ഗാറ്റ്വിക്: ബ്രിട്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തില്‍ നിന്നും ഈജിപ്തിലേക്ക് പോവുകയായിരുന്ന വിസ് എയര്‍ വിമാനത്തില്‍ മദ്യപിച്ച് ബഹളം കൂട്ടുകയും വിമാനം വഴിതിരിച്ച് ഗ്രീസില്‍ അടിയന്തിര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതയാക്കുകയും ചെയ്ത വനിതക്ക് 15,000 പൗണ്ട് പിഴ. പേരുവെളിപ്പെടുത്താത്ത, പ്രായം നാല്‍പതുകളുടെ അന്ത്യത്തിലെത്തിയ ഈ വനിത തന്റെ കുടുംബത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് വിമാനത്തിനകത്ത് വെച്ച് മദ്യപിച്ച് ലക്കുകെട്ട് ബഹളമുണ്ടാക്കിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ലണ്ടനിലെ ഗാറ്റ്വിക്കില്‍ നിന്നും റെഡ് സീ റിസോര്‍ട്ടായ ഹര്‍ഗാഡയിലേക്കായിരുന്നു ഇവരുടെ കുടുംബസമേതമുള്ള യാത്ര. യാത്രയിലുടനീളം മദ്യപിക്കുകയായിരുന്ന ഇവര്‍ ക്യാബിന്‍ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും, സീറ്റില്‍ അടങ്ങിയിരിക്കാന്‍ നല്‍കിയ നിര്‍ദ്ദേശം അവഗണിക്കുകയും ചെയ്തതായി മറ്റ് യാത്രക്കാര്‍ പറയുന്നു. മുന്നറിയിപ്പുകള്‍ അവഗണിക്കപ്പെട്ടതോടെ വിമാനം വഴി തിരിച്ച് ഗ്രീസിലെ ഏഥന്‍സ് വിമാനത്താവളത്തില്‍ അടിയന്തിരമായി വിമാനമിറക്കാന്‍ ക്യാപ്റ്റന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.