ലണ്ടന്‍: ന്യൂഡല്‍ഹി റെഡ്‌ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പുതുക്കിയ മുന്നറിയിപ്പുമായി ബ്രിട്ടീഷ് വിദേശകാര്യ വകുപ്പ് രംഗത്തെത്തി. പതിമൂന്ന് പേര്‍ മരണമടയുകയും അനേകം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്‌ഫോടനത്തെ തുടര്‍ന്ന് ഇന്ത്യയുടെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സൂരക്ഷാഭീഷണി ഉള്ളതിനാലാണ് ഈ മുന്നറിയിപ്പെന്നും അവര്‍ പറയുന്നു.

ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ സന്ദര്‍ശനം അരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അടച്ചിട്ടിരിക്കുന്ന വാഗ - അട്ടാരി അതിര്‍ത്തി ഉള്‍പ്പടെയാണിത്. അതുപോലെ, പഹല്‍ഗാം, ഗുല്‍മാര്‍ഗ്, സോനാമാര്‍, ശ്രീനഗര്‍, ജമ്മു ശ്രീനഗര്‍ നാഷണല്‍ ഹൈവെ എന്നിവിടങ്ങളിലും യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശത്തിലുള്ളത്. എന്നാല്‍, ജമ്മുവിലേക്കും ജമ്മുവില്‍ നിന്നും വിമാനമാര്‍ഗം സഞ്ചരിക്കുന്നതിന് വിലക്കില്ല. അതുപോലെ ജമ്മു നഗരത്തിനുള്ളില്‍ സഞ്ചരിക്കുന്നതിനും വിലക്കില്ല. ഇംഫാല്‍ ഉള്‍പ്പടെ മണിപ്പൂരിന്റെ വിവിധ ഭാഗങ്ങളിലേക്കും അത്യാവശ്യമെങ്കില്‍ മാത്രമെ യാത്ര ചെയ്യാവൂ എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.