ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തൊനേഷ്യയില്‍ അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഫ്ളോറസിലെ ഇരട്ട അഗ്നിപര്‍വ്വതമായ മൗണ്ട് ലെവോടോബി ലക്കി ലാക്കിയാണ് പൊട്ടിത്തെറിച്ചത്. ഞായറാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ 1.27നും 2.48നും ഇടയിലാണ് അഗ്‌നിപര്‍വ്വതം പൊട്ടിത്തെറിച്ചത്.

പലയിടങ്ങളിലും വീടുകള്‍ക്ക് മുകളിലേക്ക് ലാവ വന്നു പതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പെട്ടന്നുണ്ടായ പൊട്ടിത്തെറി ആയതിനാല്‍ മേഖലയില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. നിരവധി വീടുകളും കടകളും ഓഫീസുകളും തീവീണ് കത്തിനശിച്ചു. ഗ്രാമത്തിലെ 10,925 പേരെ അഗ്‌നിപര്‍വ്വത സ്ഫോടനം സാരമായി ബാധിച്ചതായി ദുരന്തനിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹരി പറഞ്ഞു. കൂടാതെ ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ അധികൃതരും ആരംഭിച്ചിരുന്നു.

അതേ സമയം വരും ദിവസങ്ങളിലും ലാവ പുറത്തേക്ക് വരുന്നത് തുടരുമെന്നാണ് അധികൃതര്‍ പറയുന്നത്. ചാരം മഴ പോലെ പെയ്യുന്നതിനാല്‍ ആളുകള്‍ മാസ്‌ക് ധരിക്കണമെന്നും നിര്‍ദേശമുണ്ട്. കഴിഞ്ഞ ആഴ്ചയും സമാനമായ രീതിയില്‍ അഗ്‌നിപര്‍വ്വത സ്ഫോടനം ഉണ്ടായിരുന്നു. ഇതിന് മുന്‍പ് ജനുവരിയിലും വലിയ പൊട്ടിത്തെറി ഉണ്ടായിരുന്നു. അന്ന് 2000ത്തോളം പ്രദേശവാസികളെയാണ് ഇവിടെ നിന്ന് മാറ്റി താമസിപ്പിച്ചത്.