ലണ്ടന്‍: ലേബര്‍ പാര്‍ട്ടി നേതാക്കള്‍ രൂപം കൊടുത്ത ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് അങ്ങേയറ്റം വംശീയത പരത്തുന്നതും ലൈംഗിക വിവേചനം പ്രദര്‍ശിപ്പിക്കുന്നതുമാണെന്ന് ആരോപിച്ച ഡയന്‍ അബോട്ട്, അതുമായി ബന്ധപ്പെട്ടവര്‍ പാര്‍ട്ടി വിട്ട് പോകണമെന്നും ആവശ്യപ്പെട്ടു. ഗ്രൂപ്പ് അംഗമായ രണ്ടാമത്തെ എം പി ഒളിവര്‍ റെയ്‌നും സസ്‌പെന്ദ് ചെയ്യപ്പെട്ടതോടെയാണ് മുതിര്‍ന്ന എം പിയായ അബോട്ട് ഇവര്‍ക്കെതിരെ പരസ്യമായി രംഗത്ത് വന്നത്. ആദ്യം സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത് മന്ത്രി കൂടി ആയിരുന്ന എം പി ആന്‍ഡ്രു ഗ്വയ്‌നിനെ ആയിരുന്നു. മെയില്‍ ഓണ്‍ ലൈന്‍ ആയിരുന്നു വാട്ട്‌സ്അപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തു കൊണ്ടുവന്നത്.

വാട്ട്‌സ്അപ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പോലീസ്, കുറ്റകൃത്യമല്ലാത്ത, എന്നാല്‍ വിദ്വേഷം പരത്തിയ സംഭവം എന്ന രീതിയിലാണ് പ്രാഥമികാന്വേഷണങ്ങള്‍ക്ക് ശേഷം അത് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പറഞ്ഞു. പ്രധാനമന്ത്രിയോടുള്ള ചോദ്യോത്തര വേളയില്‍ ഇരുപക്ഷത്തും ഇരുന്ന ആദ്യ കറുത്ത വര്‍ഗ്ഗക്കാരിയായ എം പി എന്ന പദവില്‍ ലഭിച്ച അബോട്ടിനെ അവഹേളിച്ചു കൊണ്ടായിരുന്നു സന്ദേശങ്ങള്‍ വാട്ട്‌സ്അപ് ഗ്രൂപ്പില്‍ വന്നത്.

ഇതില്‍ ഉള്‍പ്പെട്ട ഏതൊരു ലേബര്‍ പാര്‍ട്ടി നേതാവും പാര്‍ട്ടി പദവികളില്‍ നിന്നും ഒഴിയണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള വംശീയ- ലൈംഗിക വിവേചനങ്ങള്‍ നിറഞ്ഞ സന്ദേശങ്ങള്‍ ആധുനിക കാലത്ത് അനുവദിക്കാന്‍ കഴിയുന്നവയല്ല എന്നും അവര്‍ പറഞ്ഞിരുന്നു. രണ്ട് എം പിമാരെ സസ്‌പെന്‍ഡ് ചെയ്ത പാര്‍ട്ടി നടപടിയെ ന്യായീകരിച്ച അവര്‍ പക്ഷെ ഗ്വയിന്‍ ഇതില്‍ ഉള്‍പ്പെട്ടതില്‍ ദുഃഖമുണ്ടെന്നും അറിയിച്ചു.