- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഴിഞ്ഞം അടിമുടി മാറും; തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനായി അദാനി ഗ്രൂപ്പ് 20000 കോടി നിക്ഷേപിക്കാന്‍ ഒരുങ്ങുന്നു; തുറമുഖ ശേഷിയും വര്‍ധിപ്പിക്കും
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വികസനത്തിന് പുറമേ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി അദാനി ഗ്രൂപ്പ്. വിഴിഞ്ഞത്ത് ക്രൂസ് ടെര്‍മിനല്‍, കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിങ് യൂണിറ്റ്, ഫിഷിങ് ഹാര്‍ബര്‍, അനുബന്ധവികസനമായി സിമന്റ് ഗ്രൈന്‍ഡിങ് പ്ലാന്റ്, സീഫുഡ് പാര്‍ക്ക് തുടങ്ങിയ പദ്ധതികളാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
തുറമുഖത്തിന്റെ അടുത്ത മൂന്നുഘട്ടങ്ങള് നാലുവര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കും. ഇതിന് പുറമേയാണ് അടുത്ത ഘട്ടത്തില്‍ വികസനമെന്ന നിലയില്‍ മറ്റു നിക്ഷേപങ്ങളും എത്തുക. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരമൊരു നീക്കം അദാനി നടത്തുന്നത്. അടുത്ത മൂന്നുഘട്ടങ്ങള്‍ക്കുവേണ്ടി പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പുതുക്കിയ പദ്ധതിപ്രകാരം 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് കഴിഞ്ഞദിവസം മദര്‍ഷിപ്പിന് സ്വീകരണം നല്കിയ ചടങ്ങില്‍ അദാനി പോര്‍ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി വെളിപ്പെടുത്തിയിരുന്നു.
20 ലക്ഷം ടണ്‍ ശേഷിയുള്ള സിമന്റ് ഗ്രൈന്‍ഡിങ് പ്ലാന്റാണ് വിഴിഞ്ഞം പദ്ധതിപ്രദേശത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. സിമന്റ് നിര്‍മാണത്തിനുവേണ്ട വിവിധഘടകങ്ങള്‍ ഇവിടെയെത്തിച്ച് പൊടിച്ച് മിശ്രണംചെയ്യുന്ന യൂണിറ്റാണ് ഗ്രൈന്‍ഡിങ് പ്ലാന്റ്. അതേസമയം തുറമുഖത്തിന്റെ ശേഷിയും ഭാവിയില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
പത്തുലക്ഷം ടി.ഇ.യു. (ട്വന്റി ഫൂട്ട് ഇക്വലന്റ്) കണ്ടെയ്നര്‍ ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യഘട്ടത്തില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കി ഒന്നാംഘട്ടം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ 15 ലക്ഷം ടി.ഇ.യു. കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാനാവുമെന്ന് കരണ്‍ അദാനി വ്യക്തമാക്കിയിരുന്നു. 2047-ല്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിച്ചിരുന്ന പദ്ധതിയുടെ ബാക്കി മൂന്നുഘട്ടങ്ങള് ആഗോളരംഗത്തെ സാധ്യത കണക്കിലെടുത്ത് 2028-നുള്ളില്‍ത്തന്നെ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ധാരണയിലെത്തിയിരുന്നു.
30 ലക്ഷം ടി.ഇ.യു. ശേഷിയാണ് നാലുഘട്ടങ്ങളിലായി വിഴിഞ്ഞത്ത് നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് വിഴിഞ്ഞം തുറമുഖത്തിന്റെ ആകെ ശേഷി 50 ലക്ഷം ടി.ഇ.യു.ആയി ഉയര്‍ന്നേക്കും. ഒന്നാംഘട്ടത്തില്‍ മൂന്നുകിലോമീറ്റര്‍ നീളമുള്ള പുലിമുട്ടും 800 മീറ്റര്‍ ബെര്‍ത്തുമാണ് നിര്‍മിച്ചത്. അടുത്തഘട്ടങ്ങളിലായി പുലിമുട്ടിന്റെ നീളം നാലുകിലോമീറ്ററായും ബെര്‍ത്ത് രണ്ടുകിലോമീറ്ററായും നീട്ടും. പരിസ്ഥിതി അനുമതി ലഭിച്ചാല്‍ ഒക്ടോബറില്‍ത്തന്നെ ഇതിന്റെ നിര്‍മാണം തുടങ്ങും. നിലവില്‍ രണ്ടായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും ഭാവിവികസനം പൂര്‍ത്തിയാവുമ്പോള്‍ 5500 തൊഴിലവസരങ്ങള്‍ കൂടിയുണ്ടാകുമെന്നും കരണ്‍ അദാനി വിശദീകരിച്ചു.
