ബാഴ്‌സലോണ: വടക്കന്‍ സ്പെയിനില്‍ വെച്ചുണ്ടായ ദാരുണമായ അപകടത്തില്‍ ഒരു ബ്രിട്ടീഷ് കോടീശ്വരന്‍ കൊല്ലപ്പെട്ടു. ഭയചകിതയായ മകള്‍ നോക്കി നില്‍ക്കവെയാണ് അയാള്‍ മരണത്തിന് കീഴടങ്ങിയത്. തന്റെ വാടകയ്ക്ക് എടുത്ത ബി എം ഡബ്ല്യു മോട്ടോര്‍ബൈക്കില്‍ പോള്‍ ഗെരാര്‍ഡ് ടസ്റ്റെയ്ന്‍ എന്ന 62 കാരന്‍ റോഡിന്റെ തെറ്റായ വശത്തുകൂടി യാത്ര ചെയ്യവെയാണ് വാനുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. തൊട്ടു പുറകെ മറ്റൊരു ബൈക്കില്‍ വരികയായിരുന്ന ഇയാളുടെ മകള്‍ ഈ ദുരന്തത്തിന് ദൃക്സാക്ഷിയായി.

ലോഗ്രോണോ നഗരത്തിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായതെന്ന് പ്രാദേശിക പോലീസ് അറിയിച്ചു. തന്റെ പിതാവ് തെറ്റായ വശത്തേക്ക് ബൈക്ക് ഓടിക്കുന്നത് കണ്ട മകള്‍ കൈ വീശി മുന്നറിയിപ്പ് നല്‍കാന്‍ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു എന്നും പോലീസ് പറഞ്ഞു. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണോ തെറ്റായ വശത്തുകൂടി വാഹനമോടിച്ചത് എന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമെ പറയാനാകൂ എന്നും പോലീസ് പറഞ്ഞു.