ലണ്ടന്‍: പെരുമാറ്റ ദൂഷ്യം ആരോപിക്കപ്പെട്ട മുതിര്‍ന്ന ബി ബി സി അവതാരകന്‍ ഗ്രെഗ് വാലസിനെ പുറത്താക്കി. ബി ബി സി ടെലിവിഷന്റെ അച്ചടക്ക സമിതി മേധാവി ക്ലെയര്‍ പോവെല്‍ ആണ് ഇക്കാര്യം കത്തിലൂടെ അദ്ദേഹത്തെ അറിയിച്ചത്. മാസ്റ്റര്‍ഷെഫില്‍ ഈ 60 കാരന് മേല്‍ ആരോപിക്കപ്പെട്ട പെരുമാറ്റ ദൂഷ്യവുമായി ബന്ധപ്പെട്ട പരാതിയിന്മെല്‍ അന്വേഷണ ശേഷമാണ് ഈ നടപടി.

വാലസിന്റെ ഓട്ടിസം പരിശോധനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിച്ചുവെങ്കിലും തൊഴിലിടത്തെ അനുയോജ്യമായതും അല്ലാത്തതുമായ പെരുമാറ്റങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് ബി ബി സി യുടെ തീരുമാനത്തില്‍ പറയുന്നു. 2019 ല്‍ ഇതുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയതിന് ശേഷവും വാലസ് പെരുമാറ്റരീതി മാറ്റാന്‍ തയ്യാറായില്ലെന്നും അതില്‍ ചൂണ്ടിക്കാട്ടുന്നു.

ആരോപണം ഉയര്‍ന്നതിനു ശേഷം മാസ്റ്റര്‍ഷെഫ് നിര്‍മ്മാതാക്കള്‍ നിയോഗിച്ച ലൂയിസ് സില്‍ക്കിന്‍സിന്റെ സ്വതന്ത്രാന്വേഷണ റിപ്പോര്‍ട്ട് ഇനിയും പ്രസിദ്ധപ്പെടുത്തിയിട്ടില്ല. എന്നാല്‍, ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒട്ടുമിക്കതിലും തന്നെ കുറ്റ വിമുക്തനാക്കിയിട്ടുണ്ട് എന്നാണ് വാലസ് അവകാശപ്പെടുന്നത്. എന്നാല്‍, അനുയോജ്യമല്ലാത്ത പല അഭിപ്രായ പ്രകടനങ്ങളും അദ്ദേഹം തുടര്‍ച്ചയായി നടത്തുന്നത് അന്വേഷണ സമിതി ഗൗരവത്തിലെടുത്തു. അത് പരോക്ഷമായി സമ്മതിക്കുന്ന രീതിയില്‍, തന്റെ നര്‍മ്മവും ഭാഷയും ചില സമയങ്ങളില്‍ അനുചിതമായിരുന്നു എന്ന് അദ്ദേഹം പ്രതികരിച്ചിട്ടുമുണ്ട്.