ലണ്ടൻ: ജനിതകമാറ്റം സംഭവിച്ച പുതിയ കോവിഡ് വകഭേദം പിരോള, വരുന്ന ശൈത്യകാലത്ത് ആഞ്ഞടിച്ചേക്കുമെന്ന ആശങ്ക ശക്തമായതോടെ ഫ്ളൂ വാക്സിനൊപ്പം കോവിഡ് വാക്സിനും ഒരു മാസംമുൻപെ നൽകാൻ എൻ എച്ച് എസ് തീരുമാനിച്ചു. കെയർഹോം അന്തേവാസികൾക്കും അപകട സാധ്യത കൂടുതലുള്ളവർക്കുമുള്ള വാക്സിൻ വിതരണം നേരത്തെ നിശ്ചയിച്ചതിലും വേഗത്തിൽ നടക്കുമെന്ന് ആരോഗ്യ, സാമൂഹ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.

നേരത്തെ നിശ്ചയിച്ചതിലും ഒരു മാസം മുൻപായി സെപ്റ്റംബർ 11 മുതൽ ജി പി മാരും ഫാർമസികളും വാക്സിൻ നൽകി തുടങ്ങും. സാങ്കേതികമായി ബി എ 2.86 എന്ന് വിളിക്കുന്ന പിരോളയുടെ വ്യാപനം ശക്തമാകാൻ തുടങ്ങിയതോടെ, ഒരു മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി. രണ്ടാമത് ഒരു ബ്രിട്ടീഷുകാരനിൽ കൂടി ഈ വകഭേദത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

ശാസ്ത്രജ്ഞർ, പുതിയ വകഭേദത്തെ കുറിച്ചുള്ള പഠനം ത്വരിതപ്പെടുത്തിയ സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണ മേഖലക്ക് മേൽ ഒരു സമ്മർദ്ദം ഉണ്ടാകുന്നത് ഒഴിവാക്കുവാനായിട്ടാണ് സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നത്. ലോകം കോവിഡിനെ കണ്ടതുമുതലുള്ള ഏറ്റവും വ്യാപനശക്തിയുള്ള ഇനമായിട്ടാണ് ഇപ്പോൾ പിരോളയെ കണക്കാക്കുന്നത്. ആരോഗ്യ മന്ത്രി മറിയ കോൾഫീൽഡാണ് വാക്സിൻ നേരത്തെ നൽകുന്ന വിവരം പ്രഖ്യാപിച്ചത്.

വ്യക്തിഗത പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും, എൻ എച്ച് എസിന്റെ മേൽ അമിത ഭാരം ഉണ്ടാകുന്നത് തടയുവാനുമാണ് ഇപ്പോൾ വാക്സിൻ നൽകുന്നത് എന്ന് പറഞ്ഞ മന്ത്രി ഇതുവരെ വാക്സിൻ എടുക്കാത്തവർ ഉൾപ്പടെ, വാക്സിൻ എടുക്കാനുള്ള അറിയിപ്പ് ലഭിച്ചവർ എല്ലാവരും വാക്സിൻ എടുക്കണമെന്നും നിർദ്ദേശിച്ചു. വാക്സിൻ നൽകുക വഴി മറ്റൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത ഇല്ലാതെയാക്കാമെന്ന് യു കെ ഹെൽത്ത് ആൻഡ് സെക്യുരിറ്റി ഏജൻസി വക്താവും പറഞ്ഞു.

ഏറെ ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും നിലവിൽ ബി എ 2.86 എന്ന ഈ പുതിയ വകഭേദത്തെ കുറിച്ച് പരിമിതമായ അറിവുകൾ മാത്രമാണ് ശാസ്ത്രലോകത്തിന് ഉള്ളത്. ഇതിനെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുകയാണെന്നും, പുതിയ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് അതെല്ലാം സർക്കാരിനും പൊതുജനങ്ങൾക്കും ലഭ്യമാക്കുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.

അതേസമയം, രേഖപ്പെടുത്തിയതിലും വളരെയധികം പേർക്ക് ഈ വകഭേദം ബാധിച്ചിട്ടുണ്ടാവാം എന്നും ആശങ്കയുണ്ട്. വ്യാപകമായ കോവിഡ് പരിശോധന 2022മെയ് മാസത്തിൽ നിർത്തിയതിൽ പിന്നെ, വളരെ ചുരുക്കം ചിലർ മാത്രമെ സ്വയം രോഗ പരിശോധനക്കായി മുൻപോട്ട് വരുന്നുള്ളു. അതുകൊണ്ടു തന്നെ, രോഗ ബാധിതരുടെ എണ്ണവും കൃത്യമായി കണക്കാക്കാൻ ആകാത്ത സാഹചര്യമാണുള്ളത്. ഒ എൻ എസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത് ഓഗസ്റ്റ് 11 ന് അവസാനിച്ച ആഴ്‌ച്ചയിൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി 74 കോവിഡ് മരണങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ്.

തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 57.4 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ വകഭേദത്തിന്റെ വ്യാപനം കൂടുതൽ ഭീതിയുണർത്തുന്നത്. മാസ്‌ക് ധരിക്കൽ തുടങ്ങിയ കോവിഡ് കാല നിയന്ത്രണങ്ങളിൽ ചിലത് തിരികെ കൊണ്ടു വരണമെന്ന അഭിപ്രായവും പല കോണുകളിൽ നിന്നായി ഉയരുന്നുണ്ട്.