ലണ്ടന്‍: ബി ബി സിയിലെ ഒരു അറബിക് പത്രപ്രവര്‍ത്തകന് 14,000 പൗണ്ടിലേറെ നഷ്ടപരിഹാരം വിധിച്ച കോടതി. ഒരു സഹപ്രവര്‍ത്തകന്റെ കമന്റ് ഇയാളെ സംസ്‌കാരശൂന്യനെന്ന് വിലയിരുത്താന്‍ ഇടയായി എന്നതിനാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്.

വംശഹത്യ ആരോപിച്ച് ദക്ഷിണാഫ്രിക്ക, അന്താരാഷ്ട്ര കോടതിയില്‍ ഇസ്രയേലിനെതിരെ നല്‍കിയ പരാതിയില്‍ ഇസ്രയേല്‍ കോടതിയോട് കള്ളം പറഞ്ഞു എന്ന് പരാമര്‍ശിക്കുന്ന ഒരു ട്വീറ്റ് റീപോസ്റ്റ് ചെയ്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ലണ്ടനിലെ എംപ്ലോയ്‌മെന്റ് ട്രൈബ്യൂണലാണ് നഷ്ടപരിഹാരം വിധിച്ചത്.

ഈ പോസ്റ്റിന് സഹപ്രവര്‍ത്തകന്‍ നല്‍കിയ കമന്റ് പരാതിക്കാരനായ അഹമ്മദ് റുവാബയുടെ വംശത്തെ പരാമര്‍ശിക്കുന്നതാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. അത് പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇടയുള്ളതും മറ്റുള്ളവരില്‍ അവമതിപ്പുണ്ടാക്കാന്‍ ഇടയുള്ളതുമാണെന്നും ട്രൈബ്യൂണല്‍ നിരീക്ഷിച്ചു. തുടര്‍ന്നാണ് അറേബ്യന്‍ വംശജനായ പത്രപ്രവര്‍ത്തകന് 14,246.40 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.