ഇസ്ലാമാബാദ്: പ്രണയിച്ചയാളെ വിഹാഹം കഴിക്കാൻ അനുവദിക്കാത്തതിന് പ്രതികാരമായി കൂട്ടക്കൊല. പാകിസ്താനിലാണ് ഞെട്ടിക്കുന്ന കൊലപ്പാതക പരമ്പര ഉണ്ടായത്. ഷെയ്‌സ്ത ബ്രോഹി എന്ന 18 വയസ്സുകാരിയായിരുന്നു മാതാപിതാക്കളെ ഉൾപ്പെടെ കുടുംബത്തിലെ പതിമൂന്ന് പേരെയാണ് വിഷം നൽകി കൊലപ്പെടുത്തിയത്.

സംഭവത്തിൽ യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയായ യുവാവും അറസ്റ്റിലായി. പെൺകുട്ടി കാമുകനുമായി ചേർന്നാണ് മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. ഷെയ്‌സ്ത ബ്രോഹി, കാമുകൻ അമീർ ബക്ഷി എന്നിവർ പോലീസ് പിടിയിലായി.

സിന്ധ് പ്രവിശ്യയിലെ ഖൈർപുരിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം 13 അംഗങ്ങൾക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും എല്ലാവരും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് ഇവർ മരിച്ചതെന്ന് തെളിഞ്ഞു. തുടർന്നാണ് ഷെയ്‌സ്തയെ പോലീസ് ചോദ്യം ചെയ്തതെന്ന് മുതിര്ന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യകതമാക്കി .

ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. കാമുകനായ അമീറുമായുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതോടെയാണ് ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് ഷെയ്‌സ്ത പൊലീസിനോട് പറഞ്ഞു. വിഷം കൈമാറിയത് അമീറാണെന്നുള്ള ഷെയ്‌സ്തയുടെ മൊഴിയേത്തുടർന്ന് പോലീസ് ഇയാളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

പോലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് മകളും കാമുകനും ചേർന്ന് വീട്ടിൽ റൊട്ടി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഗോതമ്പിൽ വിഷം കലർത്തിയതാണെന്ന് തെളിഞ്ഞത്. ഇതേത്തുടർന്നാണ് ഞായറാഴ്ച പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.