ബ്രോക്കര്‍മാരിലൊരാള്‍ തീരെ വിശ്വാസയോഗ്യമല്ലാത്ത വ്യക്തിയാണെന്നും വത്തിക്കാന്‍ എഴുതി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ബ്രിട്ടീഷ് ഇറ്റാലിയന്‍ ബ്രോക്കര്‍ ആയ റാഫേലെ മിന്‍സിയോണ്‍ ആണ് സഭയെ കോടതിയിലെത്തിച്ചത്. വരുന്ന വേനലില്‍ അന്തിമ വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഹാരോഡ്‌സ് വെയര്‍ ഹൗസുമായി ബന്ധപ്പെട്ട 375 മില്യന്‍ ഡോളര്‍ ഇടപാടില്‍ വത്തിക്കാന്‍ ക്രിമിനല്‍ കോടതി മിന്‍സിയോണിനെ കഴിഞ്ഞ വര്‍ഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബ്രിട്ടീഷ് കോടതികളില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായിട്ടാണ് മിന്‍സിയോണ്‍ നിയമ നടപടികള്‍ക്ക് മുതിര്‍ന്നത്. വത്തിക്കാനുമായുള്ള ഇടപാടുകളില്‍ താന്‍ തികഞ്ഞ വിശ്വാസ്യത പുലര്‍ത്തിയിരുന്നതായി പ്രഖ്യാപിക്കണം എന്നാണ് മിന്‍സിയോന്‍ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ കേസ് റദ്ദ് ചെയ്യുവാന്‍ കത്തോലിക്ക സഭ ഏറെ പരിശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചില്ല. എന്നാല്‍ വിചാരണ ആരംഭിച്ചപ്പോള്‍ സഭ തങ്ങളുടെ ആരോപണങ്ങള്‍ കടുപ്പിക്കുകയായിരുന്നു. 2018 ല്‍ കെട്ടിടം വാങ്ങാന്‍ സഭ തീരുമാനിച്ചപ്പോള്‍, മിന്‍സിയോണും മറ്റൊരു ബ്രോക്കറും ചേര്‍ന്ന് കെട്ടിടത്തിന്റെ വില ഉയര്‍ത്തിക്കാട്ടി ലക്ഷക്കണക്കിന് യൂറോ തട്ടാന്‍ ഗൂഢാലോചന നടത്തി എന്നായിരുന്നു സഭ കോടതിയില്‍ ബോധിപ്പിച്ചത്. ബ്രോക്കര്‍ വിശ്വാസയോഗ്യമായ രീതിയിലല്ല പെരുമാറിയതെന്നും സഭ പറഞ്ഞു.

അതേസമയം, കൃത്യമായ വില തന്നെയാണ് താന്‍ പറഞ്ഞത് എന്നതാണ് മിന്‍സിയോണിന്റെ നിലപാട്. കത്തോലിക്ക സഭയ്ക്ക് എതിരെ ഒരു വിദേശ രാജ്യത്തെ കോടതി ചരിത്രത്തില്‍ ആദ്യമായിട്ട് എടുത്ത കേസായിട്ടാണ് ഇത് പരിഗണിക്കപ്പെടുന്നത്. ലണ്ടന്‍ ഇടപാടുകളില്‍ കോടികള്‍ നഷ്ടമായതുമായി ബന്ധപ്പെട്ട് 10 പേരെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് വിചാരണ ചെയ്യാന്‍ വത്തിക്കാന്‍ കോടതി തീരുമാനിച്ചതോടെയാണ് ഈ കേസ് ഉത്ഭവിക്കുന്നത്. ഒരു കര്‍ദ്ദിനാളും, മിന്‍സിയോണും ഉള്‍പ്പടെ 10 പേരെ ഇതില്‍ കുറ്റക്കാരാണെന്ന് വത്തിക്കാന്‍ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍, അതിനുള്ള തെളിവുകളും മറ്റു വിശദാംശങ്ങളും കോടതി പുറത്തു വിട്ടിട്ടില്ല.