ലണ്ടൻ: ബ്രിട്ടനിലെ നിരവധി കമ്പനികൾ ഉപയോഗിക്കുന്ന പേ റോൾ സോഫ്റ്റ്‌വെയർ ആയ സെല്ലീസ് ഹാക്ക് ചെയ്യപ്പെട്ടതോടെ ബ്രിട്ടീഷ് എയർവേയ്സും ബൂട്ട്സും അടക്കമുള്ള കമ്പനികൾ പ്രതിസന്ധിയിലായിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ ഹാക്കർമാർ കൈവശപ്പെടുത്തി എന്നാണ് അറിയുന്നത്. ഇത് ബാധിച്ച ജീവനക്കാരെ വിവരമറിയിച്ചിട്ടുണ്ടെന്നും അവർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും ബ്രിട്ടീഷ് എയർവേയ്സ് അറിയിച്ചു.

ബൂട്ട്സിലെ ചില ജീവനക്കാരുടെ വ്യക്തിഗത ഡാറ്റകൾ അപഹരിക്കപ്പെട്ടതായി ബൂട്ട്സ് വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം സെർവറുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായി സേവനദാതാവ് അറിയിച്ചതായും ബൂട്ട്സ് വക്താവ് പറഞ്ഞു. ബ്രിട്ടനിൽ ഏകദേശം 50,000 ജീവനക്കാരാണ് ബൂട്ട്സിനുള്ളത്, ബ്രിട്ടീഷ് എയർവേയ്സിന് 30,000 ജീവനക്കാരും.

അതിനിടയിൽ ഫയൽ ട്രാൻസ്ഫർ ടൂൾ ആയ മൂവ് ഇറ്റ് ട്രാൻസ്ഫെറോൺ സുരക്ഷാ വീഴ്‌ച്ച ഉണ്ടായി എന്ന് സ്ഥിരീകരിച്ചതിന്റെ തൊട്ടടുത്ത ദിവസം, ഇതിന്റെ ഉപഭോക്താക്കളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടതായി യു എസ് സെക്യുരിറ്റി റിസർച്ചേഴ്സ് പറഞ്ഞു. പേര്, വിലാസം, നാഷണൽ ഇൻഷുറൻസ് നമ്പർ എന്നിവ ഉൾപ്പടെയുള്ള വിവരങ്ങളാണ് അപഹരിക്കപ്പെട്ടിരിക്കുന്നത് എന്ന് ടെലെഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തതും ടെലെഗ്രാഫ് ആയിരുന്നു.

ജനങ്ങൾ കൂടുതലായി ഡിജിറ്റൽ ഇടപാടുകളിലേക്ക് തിരിയുന്ന സാഹചര്യത്തിൽ സൈബർ ലോകത്ത് എവിടെയും ക്രിമിനലുകൾ കണ്ണുനട്ട് കാത്തിരിക്കുകയാണെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. സൈബർ സുരക്ഷ ഇനിയും വർദ്ധിപ്പിക്കേണ്ട ആവശ്യകതയിലേക്കും ഇത് വിരൽ ചൂണ്ടുന്നു.