വിഴിഞ്ഞം തുറമുഖം രാജ്യത്തെ ചരക്കുനീക്കത്തില്‍ വലിയനേട്ടമാണ് സൃഷ്ടിക്കുക. ഇന്ത്യയിലേക്കുള്ള കണ്ടെയ്നറുകള്‍ കൊളംബോ ഉള്‍പ്പെടെ തുറമുഖങ്ങളിലേക്ക് മദര്‍ഷിപ്പുകളില്‍ എത്തുകയും അവിടെനിന്ന് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാന്‍ കഴിയുന്ന കപ്പലുകളില്‍ കയറ്റി എത്തിക്കുകയുമാണ് ചെയ്യുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും നീളമുള്ള ചരക്കുകപ്പലുകള്‍ക്കുപോലും വിഴിഞ്ഞത്ത് അടുക്കാനും കണ്ടെയ്നറുകള്‍ ഇറക്കാനും കഴിയും. ഇവിടെ ഇറക്കുന്ന കണ്ടെയ്നറുകള്‍ ഇന്ത്യയിലെയും അയല്‍ രാജ്യങ്ങളിലേയും തുറമുഖങ്ങളിലേക്ക് ചെറിയ കപ്പലുകളില്‍ എത്തിക്കാനുമാവും. അഞ്ചുഘട്ടങ്ങളിലായി നിര്‍മിക്കുന്ന തുറമുഖത്തിന്റെ അടുത്തഘട്ടം പൂര്‍ത്തിയാകുന്നതോടെ ഒരേസമയം അഞ്ച് കണ്ടെയ്നര്‍ കപ്പലുകള്‍ക്ക് വിഴിഞ്ഞത്തെത്തി കണ്ടെയ്നര്‍ കയറ്റിറക്ക് നടത്താന്‍ കഴിയും.
തുറമുഖം പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നര്‍ നീക്കത്തിന്റെ കേന്ദ്രമായി കേരളം മാറുമെന്നാണ് കണക്കുകൂട്ടല്‍. തുറമുഖം വഴി ചരക്കിറക്കുമ്പോള്‍ അതിന്റെ മൂല്യത്തിന്മേല് ഇന്റഗ്രേറ്റഡ് ജി.എസ്.ടി കൂടി കസ്റ്റംസ് വിഭാഗം ഈടാക്കും. ഇതിന്റെ പകുതി സംസ്ഥാനത്തിന് ലഭിക്കുമെന്നതാണ് പ്രധാന വരുമാനം. ഇതിനുപുറമെ ചരക്കുകള്‍ ലോഡ് ചെയ്യുന്നതിനും അണ്‍ലോഡ് ചെയ്യുന്നതിനുമുള്ള ഫീസുമായി ബന്ധപ്പെട്ട നികുതിയും ലഭിക്കും. തുറമുഖം കപ്പലുകള്‍ക്ക് നല്കുന്ന മറ്റ് സേവനങ്ങളുടെ ഫീസിലും നികുതി നേട്ടമുണ്ട്. കപ്പലുകള്‍ തുറമുഖത്ത് ഇന്ധനം നിറക്കുകയാണെങ്കില് അതിന്റെ നികുതിയും സംസ്ഥാനം പ്രതീക്ഷിക്കുന്നു.
വലിയ കപ്പലില്‍ എത്തിക്കുന്ന ചരക്ക് ക്രെയിനുകള്‍ ഉപയോഗിച്ച് ചെറിയ കപ്പലുകളിലേക്ക് മാറ്റി മറ്റ് തുറമുഖങ്ങളിലേക്ക് കൊണ്ടുപോകാനാണ് ഇപ്പോള്‍ കഴിയുക. തുറമുഖവുമായി ബന്ധിപ്പിച്ച റെയില്‍, റോഡ് കണക്ടിവിറ്റിയില്ലാത്തിനാല് കരമാര്‍ഗമുള്ള കണ്ടെയ്നര്‍ നീക്കം സാധ്യമാവില്ല. റോഡ്, റെയില്‍പാത നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.