ദുബായ്: എമിറേറ്റിന്റെയും സര്‍ക്കാരിന്റെയും ഔദ്യോഗിക ചിഹ്നങ്ങളും ലോഗോയും ഇനി മുതല്‍ അനുവാദമില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല. ഔദ്യോഗിക ചിഹ്നത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം ദുബായില്‍ പ്രാബല്യത്തില്‍ വന്നതോടെയാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതുപ്രകാരം പരസ്യം ചെയ്യല്‍, ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ വാണിജ്യ ആവശ്യങ്ങള്‍ക്കായി ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക ലോഗോകള്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോഗോയെ ഏതെങ്കിലും വിധത്തില്‍ മോശമായി ചിത്രീകരിക്കുകയോ അതിനെ വളച്ചൊടിക്കുന്നതോ അതിന്റെ മൂല്യത്തെയോ നിലയെയോ ദോഷകരമായി ബാധിക്കുന്നതോ ആയ എന്തെങ്കിലും ഉപയോഗിക്കുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്. ദുബായ് എമിറേറ്റിന്റെ ഔദ്യോഗിക ലോഗോ സ്ഥലങ്ങള്‍, ഇവന്റുകള്‍, രേഖകള്‍, മുദ്രകള്‍ എന്നിവയില്‍ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാന്‍ അനുമതിയുണ്ട്.

മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ലോഗോകള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകള്‍ ലംഘിച്ച് ദുബായ് എമിറേറ്റിന്റെയും ദുബായ് സര്‍ക്കാരിന്റെയും ലോഗോകള്‍ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അക്കാര്യം യോഗ്യതയുള്ള അധികാരികളെ നിര്‍ബന്ധമായും അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ ശക്തമായ ശിക്ഷാ നടപടികളും അധികൃതര്‍ കൈക്കൊള്ളും.

നിയമം ലംഘിക്കുന്ന ഏതൊരാള്‍ക്കും 5 വര്‍ഷം വരെ തടവോ ഒരു ലക്ഷം ദിര്‍ഹം മുതല്‍ അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്ന് നിയമം അനുശാസിക്കുന്നു. അനുമതി നേടാതെ ലോഗോ ഉപയോഗിക്കുന്നവര്‍ 30 ദിവസത്തിനുള്ളില്‍ അത് നീക്കം ചെയ്യണമെന്നും നിയമം ആവശ്യപ്പെടുന്നു.