- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് മാസത്തിനിടെ പ്രാവുകൾക്ക് തീറ്റ നൽകിയത് ഒമ്പത് തവണ; മുന്നറിയിപ്പ് നൽകിയിട്ടും ആവർത്തിച്ചു; നിയമത്തോടുള്ള നിരന്തര അവഗണന; ഇന്ത്യക്കാരിക്ക് രണ്ട് ലക്ഷം രൂപ പിഴയിട്ട് സിംഗപ്പൂർ കോടതി

സിംഗപ്പൂർ: നിരോധനം ലംഘിച്ച് പ്രാവുകൾക്ക് ആവർത്തിച്ച് തീറ്റ നൽകിയതിന് 71 വയസ്സുകാരിയായ ഇന്ത്യൻ വംശജയ്ക്ക് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 ഇന്ത്യൻ രൂപ) പിഴ ചുമത്തി സിംഗപ്പൂർ കോടതി. സിംഗപ്പൂരിലെ ടോ പായോ ഹൗസിംഗ് എസ്റ്റേറ്റിൽ താമസിക്കുന്ന സൺമുഖനാഥൻ ഷംലയാണ് ശിക്ഷിക്കപ്പെട്ടത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഒമ്പത് തവണ ഇവർ പ്രാവുകൾക്ക് തീറ്റ നൽകിയതായി നാഷണൽ പാർക്സ് ബോർഡ് കണ്ടെത്തിയിരുന്നു. നിയമത്തോടുള്ള നിരന്തരമായ അവഗണനയാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു.
പൊതുജനാരോഗ്യം മുൻനിർത്തി സിംഗപ്പൂരിൽ പ്രാവുകൾക്ക് തീറ്റ നൽകുന്നത് കർശനമായി നിരോധിച്ചിട്ടുള്ള കാര്യമാണ്. സിംഗപ്പൂർ വന്യജീവി നിയമപ്രകാരമാണ് ഷംലക്കെതിരെ നടപടിയെടുത്തത്. നേരത്തെയും ഇതേ കുറ്റത്തിന് ഇവർക്ക് 1,200 ഡോളർ പിഴ ശിക്ഷ ലഭിച്ചിരുന്നു. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്ന് കോടതിയിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും, ഒരു മാസത്തിനുള്ളിൽത്തന്നെ ഇവർ വീണ്ടും പ്രാവുകൾക്ക് തീറ്റ നൽകിത്തുടങ്ങിയെന്ന് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
പ്രതിയുടെ പ്രായം പരിഗണിക്കുമ്പോഴും, ശിക്ഷാ നടപടി എന്ന നിലയിൽ വലിയൊരു തുക പിഴയായി നൽകേണ്ടത് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. തനിക്ക് ജോലിയില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടി പിഴ കുറയ്ക്കണമെന്ന് ഷംല കോടതിയിൽ അപേക്ഷിച്ചെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. തുടർന്ന്, പിഴത്തുക ഉടൻ അടയ്ക്കാൻ അവർ സമ്മതിച്ചു. അനിമൽസ് ആൻഡ് ബേർഡ്സ് ആക്ട് പ്രകാരം സിംഗപ്പൂരിൽ പ്രാവുകളെ വളർത്തുന്നതിനോ പ്രജനനം നടത്തുന്നതിനോ അഭയം നൽകുന്നതിനോ ലൈസൻസ് ആവശ്യമാണ്.


