ന്യൂഡല്‍ഹി: കാനഡയിലെ ഹിന്ദു ക്ഷേത്രം തകര്‍ത്തു. എഡ്‌മോഷനിലെ ഹൈന്ദവ ക്ഷേത്രമാണ് തകര്‍ത്തത്. ചുമരുകളില്‍ ഗ്രാഫിറ്റി ഉപയോഗിച്ച് പെയിന്റ് ചെയ്തിട്ടുമുണ്ട്. ബാപ്‌സ് സ്വാമി നാരായണ്‍ ക്ഷേത്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കാനഡയിലെ ഹിന്ദുക്ഷേത്രങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് എം.പി ചന്ദ്ര ആര്യ കുറ്റപ്പെടുത്തി.

ഗ്രേറ്റര്‍ ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഖാലിസ്താന്‍ വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. ആക്രമണങ്ങളില്‍ ഹിന്ദുക്കള്‍ ആശങ്കയിലാണ് ഇതിനെതിരെ കനേഡിയന്‍ അന്വേഷണ ഏജന്‍സികള്‍ എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനേഡിയന്‍ പാര്‍ലമെന്റില്‍ ഉള്‍പ്പടെ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് വിശ്വഹിന്ദു പരിഷത് രംഗത്തെത്തി. തീവ്ര ആശയങ്ങള്‍ കാനഡയില്‍ വര്‍ധിക്കുന്നതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് വി.എച്ച്.പി ആവശ്യപ്പെട്ടു. ഇതാദ്യമായല്ല കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ ഉണ്ടാവുന്നത്.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷമാണ് കാനഡയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചത്. നിജ്ജാര്‍ വധത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ ആരോപിച്ചിരുന്നു.