ലണ്ടൻ: കമ്പസ്റ്റൻ എഞ്ചിനുകൾ ഉപയോഗിക്കുന്ന കാറുകൾ ഘട്ടം ഘട്ടമായി നിരോധിക്കുന്നതിനുള്ള തീരുമാനത്തിൽ നിന്നും യൂറോപ്യൻ യൂണിയൻ പിൻവലിഞ്ഞെങ്കിലും ബ്രിട്ടനിൽ അതുണ്ടാകും എന്നു തന്നെയാണ് ഗ്രാന്റ് ഷാപ്സ് നൽകുന്ന സൂചന. 2030 ഓടെ പുതിയ പെട്രോൾ- ഡീസൽ കാറുകളുടെ വില്പന നിരോധിക്കുന്നതിൽ ഉറച്ചുനിൽക്കാൻ തന്നെയാണ് ഷാപ്സിന്റെ തീരുമാനം. യൂറോപ്പ് ചെയ്യുന്നതെല്ലാം നമ്മളും പിന്തുടരണമെന്നില്ല എന്നായിരുന്നു ഇത് സംബന്ധിച്ച് അദ്ദേഹം പറഞ്ഞത്.

ജർമ്മനിയുടെ കഠിന ശ്രമത്തിനൊടുവിൽ സിന്തെറ്റിൽ ഇലക്ട്രോ ഫ്യൂവലിൽ ഓടുന്ന വാഹനങ്ങളെ 2035-ലെ നിരോധനത്തിൽ നിന്നും ഒഴിവാക്കാൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നു. ഇ-ഫ്യൂവലും കമ്പസ്റ്റൺ എഞ്ചിനകത്ത് എരിഞ്ഞടങ്ങി അന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ, അളവ് കുറവായിരിക്കും എന്നു മാത്രം.

ബ്രിട്ടൻ പക്ഷെ അതിന്റെ ലക്ഷ്യം 2030 ലേക്ക് ഉറപ്പിച്ചിരിക്കുകയാണെന്നും അതോടെ ശുദ്ധമായ പെട്രോളിലും ഡീസലിലും ഓടുന്ന വാഹനങ്ങളുടെ വില്പന നിരോധിക്കുമെന്നും ഷാപ്സ് പറഞ്ഞു. സർക്കാരിന്റെ പുതിയ പവർ റെവലൂഷനെ കുറിച്ച് പ്രധാനമന്ത്രി ഋഷി സുനകുമായി നടത്തിയ ചർച്ചകൾക്ക് ശേഷമായിരുന്നു അദ്ദേഹം ഇത് പറഞ്ഞത്. ഇ-ഫ്യൂവൽ വാഹനങ്ങൾക്ക് ഒഴിവ് അനുവദിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന 2035 ഓടെ ഫോസിൽ ഇന്ധനങ്ങളില്ലാത്ത വാഹനങ്ങൾ എന്ന ലക്ഷ്യത്തിൽ നിന്നും അവർ പിന്മാറുമ്പോൾ ഗ്രാൻഡ് ഷാപ്സ് അതിൽ ഉറച്ചു നിൽക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഫെയർ ഫ്യൂവൽ യു കെ സ്ഥാപകനായ ഹോവാർഡ് കോക്സ് പറയുന്നത്. അത് രാഷ്ട്രീയമായും സാമ്പത്തികമായും ആത്മഹത്യാ പരമായ ഒരു തീരുമാനമായിരിക്കും എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെലവേറിയ ഹരിത ആശയങ്ങൾക്ക് പിറകെ പാഞ്ഞ് സാമ്പത്തിക തകർച്ച വരുത്തിവയ്ക്കുന്നതിനു മുൻപായി സർക്കാർ അല്പം സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു സർക്കാർ ഊർജ്ജ രംഗത്തെ നയമാറ്റം ആലോചിക്കുവാൻ തുടങ്ങിയത്. എന്നാൽ, പൂർണ്ണമായും ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കികൊണ്ടുള്ള നയം ഗുണം ചെയ്യില്ല എന്നും ചില വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.