ലണ്ടന്‍: ഇതുവരെയും നല്‍കാത്ത വേതനത്തിനായി ഒരു ബ്രിട്ടീഷ് കെയര്‍ടേക്കര്‍ സൗദി രാജകുമാരനെതിരെ നല്‍കിയ വിധിയില്‍ അനുകൂലമായ വിധി വന്നിട്ടും ഇതുവരെ ഒരു പെന്‍സുപോലും ലഭിച്ചിട്ടില്ലെന്ന് പരാതി. കഴിഞ്ഞ ഏപ്രിലില്‍ ഫ്രാന്‍സിലെ കേസില്‍ മാര്‍ക്ക് ജെയിംസ് എന്ന 45 കാരന് 2 ലക്ഷം യൂറോ ( 1,71,000 പൗണ്ട്) നല്‍കാനായിരുന്നു വിധി വന്നത്. സൗദിയിലെ ഫഹദ് ബില്‍ സുല്‍ത്താന്‍ അല്‍ സൗദിനെതിരെയുള്ള കേസിലായിരുന്നു വിധി വന്നത്. 74 കാരനായ രാജകുമാരന്‍ 1962 മുതല്‍ 2011 വരെ സൗദിയുടെ പ്രതിരോധ മന്ത്രിയായിരുന്നു. നിലവില്‍ അദ്ദേഹം ടബുക് പ്രവിശ്യയുടെ ഗവര്‍ണറാണ്.

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയറിലെ ഹിറ്റ്ചിനില്‍ നിന്നുള്ള ജെയിംസ് ഇപ്പോള്‍ ഫ്രഞ്ച് റിവൈറയിലെ ആന്റിബെസിലാണ് താമസിക്കുന്നത്. പാരിസിലെ ആഡംബര മേഖലയിലുള്ള, രാജകുമാരന്റെ 3 നില കെട്ടിടം ഇയാളായിരുന്നു പരിപാലിച്ചിരുന്നത്. ഗ്യാസ് ബില്ലുകള്‍ നല്‍കാത്തതിനാല്‍ താന്‍ അവിടെ താമസിക്കുമ്പോള്‍ ചൂടുവെള്ളം ലഭിക്കാറില്ലായിരുന്നെന്ന് അയാള്‍ പറയുന്നു. അതുപോലെ ലിഫ്റ്റം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. അതുപോലെ പമ്പ് കേടായതിനാല്‍ സ്വിമ്മിംഗ് പൂളും ഉപയോഗശൂന്യമായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ പാരീസിലെ ഒരു ട്രിബ്യൂണലാണ് ജെയിംസിനെ, കാര്യമില്ലാതെ പിരിച്ചു വിട്ടതിന് നഷ്ടപരിഹാരമായി 2 ലക്ഷം യൂറോ നല്‍കാന്‍ വിധിച്ചത്.

സൗദി രാജകുമാരന്റെ ഉടമസ്ഥതയിലുള്ള സോഫിസി എന്ന കമ്പനി വഴി പണം നല്‍കാനായിരുന്നു ഉത്തരവ്. ഇതില്‍ ആദ്യഭാഗമായ 70,000 യൂറോ ഉടനെ നല്‍കണമെന്നും അല്ലെങ്കില്‍ പ്രതിദിനം 1000 യൂറോ വീതം പിഴയടക്കണമെന്നും ഉത്തരവില്‍ ഉണ്ടായിരുന്നിട്ടു കൂടി ഇതുവരെ ഒന്നും തന്നെ ലഭിച്ചിട്ടില്ല എന്നാണ് ജെയിംസ് പറയുന്നത്. സോഫിസി കമ്പനിയുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കാനോ അക്കൗണ്ട് മരവിപ്പിക്കാനോ അധികൃതര്‍ ശ്രമിക്കുന്നില്ല എന്നും ജെയിംസിന്റെ അഭിഭാഷകന്‍ ആരോപിക്കുന്നു. ഫഹദ് രാജകുമാരനില്‍ നിന്നും പണം ഈടാക്കാന്‍ ഫയല്‍ ചെയ്ത നിരവധി ലോ സ്യൂട്ടുകളില്‍ ഒന്നായിരുന്നു ഇതെന്നും ജെയിംസ് ചൂണ്ടിക്കാണിക്കുന്നു.