ലണ്ടന്‍: വ്യാപാര കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി യു എ ഇ സന്ദര്‍ശിക്കുന്ന വേളയില്‍, കഴിഞ്ഞ 16 വര്‍ഷമായി യു എ ഇ ജയിലില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരന്റെ കാര്യത്തിലും ഇടപെടല്‍ നടത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറോട് അയാളുടെ കുടുംബവും രാഷ്ട്രീയ നേതാക്കളും അപേക്ഷിച്ചു. റെയ്ന്‍ കോര്‍ണേലിയസ് എന്ന ബിസിനസ്സുകാരനാണ് കഴിഞ്ഞ 16 വര്‍ഷമായി ദുബായ് ജയിലില്‍ കഴിയുന്നത്. 370 മില്യന്റെ തട്ടിപ്പു നടത്തി എന്ന ആരോപണത്തിലാണ് ഈ 70 കാരന്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നത്.

സര്‍ക്കാരില്‍ അഫിലിയേറ്റ് ചെയ്ത ദുബായ് ഇസ്ലാമിക് ബാങ്കില്‍ നിന്നും ഇയാള്‍ അനധികൃതമായി വായ്പ കൈവശപ്പെടുത്തി എന്നാണ് യു എ ഇ ആരോപിക്കുന്നത്. ജീവനക്കാര്‍ക്ക് കൈക്കൂലി നല്‍കിയാണത്രെ ഇയാള്‍ ഇത് നേടിയെടുത്തത്. എന്നാല്‍, ഈ തട്ടിപ്പ് ആരോപണം നീതീകരിക്കാന്‍ കഴിയാത്തതാണെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. കോര്‍ണേലിയസിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിനായി യു എ ഇ ഇയാളെ മനപ്പൂര്‍വ്വം ജയിലില്‍ അടയ്ക്കുകയായിരുന്നു എന്നാണ് മുന്‍ കണസര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഇയാന്‍ ഡന്‍കന്‍ സ്മിത്ത് പറയുന്നത്.

ജയിലിലെ ഫോണില്‍ നിന്നും തന്റെ സഹോദരി ഭര്‍ത്താവിന് പറഞ്ഞു കൊടുത്ത് എഴുതിച്ച, സ്റ്റാര്‍മര്‍ക്കുള്ള കത്തിലും ഇയാള്‍ മോചനത്തിനുള്ള സഹായം അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇടപെട്ട് യു എ ഇ അധികൃതരുമായി സംസാരിക്കണം എന്നാണ് ഇയാള്‍ അപേക്ഷിക്കുന്നത്. തന്റെ സ്വത്തുക്കള്‍, ഇപ്പോള്‍ ദുബായിലെ ഏറ്റവും മികച്ച ആവാസ കേന്ദ്രങ്ങളായെന്നും ആരോപിക്കപ്പെടുന്ന വായ്പയുടെ പതിന്മടങ്ങ് മൂല്യം അവയ്ക്കുണ്ടെന്നും കത്തില്‍ പറയുന്നു. അതേസമയം, സുതാര്യമായ ഒരു വിചാരണയ്ക്ക് ശേഷമാണ് ഇയാളെ ശിക്ഷിച്ചത് എന്നാണ് യു എ ഇ വക്താവ് ദി ടെലെഗ്രാഫിനോട് പ്രതികരിച്ചത്.