ലണ്ടന്‍: ബ്രിട്ടനിലെ ഏറ്റവും തിരക്കേറിയ വേനല്‍ക്കാല ദിവസമാകും എന്ന് കരുതിയിരുന്ന ഇന്നലെ ഹീത്രൂ വിമാനത്താവളത്തില്‍ ആകെ അലങ്കോലമാവുകയായിരുന്നു. വിമാനത്താവളത്തിലെ ടെര്‍മിനലില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുകയും, വിമാനത്താവളത്തിലേക്കുള്ള പ്രധാന മോട്ടോര്‍വേ അടച്ചിടുകയും ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കുകയും ചെയ്തു. വേനലവധി തുടങ്ങിയതിനാല്‍, നിരവധി കുടുംബങ്ങളായിരുന്നു ഇന്നലെ ലണ്ടനിലെ ഹീത്രൂവിലേക്കും, ഗാറ്റ്വിക്കിലേക്കും, സ്റ്റാന്‍സ്റ്റഡിലേക്കുമൊക്കെ വിമാനം കയറാനായി എത്തിയത്.

അതിനിടയിലാണ് ഹീത്രൂ വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 ല്‍ ഫയര്‍ അലാം മുഴങ്ങിയത്. ഇതേ തുടര്‍ന്ന് ടെര്‍മിനലിന്റെ ഒരു ഭാഗത്തു നിന്നും ആളുകളെ ഒഴിപ്പിക്കുകയായിരുന്നു. ഇതോടെ പാസ്സ്‌പോര്‍ട്ട് പരിശോധനയ്ക്കായി ദീര്‍ഘനേരം കാത്തിരിക്കേണ്ടി വന്നതായി യാത്രക്കാര്‍ പറയുന്നു. രാവിലെ 11 മണിയോടെയാണ് അലാം മുഴങ്ങിയത്. തുടര്‍ന്ന് ജീവനക്കാരെത്തി, അവിടെയുണ്ടായിരുന്നവരെ സുരക്ഷാ കാരണങ്ങളാല്‍ താത്ക്കാലികമായി ഒഴിപ്പിക്കുകയായിരുന്നു. പല യാത്രക്കാര്‍ക്കും രണ്ട് മണിക്കൂര്‍ വരെ കാത്തുനില്‍ക്കേണ്ടി വന്നതായി പറയുന്നു.

ഏതായാലും, കുറച്ച് നേരത്തിന് ശേഷം ആളുകളെ ടെര്‍മിനല്‍ 3 യില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കി. ഇക്കാര്യം വിശദമായി അന്വേഷിക്കുകയാണെന്ന് പറഞ്ഞ വിമാനത്താവളാധികൃതര്‍, യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്നലെ, റോഡ് മാര്‍ഗം 27 ലക്ഷം യാത്രകള്‍ നടന്നതായി കണക്കുകള്‍ പറയുന്നു. പലയിടങ്ങളിലും അമിത തിരക്ക് മൂലമുള്ള ഗതാഗത കുരുക്കുകളും ഉണ്ടായി.