ഷിക്കാഗോ: 2021 ല്‍ ഒരു വയസ്സുള്ളപ്പോള്‍ കാണാതായ കുഞ്ഞിനെ മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തി. ഇപ്പോള്‍ 4 വയസ്സുള്ള ബ്ലെസ്സിംഗ് വാസ്സൊ എന്ന പെണ്‍കുട്ടി 2021 നവംബര്‍ 5 ന് ആയിരുന്നു അമ്മ, എറിക എഫ്രേമിനൊപ്പം അപ്രത്യക്ഷയായത്. ഷിക്കാഗോയിലെ ബ്രൈറ്റണ്‍ പാര്‍ക്ക് ഫെസിലിറ്റിയില്‍ നിരീക്ഷണത്തിലുള്ള ഒരു സന്ദര്‍ശനത്തിലായിരുന്നു അവര്‍ അപ്പോള്‍. ഇല്ലിനോയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് ഫാമിലി സര്‍വീസസിനായിരുന്നു (ഡി ഐ എഫ് എസ്) ആ സമയം കുഞ്ഞിന്റെ നിയമപരമായ ചുമതലയുണ്ടായിരുന്നത്.

അന്ന് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയെങ്കിലും സാവധാനം ആ കേസ് മറവിയിലേക്ക് ആണ്ടു പോവുകയായിരുന്നു. പിന്നീട് കഴിഞ്ഞ വസന്തകാലത്ത് ഷിക്കാഗോ പോലീസ് വീണ്ടും ഈ കുഞ്ഞിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബുള്ളറ്റിന്‍ പ്രസിദ്ധപ്പെടുത്തിയതോടെയാണ് കേസ് സജീവമായത്. അമ്മയും കുഞ്ഞും കാലിഫോര്‍ണിയയിലേക്കോ ടെക്സാസിലേക്കോ പോയിരിക്കാമെന്നായിരുന്നു അനുമാനം. എന്നാല്‍, ഈ മാസം ഷിക്കാഗോ പോലീസ് അവരെ ഷിക്കാഗോയില്‍ തന്നെയുള്ള ഒരു വീട്ടില്‍ കണ്ടെത്തുകയായിരുന്നു.