വാഷിംഗ്ടണ്‍: കൂടുതല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ ഇറക്കുമതി ചുങ്കം കുറയ്ക്കുകയും നിയന്ത്രണ പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയും വേണമെന്ന് ലോക ബാങ്കിന്റെ റിപ്പോര്‍ട്ട്. അമേരിക്ക തീരുവ കുറയ്ക്കണമെന്ന ആവശ്യം ശക്തമാക്കുമ്പോഴാണ് ലോകബാങ്ക് ഈ ആവശ്യം ഉന്നയിക്കുന്നത്. 2047-ഓടെ ഇന്ത്യ ഉയര്‍ന്ന വരുമാനമുള്ള രാജ്യമാകണമെങ്കില്‍, പ്രതിശീര്‍ഷ വരുമാനം ഇപ്പോഴുള്ളതിന്റെ എട്ടിരട്ടിയോളം വളരണമെന്നും റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

ഇന്ത്യയുടെ ദേശീയ പ്രതിശീര്‍ഷ വരുമാനം (ജിഎന്‍ഐ) 2023ല്‍ 2,540 യുഎസ് ഡോളറാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. ഉത്പാദനക്ഷമതയും സാമ്പത്തിക വിപുലീകരണവും വര്‍ധിപ്പിക്കുന്നതില്‍ വ്യാപാരത്തോടുള്ള തുറന്ന മനോഭാവം പ്രധാന പങ്കുവഹിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ദശാബ്ദം മുന്പുള്ളതിനേക്കാള്‍ ഇന്ത്യയില്‍ കുറഞ്ഞ വ്യാപാരമാണ് നടക്കുന്നത്.

സേവന കയറ്റുമതിയില്‍, പ്രത്യേകിച്ച് ഐടിയിലും ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗിലും (ബിപിഒ) രാജ്യം മികച്ച പ്രകടനം കാഴ്ചവച്ചപ്പോള്‍, സമ്പദ് ്വ്യവസ്ഥയിലെ മൊത്തത്തിലുള്ള വ്യാപാര വിഹിതം കുറഞ്ഞു.

2023ല്‍, ഇന്ത്യയുടെ ജിഡിപിയില്‍ ചരക്ക് സേവന കയറ്റുമതി, ഇറക്കുമതി എന്നിവയുടെ പങ്ക് 46% ആയിരുന്നു. ഇത് 2012ലെ ഏറ്റവും ഉയര്‍ന്ന 56%-ത്തേക്കാള്‍ കുറവാണ്. താരതമ്യേന ഉയര്‍ന്ന ഇറക്കുമതി തീരുവകള്‍-പ്രത്യേകിച്ച് ഇന്റര്‍മീഡിയറ്റ്, ക്യാപിറ്റല്‍ ഗുഡ്‌സ്- തീരുവ ഇതര തടസങ്ങള്‍ക്കൊപ്പം, വ്യാപാരച്ചെലവ് ഉയര്‍ത്തിയതായി ലോകബാങ്ക് ചൂണ്ടിക്കാട്ടി. ഇത്, ഗ്ലോബല്‍ വാല്യു ചെയിന്‍ (ജിവിസി) സന്പൂര്‍ണമായി സംയോജിപ്പിക്കുന്നത് ഇന്ത്യക്ക് ബുദ്ധിമുട്ടുണ്ടാക്കി.