സന: ചാരപ്രവര്‍ത്തനം ആരോപിക്കപ്പെട്ട 17 പേരെ യെമനിലെ ഹൂതി കോടതിവധശിക്ഷയ്ക്ക് വിധിച്ചു. തലസ്ഥാന നഗരിയായ സനയിലെ പ്രത്യേക ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. വധശിക്ഷ വിധിക്കപ്പെട്ടവര്‍ 'അമേരിക്കന്‍, ഇസ്രായേലി, സൗദി എന്നീ രാജ്യങ്ങളുടെ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഒരു ചാര ശൃംഖലയിലെ സെല്ലുകളില്‍' ഉള്‍പ്പെട്ടവരായിരുന്നുവെന്ന് കോടതി പറഞ്ഞു, പരസ്യമായി വെടിവയ്പ്പ് നടത്തിയാണ് വധശിക്ഷ നടപ്പാക്കുക.

ഒരു പുരുഷനും സ്ത്രീക്കും 10 വര്‍ഷം തടവും കോടതി വിധിച്ചു. മറ്റൊരു പ്രതിയെ കുറ്റവിമുക്തനാക്കിയതായും യമന്‍ വാര്‍ത്താ ഏജന്‍സിയായ സബ റിപ്പര്‍ട് ചെയ്തു. സൗദി അറേബ്യ, ബ്രിട്ടന്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായും ഇസ്രായേലിന്റെ മൊസാദ് ഇന്റലിജന്‍സ് സര്‍വീസുമായും പ്രതികള്‍ സഹകരിച്ചുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, ഐക്യരാഷ്ട്രസഭയിലെയും അന്താരാഷ്ട്ര സഹായ ഗ്രൂപ്പുകളിലെയും വിദേശ എംബസികളിലെയും ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ചാര പ്രവര്‍ത്തന ആരോപണം ഉന്നയിച്ചിരുന്നു.