ബെര്‍ലിന്‍: ചിലപ്പോഴൊന്നും അല്ലെന്നു തോന്നിപ്പിക്കുന്ന കലാസൃഷ്ടികള്‍ക്ക് ലേലമണ്ഡലത്തില്‍ അപ്രതീക്ഷിത മൂല്യം ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയാകുകയാണ് 'ബ്ലാങ്ക് കാന്‍വാസ്'. ലേലത്തില്‍ ചര്‍ച്ചക്കെത്തുന്ന ഈ ക്യാന്‍വാസ്, ഒറ്റനോട്ടത്തില്‍ ശൂന്യമാണെന്നു തോന്നിപ്പിക്കുന്നതാണെങ്കിലും അതിന്റെ അടിസ്ഥാനവില ഒന്‍പത് കോടിയാണ്.

അടുത്തിടെ ഭിത്തിയില്‍ ഒട്ടിച്ച വാഴപ്പഴം 52 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റുകിട്ടിയ വാര്‍ത്ത വലിയ കൗതുകമുണര്‍ത്തിയിരുന്നു. ചൈനീസ് വംശജനായ ഒരു അമേരിക്കന്‍ വ്യവസായി ഈ സൃഷ്ടി സ്വന്തമാക്കി. അതിന് പിന്നാലെ, 52 കോടി രൂപയുടെ ഈ വാഴപ്പഴം അദ്ദേഹം കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കലാലോകവും പൊതുസമൂഹവും വലിയ ചര്‍ച്ചകളിലേക്ക് നീങ്ങിയിരുന്നു.

'ബ്ലാങ്ക് കാന്‍വാസ്' ലേലത്തിന് തയ്യാറെടുക്കുമ്പോഴും സമാനമായ വിമര്‍ശനങ്ങളും സ്‌നേഹവും ഏറ്റുവാങ്ങുകയാണ്. ചിലര്‍ക്ക് ഇത് ശൂന്യതയുടെയും സമാധാനത്തിന്റെയും പ്രതീകമായി തോന്നുമ്പോള്‍, മറ്റുള്ളവര്‍ ഇതിനെ ലോകത്തിലെ ഏറ്റവും വലിയ തമാശയെന്നു വിശേഷിപ്പിക്കുന്നു.

ജനറല്‍ 52:52 എന്ന് പേരിട്ടിരിക്കുന്ന ഈ കാന്‍വാസ്, പ്രശസ്ത കലാകാരനായ റോബര്‍ട്ട് റൈമാന്‍ രൂപകല്പന ചെയ്തതാണ്. വെളുത്ത ഇനാമല്‍, എണ്ണപ്പണിയും ചായക്കൂട്ടങ്ങളും ചേര്‍ത്ത് ശീലമെനെയുള്ള പാളികളിലൂടെ ഇത് നിര്‍മ്മിച്ചതായി ലേല സ്ഥാപനം കെറ്ററര്‍ കുന്‍സ്റ്റ് വിശദീകരിക്കുന്നു. ഓരോ പാളിയിലും വലിയ ശ്രദ്ധയും കരുതലും ചെലവഴിച്ചാണ് ഈ കലാസൃഷ്ടി പിറന്നത്.

ലേലമണ്ഡലത്തിലെ വിദഗ്ധര്‍ ഇത് 13 കോടി രൂപ വരെ വിലമതിക്കും എന്നാണ് കരുതുന്നത്. വലിയ നിരീക്ഷണ ശേഷിയുള്ളവര്‍ക്കാണ് ഈ കാന്‍വാസ് ഒറ്റനോട്ടത്തില്‍ ശൂന്യമല്ലെന്നും അതിന് ഉള്ളിലുള്ള സൗന്ദര്യം കണ്ട് ആസ്വദിക്കാവുന്നതാണെന്നും പറയുന്നത്.

സമൂഹമാധ്യമങ്ങളില്‍ 'ബ്ലാങ്ക് കാന്‍വാസ്' വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. ഇത് ഒരു സാംസ്‌കാരിക പ്രതീകമാണോ, അതോ ഇണങ്ങാത്ത തമാശയാണോ എന്ന കാര്യത്തില്‍ അഭിപ്രായങ്ങള്‍ വിഭജിതമാണ്. '52 കോടി രൂപയ്‌ക്കൊരു വാഴപ്പഴം കഴിച്ചാല്‍ എന്താണ് കല?' എന്ന് ആരാഞ്ഞവര്‍ക്ക് 'ബ്ലാങ്ക് കാന്‍വാസ്' ഇനിയും ചോദ്യങ്ങള്‍ക്ക് വഴിയൊരുക്കും എന്നുറപ്പ്.