ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ തകർന്നു കിടന്ന ഹിന്ദു ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ പദ്ധതിയുമായി പാകിസ്ഥാൻ. ഇതിനായി 10 മില്യൺ രൂപ അനുവദിച്ചു. 64 വർഷമായി പ്രവർത്തനരഹിതമായി കിടക്കുന്ന ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനർനിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിന്റെ (ഇടിപിബി) കീഴിലാണ് ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണം നടക്കുന്നത്.

നരോവാളിലെ സഫർവാളിലാണ് ബാവോലി സാഹിബ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 1960ലാണ് ഈ ക്ഷേത്രം പ്രവർത്തനരഹിതമായത്. നിലവിൽ നരോവൽ ജില്ലയിൽ ഒരു ഹിന്ദു ക്ഷേത്രവുമില്ല. 1,453-ലധികം വരുന്ന ഹിന്ദു സമൂഹം അവരുടെ മതപരമായ ആചാരങ്ങൾ വീട്ടിലോ സിയാൽ കോട്ടിലെയും ലാഹോറിലെയും ക്ഷേത്രങ്ങളിലോ ആണ് നടത്താറുള്ളത്.

ഈക്കാര്യങ്ങൾ കൂടി വിലയിരുത്തിയാണ് പുനരുദ്ധാരണത്തിനായി പണം അനുവദിച്ചിരിക്കുന്നത്. ഇന്ത്യ- പാക് വിഭജനത്തിന് മുൻപ് നരോവൽ ജില്ലയിൽ 45 ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം കാലക്രമേണ നശിക്കുകയായിരുന്നു.

ബാവേലി സാഹിബ് ക്ഷേത്രത്തിന്റെ മേലുള്ള ഇടിപിബിയുടെ നിയന്ത്രണമാണ് അത് അടച്ചുപൂട്ടാൻ കാരണമായതെന്ന് പാക് ധർമ്മസ്ഥാൻ കമ്മിറ്റി മുൻ പ്രസിഡന്റ് രത്തൻ ലാൽ ആര്യ പറഞ്ഞു. കൂടാതെ, കഴിഞ്ഞ 20 വർഷമായി പാക് ധർമ്മസ്ഥാൻ കമ്മിറ്റി ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി രംഗത്തുണ്ടെന്നും രത്തൻ ലാൽ ആര്യ പറഞ്ഞു.

അതിർത്തി ഭിത്തി കെട്ടുന്നതിനാണ് പ്രാഥമിക പരിഗണന നൽകിയിരിക്കുന്നത്. പുനരുദ്ധാരണം പൂർത്തിയാകുന്നതോടെ ക്ഷേത്രം പാക് ധർമ്മസ്ഥാൻ കമ്മിറ്റിക്ക് കൈമാറും. ക്ഷേത്ര നിർമാണം പൂർത്തിയാകുന്നതോടെ ആചാരങ്ങൾ നടത്താൻ പ്രാപ്തമാകുമെന്നും, ഹിന്ദുസമൂഹത്തിന്റെ ദീ‌ർഘകാല ആവശ്യമായിരുന്നുവെന്നും ഇതെന്നും പാക് ധർമ്മസ്ഥാൻ കമ്മിറ്റി പ്രസിഡൻ്റ് സാവൻ ചന്ദ് പറഞ്ഞു. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നതിനായി സുപ്രീം കോടതിയുടെ ഏകാംഗ കമ്മീഷൻ അധ്യക്ഷൻ ഷോയിബ് സിദ്ദാൽ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം മൻസൂർ മസിഹ് എന്നിവർ പ്രധാന പങ്കുവഹിച്ചു.