ലണ്ടന്‍: രൂക്ഷഗന്ധമുയര്‍ത്തുന്ന ഉള്ളി, വെളുത്തുള്ളി എന്നിവയ്ക്കൊപ്പം ഹെറോയിന്‍, കൊക്കെയ്ന്‍, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകളുടെ ശതലക്ഷക്കണക്കിന് പൗണ്ട് മൂല്യം വരുന്ന പാക്കറ്റുകള്‍ കടത്തുന്ന യു കെയിലെ ഏറ്റവും വലിയ മയക്കുമരുന്ന് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി കോടതി വിധിച്ചത് 200 വര്‍ഷക്കാലത്തെ തടവ് ശിക്ഷ.

ബിഗ് ഫെല്ല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന 59 കാരനായ പോള്‍ ഗ്രീന്‍ നയിക്കുന്ന സംഘത്തിലെ 11 അംഗങ്ങള്‍ക്കാണ് ശിക്ഷ ലഭിച്ചത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വിചാരണക്കൊടുവിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നെതര്‍ലന്‍ഡ്‌സില്‍ നിന്നും നിയമപരമായി ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്കൊപ്പം ഈ സംഘം ഇതുവരെ കടത്തിയത് 7 ബില്യന്‍ പൗണ്ട് മൂല്യം വരുന്ന മയക്കു മരുന്നുകളാണ്.

കണക്കാക്കാന്‍ ആകാത്ത നാശങ്ങളാണ് ഇവരുടെ പ്രവൃത്തിമൂലം ഉണ്ടായിരിക്കുന്നതെന്ന് വിചാരണയ്ക്കിടെ ജഡ്ജി പറഞ്ഞു. നിരവധിപേരാണ് ഇവരുടെ പ്രവൃത്തി മൂലം മയക്കുമരുന്നിന് അടിമകളായതും ദുരിതങ്ങള്‍ അനുഭവിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. സാമൂഹ്യ അധപതനത്തിനും ചില കേസുകളില്‍ മരണത്തിനും വരെ ഇവരുടെ പ്രവൃത്തികള്‍ കാരണമായിട്ടുണ്ട്. രണ്ടാം ഘട്ട വിചാരണയ്ക്കൊടുവില്‍ ഈ സംഘത്തിലെ മൂന്ന് അംഗങ്ങള്‍ക്ക് കൂടി ഇന്നലെ ശിക്ഷ വിധിച്ചതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വന്നത്.

വില്‍ക്കാന്‍ സാധിക്കാത്തത്ര വലിയ അളവുകളിലായിരുന്നു ഈ സംഘം ഉള്ളിയും മറ്റ് പച്ചക്കറികളും വാങ്ങിക്കൂട്ടിയിരുന്നത്. വില്‍ക്കാതെ കൂട്ടിയിട്ട പച്ചക്കറികള്‍ ചീഞ്ഞു നാറാന്‍ തുടങ്ങിയതോടെകൗണ്‍സിലിന് നിരവധി പരാതികള്‍ ലഭിച്ചു. ചീഞ്ഞ പച്ചക്കറികള്‍ തിരികെ അയച്ച് പുതിയവ വാങ്ങാന്‍ എന്ന വ്യാജേന, ഈ പച്ചക്കറികള്‍ക്കൊപ്പമായിരുന്നു ഇവര്‍ മയക്കു മരുന്നുകള്‍ അയച്ചിരുന്നത്. 2015 നും 2018 നും ഇടയില്‍ മാത്രം 40 മില്യന്‍ പൗണ്ട് വരുന്ന മയക്കുമരുന്നുകള്‍ ഈ സംഘത്തില്‍ നിന്നും പിടിച്ചെടുത്തിരുന്നു.