ലണ്ടന്‍: 'ക്രൂര'മായ കുടിയേറ്റ നയത്തിന്റെ ഇരകളാകുന്നത് നിഷ്‌കളങ്കരായ കുട്ടികളാണെന്ന് അതിനെ നിശിതമായി വിമര്‍ശിക്കുന്നവര്‍ തുറന്നു പറയുന്നു. 2024 ഏപ്രിലിലെ സ്ഥിതി അനുസരിച്ച്, ഒരു ബ്രിട്ടീഷ് പൗരനോ അതല്ലെങ്കില്‍ ഇവിടെ സ്ഥിരതാമസമാക്കിയ വ്യക്തിയോ തന്റെ പങ്കാളിയേയും കുടുംബത്തെയും ബ്രിട്ടനിലേക്ക് കൊണ്ടു വരണമെങ്കില്‍ ചുരുങ്ങിയത് പ്രതിവര്‍ഷം 29,000 പൗണ്ട് വരുമാനം ഉള്ളവര്‍ ആയിരിക്കണം. നേരത്തെ ഈ ചുരുങ്ങിയ വരുമാന പരിധി 18,000 പൗണ്ട് ആയിരുന്നു.

ഈ നിയമം മൂലം വിഭജിക്കപ്പെട്ടുപോയ കുടുംബത്തിലെ കുട്ടികള്‍ വിവരിക്കാന്‍ ആകാത്ത വിധം സമ്മര്‍ദ്ദവും, ദുഃഖവും, ഏകാന്തതയും, ഉത്ക്കണ്ഠയും അനുഭവിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കുട്ടികളുടെ മാനസികാരോഗ്യ നിലവരാത്തില്‍ ചെലുത്തുന്ന വിപരീത സാധീനം തെല്ലൊന്നുമല്ലെന്നും അവര്‍ പറയുന്നു. നിലവിലെ ലേബര്‍ സര്‍ക്കാര്‍ ഈ നയം പുനഃപരിശോധിക്കുന്നതിനായി ഒരു സ്വതന്ത്ര സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ കാര്യങ്ങള്‍ വിശദമായി വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.

കുടിയേറ്റം നിയന്ത്രിക്കുന്നതിനായി മുന്‍ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നയങ്ങളുടെ ഭാഗമായിരുന്നു ഇതും. സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വരുമാന പരിധിയും ഉയര്‍ത്തിയിരുന്നു. ഈ വര്‍ദ്ധനവുകള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ പരാതിയില്‍ 1 ലക്ഷം പേരിലധികം ഒപ്പിട്ടതോടെ ഇക്കാര്യം കഴിഞ്ഞ തിങളാഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്കെടുത്തിരുന്നു. ബ്രിസ്റ്റോള്‍ സെന്‍ട്രലില്‍ നിന്നുള്ള എം പിയും ഗ്രീന്‍ പാര്‍ട്ടി സഹനേതാവുമായ കാര്‍ല ഡെന്യര്‍ പാര്‍ലമെന്റില്‍ പറഞ്ഞത് തന്റെ നിയോജകമണ്ഡലത്തില്‍ നിന്നുള്ള നൂറുകണക്കിന് ആളുകള്‍ ഈ പരാതിയില്‍ ഒപ്പിട്ടിട്ടുണ്ട് എന്നാണ്.

ഈ വര്‍ദ്ധനവിനെ അവര്‍ വിശേഷിപ്പിച്ചത് പ്രണയത്തിന് മേല്‍ സര്‍ക്കാര്‍ ചുമത്തിയ നികുതി എന്നാണ്. ജനങ്ങള്‍ക്കെതിരെ വിവേചനം പ്രകടപ്പിക്കുന്ന ഒരു വൃത്തികെട്ട നയമാണിതെന്നും അവര്‍ പറഞ്ഞു. ആരെ പ്രണയിക്കണം, എത്രമാത്രം പണം സമ്പാദിക്കണം എന്നെല്ലാം ഭരണകൂടം തീരുമാനിക്കുന്ന സാഹചര്യം നല്ലതല്ലെന്നും അവര്‍ വ്യക്തമാക്കി. മാത്രമല്ല, ഈ നയം വഴി കുടുംബത്തോടൊപ്പം ഒത്തു ചേരല്‍ ധനികര്‍ക്ക് മാത്രം സാധ്യമാകുന്ന സാഹചര്യവും ഉണ്ടായി.

അതേസമയം കുടിയേറ്റവുമായി ബന്ധപ്പെട്ട് ഒരു ധവള പത്രം ഈ വര്‍ഷം അവസാനം സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുമെന്ന് ചാന്‍സലര്‍ റേയ്ച്ചല്‍ റീവ്‌സ് ഡാവോസില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പറഞ്ഞു. ഒപ്പം സ്‌കില്‍ഡ് വിസയുമായി ബന്ധപ്പെട്ട നയങ്ങള്‍ പുനഃപരിശോധിക്കുമെന്നും അവര്‍ വ്യക്തമാക്കി.