ഒട്ടാവ: രാജ്യത്ത് കുടിയേറി പാര്‍ത്ത് പഠിക്കുന്ന വിദ്യാത്ഥികള്‍ക്ക് തിരിച്ചടിയായി വിദേശവിദ്യാര്‍ഥികള്‍ക്കുള്ള നിബന്ധനകള്‍ കടുപ്പിക്കാനൊരുങ്ങി കാനഡ. ഇതോടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ വര്‍ഷം തന്നെ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള പെര്‍മിറ്റ് 35 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചിട്ടുണ്ട്. രാജ്യത്തുള്ള താത്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കാനഡയുടെ ഇപ്പോഴത്തെ നീക്കം.

വിദേശ വിദ്യാര്‍ഥികളുടെ എണ്ണം അടുത്തവര്‍ഷം പത്ത് ശതമാനം വീണ്ടും കുറയ്ക്കുമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം പ്രസ്താവന നടത്തിയത്. രാജ്യത്തെ വിദേശ തൊഴിലാളികള്‍ക്കുള്ള നിയമങ്ങളിലും ഭേദഗതി വരുത്തുമെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. ഇതോടെ പുതിയ നിബന്ധനകള്‍ ഇന്ത്യയില്‍ നിന്നടക്കം കാനഡയിലേക്ക് കുടിയേറിയവരെ സാരമായി തന്നെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

വിദ്യാര്‍ഥി കുടിയേറ്റത്തിന് കൂച്ചുവിലങ്ങിടാനൊരുങ്ങി കാനഡ

രാജ്യത്തെ സാമ്പത്തിക രംഗത്തിന് കുടിയേറ്റം വളരെയേറെ സഹായകരമാണ്. പക്ഷെ അവസരം മുതലെടുക്കുന്നവരുടെ എണ്ണവും കുറവല്ല, ഇത് വലിയ തിരിച്ചടിയാണുണ്ടാക്കുന്നതെന്നും നടപടിയിലേക്ക് കടക്കാന്‍ ഇതാണ് കാരണമെന്നും ട്രൂഡോ വിശദീകരിച്ചു. ഇമിഗ്രേഷന്‍ വകുപ്പിന്റെ കണക്ക് പ്രകാരം 2023-ല്‍ 5,09,390 പേര്‍ക്കാണ് കാനഡ വിദ്യാഭ്യാസ പെര്‍മിറ്റ് നല്‍കിയത്. 2024 -ല്‍ ആദ്യ ഏഴ് ആഴ്ചകളില്‍ മാത്രം 1,75,920 പേര്‍ക്കാണ് സ്റ്റഡി പെര്‍മിറ്റ് നല്‍കിയിട്ടുള്ളത്. 2025-ല്‍ വിദ്യാഭ്യാസ പെര്‍മിറ്റിന്റെ എണ്ണം 4,37,000 ആയി കുറയ്ക്കാനാണ് കാനഡ തീരുമാനമെടുത്തിരിക്കുന്നത്.