പാരിസ്: ബ്രിട്ടീഷുകാരെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകാന്‍ എത്തിയ ഒരു ഈസി ജെറ്റ് വിമാനത്തില്‍ എയര്‍പോര്‍ട്ട് ലോറി ഇടിച്ചു കയറി അപകടം ഉണ്ടായി. പാരിസിലെ ഓര്‍ലി വിമാനത്താവളത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ഈസിജെറ്റിന്റെ എ 320 വിമാനത്തില്‍ വിമാനത്താവളത്തിലെ മഞ്ഞ ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു. പാരിസില്‍ നിന്നും റോമിലേക്കുള്ള വിമാനം അപകടത്തെ തുടര്‍ന്ന് യാത്ര റദ്ദാക്കി.

ഇന്നലെ ആറു സര്‍വ്വീസുകള്‍ നടത്താനിരുന്ന വിമാനമായിരുന്നു അത്. എന്നാല്‍, യാത്ര തുടരാനാകാത്തത്ര കേടുപാടുകള്‍ സംഭവിച്ചതിനാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. വിമാനത്തിന്റെ അടിഭാഗത്ത് വന്ന് ഇടിച്ച ലോറിയുടെ വിന്‍ഡ്ഷീല്‍ഡ് പൂര്‍ണ്ണമായും തകര്‍ന്നു.

വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍, ബ്രേക്ക് ചവിട്ടുന്നതിനു പകരം ഡ്രൈവര്‍ ആക്സിലറേറ്റര്‍ ചവുട്ടിയതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.