ധാക്ക: ഭൂമി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ച് ബംഗ്ലാദേശ് കോടതി. ഇതേ കേസില്‍ ധാക്കയിലെ സ്പെഷ്യല്‍ ജഡ്ജിസ് കോടതി-4 ലെ ജഡ്ജി എംഡി റബിയുള്‍ ആലം, ഹസീനയുടെ സഹോദരി ഷെയ്ഖ് റെഹാനയ്ക്ക് ഏഴ് വര്‍ഷത്തെ തടവും അനന്തരവള്‍ ബ്രിട്ടീഷ് പാര്‍ലമെന്റേറിയന്‍ തുലിപ് സിദ്ദിഖിന് രണ്ട് വര്‍ഷത്തെ തടവും വിധിച്ചതായി ദി ഡെയ്ലി സ്റ്റാര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. അഴിമതി വിരുദ്ധ കമീഷന്‍ (എസിസി) ഫയല്‍ ചെയ്ത അഴിമതി കേസുകളില്‍ ഹസീന ഉള്‍പ്പെട്ട നാലാമത്തെ വിധിയാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പര്‍ബച്ചല്‍ ന്യൂ ടൗണ്‍ പദ്ധതി പ്രകാരം പ്ലോട്ടുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ആരോപിച്ച് ജനുവരി 12 നും 14 നും ഇടയില്‍ ധാക്ക ഇന്റഗ്രേറ്റഡ് ഡിസ്ട്രിക്റ്റ് ഓഫീസ് -1 ല്‍ ആറ് വ്യത്യസ്ത കേസുകളാണ് എസിസി ഫയല്‍ ചെയ്തത്.

മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന്, ഹസീനയും മകന്‍ സജീബ് വാസദ് ജോയ്, മകള്‍ സൈമ വാസദ് പുട്ടുള്‍ എന്നിവരുള്‍പ്പെടെയുള്ള ബന്ധുക്കളും പുര്‍ബച്ചല്‍ ന്യൂ ടൗണ്‍ പ്രോജക്റ്റിന്റെ സെക്ടര്‍ 27 ലെ നയതന്ത്ര മേഖലയില്‍ 7,200 ചതുരശ്ര അടി വീതമുള്ള ആറ് പ്ലോട്ടുകള്‍ നിയമവിരുദ്ധമായി സ്വന്തമാക്കിയതായി ധാക്ക ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.