ലണ്ടൻ: പരിപാവനമായ ഒരു പ്രൊഫഷനെ പണം ഉണ്ടാക്കാൻ ദുരുപയോഗം ചെയ്യുന്ന ചില ഡോക്ടർമാരെങ്കിലും ഉണ്ട്. അത്തരത്തിൽ ഒരാൾ കൂടിയിതാ. കുട്ടികൾക്ക് കാൻസർ ആണെന്ന് പറഞ്ഞ് മാതാപിതാക്കളെ ഭയപ്പെടുത്തി തന്റെ സ്വകാര്യ ലാബിൽ സ്‌കാനുകളും മറ്റ് പരിശോധനകളും നടത്താൻ നിർബന്ധിതരാക്കി പണം തട്ടുന്ന അടവാണ് ധാർമ്മിക ബോധം തീരെയില്ലാത്ത ഈ ഡോക്ടർ എടുത്തത്.

കുട്ടികൾക്ക് കാൻസർ ലക്ഷണങ്ങൾ ഉണ്ടെന്ന് മാതാപിതാക്കളെ ബോധിപ്പിച്ച്, അവരെ എൻ എച്ച് എസിലേക്ക് അയയ്ക്കാതെ ലണ്ടനിലെ സ്വകാര്യ ലാബിൽ ചെലവേറിയ പരിശോധനകൾക്ക് വിധേയമാക്കുകയായിരുന്നു മീണ ചൗധരി എന്ന ഇന്ത്യൻ വംശജനായ ഡോക്ടർ. ഇത്തരത്തിൽ കെണിയിൽ അകപ്പെട്ട ഒരു കുടുംബത്തിന്റെ പരാതിയിൽ ആയിരുന്നു ഈ 45 കാരനെ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യുണൽ വിചാരണ ചെയ്തത്.

2017 കാലഘട്ടത്തിൽ നിരവധി തവണ ഇയാൾ അധാർമ്മികമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇയാളൂടെ പേര് മെഡിക്കൽ റെജിസ്റ്ററിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ, ട്രിബ്യുണലിന്റെ തീരുമാനത്തിനെതിരെ ഇയാൾ എഡിൻബർഗിലെ കോർട്ട് ഓഫ് സെഷനെ സമീപിച്ചു.

ട്രിബ്യുണൽ വിചാരണക്കിടയിൽ മീണയ്ക്ക് ഓട്ടിസം (എ എസ് ഡി) ഉണ്ടെന്ന് കണ്ടെത്തിയതായും അതിനാൽ തന്നെ അച്ചടക്ക നടപടികൾ റദ്ദാക്കി മറ്റൊരു പുതിയ ട്രിബ്യുണൽ കേസ് പരിശോധിക്കണം എന്നുമായിരുന്നു അയാളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ, മുതിർന്ന ജഡ്ജ് ലേഡി ഡോറെയ്ൻ ആ ആവശ്യം നിരാകരിക്കുകയായിരുന്നു. തന്നെ ബാധിച്ച ഓട്ടിസം വിചാരണ വേളയിൽ തെളിവുകൾ നൽകുന്നതിനെ സ്വാധീനിച്ചു എന്നും അത് ട്രിബ്യുണലിന്റെ വിലയിരുത്തലിൽ പ്രതിഫലിച്ചിരിക്കാം എന്നും മീണാ ചൗധരി വാദിച്ചു.

അതേസമയം, മീണാ ചൗധരിയിൽ ആരോപിക്കപ്പെട്ടിരിക്കുന്ന പെരുമാറ്റ ദൂഷ്യത്തിനും അനൈതികതക്കും ഈ രോഗ പരിശോധന ഫലവുമായി ബന്ധമില്ലെന്നായിരുന്നുജനറൽ മെഡിക്കൽ കൗൺസിൽ വാദിച്ചത്. തൊഴിലിൽ തീർത്തും അധാർമ്മികമായ രീതിയിൽ ഇയാൾ പ്രവൃത്തിച്ചിരുന്നതായി കണ്ടെത്തിയതായും കൗൺസിൽ കോടതിയെ ബോധിപ്പിച്ചു.

സാമൂഹിക സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ മീണയുടെ നടപടികൾ അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും,ട്രിബ്യുണലിന്റെ നടപടിക്കെതിരെ നിരത്തിയ വാദമുഖങ്ങൾക്ക് നിലനിൽപില്ലെന്നും കോടതി നിരീക്ഷിച്ചു. 1998-ൽ ഗ്ലാസ്ഗോ യൂണിവേഴ്സിറ്റിയിൽ നിന്നും യോഗ്യത നേടിയ ശേഷം നിരവധി പീഡിയാട്രിക് പോസ്റ്റുകളിൽ ഇയാൾ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് 2013-ൽ ആണ് ഇയാൾ എൻ എച്ച് എസ് ഫോർത്ത് വാലിയിൽ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജിയിൽ പൂർണ്ണ സമയ കൺസൾട്ടന്റ് ആകുന്നത്.

മൂന്ന് കുടുംബങ്ങളെയായിരുന്നു ഇയാൾ, കുട്ടികൾക്ക് കാൻസർ ഉണ്ടാകാം എന്ന് പറഞ്ഞ് ആശങ്കയുടെ മുൾ മുനയിൽ നിർത്തിയത്. ഈ കുടുംബങ്ങളെ എൻ എച്ച് എസ്സിൽ നിന്നും അകറ്റി സ്വകാര്യ ലാബുകളിലേക്ക് അയയ്ക്കുക മാത്രമല്ല, ഇയാൾ നിർദ്ദേശിക്കുന്ന ചികിത്സകൾ അവരുടെ ജി പി മാരുമായി ചർച്ച ചെയ്യരുതെന്നും ഇയാൾ നിർദ്ദേശിച്ചിരുന്നു. സാമ്പത്തിക ലാഭം മാത്രം ലാക്കാക്കിയായിരുന്നു ഇയാളുടെ പ്രവൃത്തികൾ എന്ന് കണ്ടെത്തിയ ട്രിബ്യുണൽ കഴിഞ്ഞ വർഷം ജൂലായിൽ ഇയാളുടെ റെജിസ്ട്രേഷൻ പൂർണ്ണമായും റദ്ദാക്കുകയായിരുന്നു.