ലണ്ടന്‍: അവസാന രാജപദവിയും എടുത്തു കളഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരനില്‍ നിന്നും ആന്‍ഡ്രൂ മൗണ്ട്ബാറ്റന്‍ - വിന്‍ഡ്‌സര്‍ എന്ന സാധാരണക്കാരനിലേക്കുള്ള പതനം പൂര്‍ത്തിയായി. രാജകുമാരന്‍ എന്ന സ്ഥാനപ്പേര് ഉള്‍പ്പടെയുള്ള രാജപദവികളും സ്ഥാനങ്ങളും നേരത്തെ റദ്ദ് ചെയ്തപ്പോഴും ഓര്‍ഡര്‍ ഓഫ് ദി ഗാര്‍ട്ടറിലെ അംഗത്വം കളയാതെ നിലനിര്‍ത്തിയിരുന്നു. ഇന്നലെ - തിങ്കളാഴ്ച- ചാള്‍സ് മൂന്നാമന്‍ രാജാവ് അതുകൂടി ഔദ്യോഗികമായി റദ്ദ് ചെയ്തതോടെയാണ് മുന്‍ യോര്‍ക്ക് ഡ്യൂക്ക് തികച്ചും ഒരു സാധാരണ ബ്രിട്ടീഷ് പൗരന്റെ തലത്തിലേക്ക് വന്നത്.

ബ്രിട്ടനിലെ ധീരതക്കുള്ള ഏറ്റവും പുരാതനമായ ഓര്‍ഡര്‍ ആണ് ഓര്‍ഡര്‍ ഓഫ് ഗാര്‍ട്ടര്‍. 1348 ല്‍ എഡ്വേര്‍ഡ് മൂന്നാമന്‍ രാജാവാണ് ഇത് രൂപീകരിച്ചത്. ആന്‍ഡ്രുവിന്റെ മാതാപിതാക്കളായ എലിസബത്ത് രാജ്ഞിയേയും ഫിലിപ്പ് രാജകുമാരനെയും അടക്കം ചെയ്ത സെയിന്റ് ജോര്‍ജ്ജ് ചാപ്പലില്‍ നിന്നും ആന്‍ഡ്രുവിന്റെ കോട്ട് ഓഫ് ആംസ് ഇതിനോടകം തന്നെ നീക്കം ചെയ്തു കഴിഞ്ഞു. ആന്‍ഡ്രുവിന്റെ നൈറ്റ് ഓഫ് ഗ്രാന്‍ഡ് ക്രോസ്സ് ഒഫ് ദി റോയല്‍ വിക്‌റ്റോറിയ ഓര്‍ഡര്‍ പദവിയും ഇന്നലെ ഒരു ഗസറ്റ് നോട്ടിഫിക്കേഷനിലൂടെ റദ്ദ് ചെയ്തിട്ടുണ്ട്.

ആന്‍ഡ്രുവിന്റെ, വിന്‍ഡ്‌സറിലുള്ള റോയല്‍ ലോഡ്ജിലെ അവസാന ക്രിസ്ത്മസ് ആഘോഷമായിരിക്കും ഇത്തവണത്തേതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടു പിറകെയാണ് ഈ നീക്കം. അതായത്, പുതുവത്സര ദിനം വരെയെങ്കിലും ആന്‍ഡ്രു ഈ വീട്ടില്‍ തന്നെ താമസിക്കാനാണ് സാധ്യത. അതിന് ശേഷമായിരിക്കും സാന്‍ഡ്രിന്‍ഗാമിലേക്ക് രാജകീയ വനവാസത്തിനായി പോവുക. എന്നാല്‍, ആന്‍ഡ്രു ഇപ്പോഴും റോയല്‍ നേവിയിലെ ഒരു വൈസ് അഡ്മിറല്‍ ആണ്.

ഈ പദവിയില്‍ നിന്നും അദ്ദേഹത്തെ നീക്കം ചെയ്യാന്‍ സര്‍ക്കാരിന് മാത്രമെ കഴിയുകയുള്ളു. അതിനുള്ള അധികാരം രാജകുടുംബത്തിനോ രാജാവിനോ ഇല്ല. അതുകൊണ്ടു തന്നെ ആ പദവി കൂടി എത്രയും പെട്ടെന്ന് എടുത്തു കളയണമെന്ന് പ്രതിരോധ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കുട്ടി പീഢകനായ ജെഫ്രി എപ്സ്റ്റീനുമായുള്ള ആന്‍ഡ്രുവിന്റെ ബന്ധം പുറത്തു വന്നതോടെയാണ് അദ്ദേഹത്തിന് ശനിദശ ആരംഭിച്ചത്.