വിയറ്റ്നാം: വിയറ്റ്നാമിൽ പക്ഷിപ്പനി വൈറസ് മൂലം മൃഗശാലയിൽ ചത്തത് 47 കടുവകൾ, 3 സിംഹങ്ങൾ, 1 പുള്ളിപ്പുലി യും. ഓഗസ്റ്റ്, സെപ്തംബർ മാസത്തിലാണ് പക്ഷിപ്പനി വൈറസ് കാരണം ഇത്രയധികം മൃഗങ്ങൾ ചത്തത് എന്നാണ് അധികൃതർ പറയുന്നത്. വിയറ്റ്നാമിലെ വിവിധ സ്വകാര്യ മൃഗശാലകളിലായാണ് വലിയ രീതിയിൽ എച്ച്5എൻ1 വൈറസ് മൃഗങ്ങൾ ചത്തൊടുങ്ങാൻ കാരണമായത്.

ബുധനാഴ്ചയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ലോംഗ് ആൻ പ്രവിശ്യയിലെ മൈ ക്വിൻ സഫാരി പാർക്ക്, ദോഗ് നായ് പ്രവിശ്യയിലെ വൂഓൺ സോയ് മൃഗശാല എന്നിവിടങ്ങളിലാണ് വലിയ രീതിയിൽ പക്ഷിപ്പനി വൈറസ് വ്യാപിച്ചിരിക്കുന്നത്.

മൃഗങ്ങൾക്ക് നൽകിയ ആഹാരത്തിലൂടെയാണ് വൈറസ് പടർന്നതെന്ന നിരീക്ഷണത്തിലാണ് അധികൃതരുള്ളത്. പക്ഷെ വൈറസ് ബാധയേക്കുറിച്ച് മൃഗശാല അധികൃതർ പ്രതികരിച്ചിട്ടില്ല.

നാഷണൽ സെന്റർ ഫോർ അനിമൽ ഹെൽത്ത് ഡയഗ്നോസിസിൽ നിന്ന് പുറത്ത് വന്ന സാംപിളുകളുടെ ഫലമാണ് വലിയ രീതിയിലുള്ള വൈറസ് ബാധയുടെ വിവരം പുറത്ത് കൊണ്ട് വന്നത്.

എച്ച്5എൻ1 വൈറസിന്റെ ടൈപ്പ് എ വിഭാഗത്തിലുള്ള വൈറസാണ് മൃഗശാലയിലെ ജീവികളെ ബാധിച്ചത് എന്നാണ് പരിശോധനയിൽ വ്യക്തമായത്. മൃഗങ്ങളെ പരിചരിച്ചതിന് പിന്നാലെ ശ്വാസ സംബന്ധിയായ തകരാറുകൾ നേരിട്ട ജീവനക്കാരെ ഇപ്പോൾ ഐസൊലേഷൻ ചെയ്തിരിക്കുകയാണ്.