ദുബായ്: വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി. ദുബായ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു ഈ സംഭവത്തിൽ. മണിക്കൂറുകൾക്കകം ഡ്രൈവറെ അറസ്റ്റ് ചെയ്തു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലായിരുന്നു ബൈക്കുകാരന്റെ അഭ്യാസപ്രകടനം. ഇത് സ്വന്തവും മറ്റു റോഡ് ഉപയോക്താക്കളുടെയും സുരക്ഷിതത്വത്തിനു ഭീഷണിയാണെന്ന് പൊലീസ് പറഞ്ഞു.

7 മാസത്തിനിടെ 22,115 മോട്ടർസൈക്കിളുകാർ നിയമം ലംഘിച്ചതായി കണ്ടെത്തി. ഗുരുതര നിയമലംഘനം നടത്തിയ 858 ബൈക്കുകൾ കണ്ടുകെട്ടുകയും ചെയ്തു. മോട്ടർ സൈക്കിൾ അപകടങ്ങളിൽ 80% ഗുരുതര അപകടങ്ങളാണ്. നിയമ ലംഘകരെക്കുറിച്ച് 901 നമ്പറിലോ ദുബായ് പൊലീസ് സ്മാർട്ട് ആപ്പിലോ അറിയിക്കണമെന്നും അഭ്യർത്ഥിച്ചു.