മ്യൂണിക്: ജര്‍മ്മനിയിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നായ മ്യൂണിക് വിമാനത്താവളത്തില്‍ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുവാനായി, നാടുകടത്തല്‍ കേന്ദ്രം തുറക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. പ്രതിദിനം നൂറ് അനധികൃത കുടിയേറ്റക്കാരെ വീതം നാടുകടത്താന്‍ ഇത് സൗകര്യമൊരുക്കും. അഞ്ചേക്കര്‍ സഥലത്ത് ഒരു രണ്ട് നില കെട്ടിടമാകും പണിയുക. 2027 ഓടെ ഇതിന്റെ പണി പൂര്‍ത്തിയാകും. ബവേറിയ മേഖലയില്‍ നിന്നും നാടുകടത്തല്‍ ഉത്തരവ് ലഭിച്ച്, ഇപ്പോഴും നാടുകടത്താനാകാതെയിരിക്കുന്ന 24,000 പേരെ നാടുകടത്താന്‍ ഈ സൗകര്യം ഉപയോഗിക്കും. ജര്‍മനിയുടെ ഫെഡറല്‍ പോലീസിനായിരിക്കും ഈ കേന്ദ്രത്തിന്റെ ചുമതല എന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബവേറിയ സ്റ്റേറ്റ് പോലീസിന്റെ 300 ഉദ്യോഗസ്ഥരും, 145 സുരക്ഷാ ഗാര്‍ഡുകളും, മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള 90 ഉദ്യോഗസ്ഥരും ഇവിടെയുണ്ടാകും. നാടുകടത്തല്‍ കേന്ദ്രം എന്നതിനു പുറമെ, വിമാനം വഴി ജര്‍മ്മനിയിലെത്തുന്ന അഭയാര്‍ത്ഥികളുടെ അഭയാപേക്ഷകള്‍ പരിഗണിക്കുന്നതിനും ഈ കേന്ദ്രം ഉപയോഗിക്കും. അതുവഴി, നാടുകടത്തല്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും നടത്താനാകും എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍, ഈ പദ്ധതിക്ക് പല കോണുകളില്‍ നിന്നും എതിര്‍പ്പുകള്‍ വരുന്നതിനാല്‍, ഇതിന്റെ ഭാവി എന്താകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.